രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീ, യുഎസ്സിൽ കത്തിനശിച്ചത് മൂന്നുലക്ഷം ഏക്കർ

By Web TeamFirst Published Jul 20, 2021, 11:15 AM IST
Highlights

കാലാവസ്ഥയും തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നാണ് ഓപറേഷന്‍സ് സെക്ഷന്‍ ചീഫ്, ജോണ്‍ ഫ്ലാനിഗന്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞത്. ചൂട് ക്രമാതീതമായി കടുക്കുകയാണ് ഇവിടെ. 

യുഎസ് സംസ്ഥാനമായ ഒറിഗോണിൽ, രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീയില്‍ കത്തിനശിച്ചത് 300,000 ഏക്കര്‍. ആയിരക്കണക്കിന് ആളുകളെയാണ് കാട്ടുതീയെ തുടര്‍ന്ന് ഒഴിപ്പിക്കേണ്ടി വന്നത്. ഒറിഗോണിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്. ഈ ബൂട്ട്ലെഗ് ഫയര്‍ നിയന്ത്രണവിധേയമാക്കാനായി പരിശ്രമിക്കുന്നത് രണ്ടായിരത്തിലധികം അഗ്നിശമനാസേനാംഗങ്ങളാണ്. 

ജൂലൈ ആറിന് ആരംഭിച്ച കാട്ടുതീ, ലോസ് ഏഞ്ചലസ് നഗരത്തിന്‍റെ വിസ്തൃതിയോളം വരുന്ന സ്ഥലങ്ങളെ മുഴുവനും വിഴുങ്ങിക്കളഞ്ഞു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച എണ്‍പതോളം കാട്ടുതീകളില്‍ ഏറ്റവും ശക്തിയുള്ളതാണ് ഇത്. അടുത്തുള്ള ബൂട്ട്ലെഗ് സ്പ്രിംഗിന്റെ പേരിലുള്ള ബൂട്ട്ലെഗ് ഫയർ, മിക്കവാറും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള രണ്ടായിരമെങ്കിലും വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇതുവരെ 160 വീടുകളും കെട്ടിടങ്ങളും നശിച്ചു. 

കാലാവസ്ഥയും തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നാണ് ഓപറേഷന്‍സ് സെക്ഷന്‍ ചീഫ്, ജോണ്‍ ഫ്ലാനിഗന്‍ യുഎസ് മാധ്യമങ്ങളോട് പറഞ്ഞത്. ചൂട് ക്രമാതീതമായി കടുക്കുകയാണ് ഇവിടെ. പോർട്ട്‌ലാൻഡിന് തെക്ക്-കിഴക്ക് 300 മൈൽ (480 കിലോമീറ്റർ) പടര്‍ന്ന തീ 160 കെട്ടിടങ്ങളെ നശിപ്പിക്കുകയും ആയിരക്കണക്കിന് പേരെ ഭീഷണിയിലാക്കുകയും ചെയ്തു. വിവിധ നഗരങ്ങളില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്കായി രണ്ടിടങ്ങളിലായി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഈ ആഴ്ചത്തെ കാലാവസ്ഥാ പ്രവചന പ്രകാരം തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ലെന്ന് തന്നെയാണ് കരുതുന്നത്. ചൂട് പിന്നേയും കൂടുകയാണ്. 

രാജ്യത്തിലെ 1.2 മില്ല്യണ്‍ ഭാഗങ്ങളെയെങ്കിലും ഈ വര്‍ഷമുണ്ടായ വിവിധ കാട്ടുതീ ബാധിച്ചു കഴിഞ്ഞുവെന്നാണ് നാഷണല്‍ ഇന്‍ററഗന്‍സി ഫയര്‍ സെന്‍ററിന്‍റെ കണക്ക് വ്യക്തമാക്കുന്നത്. 2021 -ൽ ഇതുവരെ 4,000 -ത്തിലധികം കാട്ടുതീ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ മൊത്തം കണക്കിനെ അപേക്ഷിച്ച് ഇരട്ടിയാണ്. കാലിഫോർണിയയിൽ മാത്രം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചിരട്ടി ഏക്കർ കത്തിനശിച്ചു. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചൂടും കാട്ടുതീയും വര്‍ധിക്കുകയാണ്. ഇത് കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രകടമായ ലക്ഷണങ്ങളായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!