വിയറ്റ്നാമിൽ വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ചെളി നിറഞ്ഞ നെൽപ്പാടത്തേക്ക് മറിഞ്ഞു. മഴയെ തുടർന്നുണ്ടായ അപകടത്തിൽ വധു പൂർണ്ണമായി ചെളിയിൽ മുങ്ങിയെങ്കിലും ആർക്കും ഗുരുതര പരിക്കുകളില്ല.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വിവാഹദിനത്തിൽ നവദമ്പതികൾക്ക് അപ്രതീക്ഷിത ദുരനുഭവം. വധൂവരന്മാർ സഞ്ചരിച്ച വിവാഹ കാർ റോഡിൽനിന്ന് തെന്നിമാറി വെള്ളം നിറഞ്ഞ നെൽപ്പാടത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വധു പൂർണ്ണമായി ചെളിയിൽ മുങ്ങി. വിയറ്റ്നാമിലെ ടുയൻ ക്വാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്.
നിയന്ത്രണംവിട്ട കാർ നേരെ പാടത്തേക്ക്
നവംബർ 10 -ാം തീയതി രാവിലെയായിരുന്നു സംഭവം. 19 -കാരിയായ ഡാം തി സൂവാൻ ആണ് വധു. 21 -കാരനായ ലി വാൻ വിയറ്റ് ആണ് വരൻ. വധുവിന്റെ വീട്ടിൽനിന്ന് വരന്റെ കുടുംബവീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് നിയന്ത്രണം വിട്ട കാർ ഏകദേശം ഒരു മീറ്ററോളം ആഴത്തിൽ ചെളിവെള്ളം നിറഞ്ഞ നെൽപ്പാടത്തേക്ക് മറിഞ്ഞത്. ശക്തമായ മഴയും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചെളിയിലേക്ക് തെറിച്ച് വീണ് വധു
വധു ഇരുന്ന ഭാഗത്തെ ഡോർ ചെളിവെള്ളത്തിലേക്ക് തുറന്ന നിലയിലായിരുന്നു. കാർ അപകടത്തിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന ചില യുവാക്കൾ വാഹനം നേരെയാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാർ കൂട്ടത്തോടെ ഓടിയെത്തി കാർ ഉയർത്തി ദമ്പതികളെ പുറത്തെത്തിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ചെളിയിൽ കുളിച്ചുനിൽക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹദിനത്തിൽ ഇത്തരമൊരു ദുരന്തം നേരിടേണ്ടിവന്ന ദമ്പതികളോട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ അനുഭാവം അറിയിക്കുന്നത്. "ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന് ഇങ്ങനെ ആയല്ലോ, ആ വധുവിനോട് ശരിക്കും സഹതാപം തോന്നുന്നു" എന്നായിരുന്നു ഒരു പ്രതികരണം. അതേസമയം, "ഞാനായിരുന്നു വരനെങ്കിൽ, ചെളിയിൽ മുങ്ങി വധുവിന്റെ ലുക്കിനൊപ്പം ചേരുമായിരുന്നു" എന്ന് തമാശ രൂപേണ പ്രതികരിച്ചവരുമുണ്ട്.














