
ഉത്തർപ്രദേശിൽ മൂന്ന് തലകളോടെ ജനിച്ച ഒരു കുഞ്ഞിനെ ദൈവമായി കണ്ട് ആളുകൾ ആരാധിക്കുന്നു. കഴിഞ്ഞ ജൂലൈ 12 -ന് ഉത്തർപ്രദേശിലെ ഗുലാരിയപൂർ ഗ്രാമത്തിലാണ് ഈ കുഞ്ഞ് ജനിച്ചത്. മൂന്ന് തലകളുള്ള ഈ കുഞ്ഞ് ഒരു അത്ഭുത ശിശുവാണെന്നും, ദൈവത്തിന്റെ അവതാരമാണെന്നും പറഞ്ഞ് അനുഗ്രഹം വാങ്ങാൻ ആളുകൾ വീട്ടിലേയ്ക്ക് ഒഴുകുകയാണ്. കുഞ്ഞിന്റെ അമ്മയുടെ പേര് രാഗിണി എന്നാണ്. രാഗിണിയ്ക്ക് ആരോഗ്യകരമായ ഗർഭകാലമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ പ്രസവവും നോർമൽ ആയിരുന്നു. എന്നിട്ടും പക്ഷേ മൂന്ന് തലകളുള്ള കുഞ്ഞ് ജനിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തി.
പുതപ്പുകൾ അടുക്കി വച്ച് അതിന് മുകളിലായിട്ടാണ് കുഞ്ഞിനെ കിടത്തിയിരിക്കുന്നത്. ഇപ്പോൾ ആ കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോ ഫൂട്ടേജുകളും ഓൺലൈനിൽ വൈറലാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിന്റെ ഒരു തലയുടെ പിൻഭാഗത്തോട് ചേർന്നാണ് മറ്റ് രണ്ട് തലകളുമിരിക്കുന്നത്. മാത്രമല്ല തലയിൽ സാധാരണ എന്നപോലെ മുടിയുമുണ്ട്. എൻസെഫാലോസെലെ എന്നറിയപ്പെടുന്ന അപൂർവ രോഗവസ്ഥയാണ് ഇത്. ഇത്തരം നിരവധി കേസുകൾ ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലയോട്ടിന്റെ ഒരു ഭാഗം ശരിയായി രൂപപ്പെടാത്തതാണ് ഈ തകരാറിന് കാരണം. ഇത്തരം കുട്ടികൾക്ക് അതിജീവന നിരക്ക് കുറവാണ്. അതിജീവിക്കുന്ന കുഞ്ഞുങ്ങളിൽ ഈ അവസ്ഥ മറ്റ് സങ്കീർണതകൾക്കും കാരണമാകും.
അധികമുള്ള ഈ രണ്ട് തലകൾക്ക് ഭാരമുള്ളതായി കാണപ്പെടുന്നു. എന്നാൽ, പക്ഷേ കുഞ്ഞിന് അതുകൊണ്ട് ഒരു തരത്തിലുള്ള വേദനയും അനുഭവപ്പെടുന്നില്ല എന്നത് ആശ്വാസജനകമാണ്. ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയതിനെ തുടർന്നാണ് കുഞ്ഞിന്റെ കാര്യം നാട്ടുകാർ അറിയുന്നത്. അതിനെ തുടർന്ന് ഇപ്പോൾ ശിശുവിനെ കാണാൻ ആളുകളുടെ തിരക്കാണ് അവിടെ. പ്രദേശവാസികൾ കുഞ്ഞിനെ ദൈവത്തിന്റെ അവതാരം എന്ന് വിളിക്കുന്നുവെന്നും, കുഞ്ഞിന്റെ അനുഗ്രഹത്തിനായി മൈലുകൾ സഞ്ചരിച്ച് ആളുകൾ വീട്ടിൽ എത്തുന്നുവെന്നുമാണ് റിപ്പോർട്ട്.
(ചിത്രം പ്രതീകാത്മകം)