മരണസർട്ടിഫിക്കറ്റ് കിട്ടി, ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ വന്‍ അക്രമം, പൊലീസ് പിടിയിലായി യുവാവ്

Published : Jul 24, 2024, 12:47 PM IST
മരണസർട്ടിഫിക്കറ്റ് കിട്ടി, ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ വന്‍ അക്രമം, പൊലീസ് പിടിയിലായി യുവാവ്

Synopsis

തന്റെ മരണസർട്ടിഫിക്കറ്റ് തയ്യാറാക്കിയിട്ടുണ്ട് എന്ന് അറിയിപ്പ് കിട്ടി. ഇതോടെ, താൻ ഭയന്നു. വീടും സ്വത്തും നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ടായി. അങ്ങനെയാണ് പ്രശ്നമാക്കി പൊലീസിനെ വരുത്താൻ ചിന്തിക്കുന്നത്.

ഓരോ ദിവസവും വിവിധങ്ങളായ കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകൾ നാം കാണാറുണ്ട്. എന്നാൽ, രാജസ്ഥാനിലെ ബലോത്രയിൽ നിന്നുള്ള ഒരാൾ തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള കാരണം കേട്ടാൽ ആരും അമ്പരന്നു പോകും. താൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാനാണത്രെ ഇയാൾ ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്തത്. 

ബാബുറാം ഭിൽ എന്നാണ് ഇയാളുടെ പേര്. കുറച്ച് നാളുകൾക്ക് മുമ്പ് ബാബുറാമിന് അയാൾ മരിച്ചതായി കാണിക്കുന്ന സർട്ടിഫിക്കറ്റ് തയ്യാറായിട്ടുണ്ട് എന്ന് വിവരം ലഭിച്ചത്രെ. അതാണ് ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലേക്ക് അയാളെ നയിച്ചത്. ബലോത്രയിലെ മിതോര ഗ്രാമത്തിലെ താമസക്കാരനാണ് ബാബുറാം. മരണ സർട്ടിഫിക്കറ്റ് ശരിയാക്കാനും രേഖകളിൽ താൻ മരിച്ചിട്ടില്ല എന്ന് മാറ്റുന്നതിനും വേണ്ടി അയാൾ ഒരുപാട് ശ്രമിച്ചു. എന്നാൽ, അത് മാറ്റിക്കിട്ടിയിരുന്നില്ല. അങ്ങനെ രേഖകളിൽ ബാബുറാം മരിച്ചയാളായി തുടർന്നു. 

ഇതേ തുടർന്നാണ് താൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ വേണ്ടിയാണ് ബാബുറാം ഇത്തരത്തിലുള്ള ക്രിമിനൽ കാര്യങ്ങൾ ചെയ്തത്രെ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കത്തിയും പെട്രോളുമായി ഇയാൾ ബലോത്ര ജില്ലയിലെ ചുലി ബേരാ ധരണ സ്‌കൂളിൽ ചെല്ലുകയും അവിടെയാകെ ആശങ്ക പരത്തുകയും ചെയ്തു. പിന്നാലെ, മാരകായുധങ്ങളുമായി ചെന്ന് അധ്യാപകരെയും രക്ഷിതാക്കളെയും അക്രമിച്ചു. ഇതിന്റെയെല്ലാം പിന്നിൽ ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ താൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കണം. 

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. തന്റെ മരണസർട്ടിഫിക്കറ്റ് തയ്യാറാക്കിയിട്ടുണ്ട് എന്ന് അറിയിപ്പ് കിട്ടി. ഇതോടെ, താൻ ഭയന്നു. വീടും സ്വത്തും നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ടായി. അങ്ങനെയാണ് പ്രശ്നമാക്കി പൊലീസിനെ വരുത്താൻ ചിന്തിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്താൽ പൊലീസിന്റെ രേഖകൾ താൻ ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവാകുമല്ലോ എന്നാണ് ഇയാൾ പറഞ്ഞത്. 

ബലോത്ര പൊലീസ് സൂപ്രണ്ട് കുന്ദൻ കൻവാരിയ പറയുന്നതനുസരിച്ച്, ജൂലായ് 19 -ന് ഉച്ചയ്ക്കാണ് ഇയാൾ സ്കൂളിൽ ചെന്ന് പ്രശ്നമുണ്ടാക്കിയതായി വിവരം കിട്ടിയത്. വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കിയതായിട്ടായിരുന്നു വിവരം. അധ്യാപർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ആശുപത്രിയിലുമെത്തിച്ചു.

എന്തായാലും, ബാബുറാം പറഞ്ഞ കാര്യങ്ങളിൽ ഇപ്പോൾ വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണത്രെ. 

PREV
click me!

Recommended Stories

'ബുദ്ധിയില്ല, മസിൽ മാത്രം'; ജിമ്മിൽ സ്വവർഗ്ഗാനുരാഗ വിരുദ്ധ പോസ്റ്റർ, രൂക്ഷ പ്രതികരണവുമായി നെറ്റിസെന്‍സ്
അമ്മയ്ക്ക് സുഖമില്ല, ലീവ് വേണമെന്ന് ജീവനക്കാരി; ഉടമയുടെ പ്രതികരണം സ്ഥാപനത്തിന്‍റെ സംസ്കാരം തെളിയിച്ചെന്ന് നെറ്റിസെൻസ്