ഉദ്യോ​ഗസ്ഥരുടെ ​ഗ്രാമം, മിക്കവാറും വീട്ടിൽ ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥനെങ്കിലും!

By Web TeamFirst Published Jul 19, 2021, 3:06 PM IST
Highlights

മാധോ പത്തിയിലെ മിക്കവാറും എല്ലാ വീടുകളിലും സിവിൽ സർവീസ് അംഗങ്ങളുണ്ടെങ്കിലും, ഗ്രാമത്തിന്റെ അവസ്ഥ ശോചനീയമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഇടക്കിടെ തടസ്സപ്പെടുന്ന വൈദ്യുതി വിതരണവുമെല്ലാം ഗ്രാമത്തിന്റെ ശാപങ്ങളാണ്. 

നമുക്കറിയാം സിവിൽ സർവീസ് പരീക്ഷയിൽ ജയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ വർഷവും രാജ്യത്താകമാനം ആയിരത്തിൽ താഴെ ഒഴിവുകളിലേക്ക് മത്സരിക്കുന്നത് ഏകദേശം 10 ദശലക്ഷം പേരാണ്. അതേസമയം സിവിൽ ഓഫീസർമാരിൽ ഭൂരിഭാഗവും  ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. അവിടെയുള്ള മാധോ പത്തി എന്ന ഗ്രാമത്തിൽ മിക്കവാറും എല്ലാ വീടുകളിലും ഒരു ഐ‌എ‌എസ് അല്ലെങ്കിൽ ഒരു പിസിഎസ് ഉദ്യോഗസ്ഥനുണ്ടാകും.      

ആകെ 75 വീടുകൾ മാത്രമുളള ഈ ഗ്രാമത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 50 -ൽ കൂടുതലാണ്. ഈ ഗ്രാമത്തിൽ മക്കൾ മാത്രമല്ല, മരുമക്കളും ഉദ്യോഗസ്ഥരുടെ തസ്തിക കൈകാര്യം ചെയ്യുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കൂടാതെ, ISRO യിലും, ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലും ഗ്രാമത്തിലെ ചെറുപ്പക്കാർ ജോലി ചെയ്യുന്നു. ഇത് മാത്രമല്ല, ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളും ഐ‌എ‌എസ് ഉദ്യോഗസ്ഥരായ സവിശേഷമായ റെക്കോർഡും ഈ ഗ്രാമത്തിലുണ്ട്. 1955 -ൽ പരീക്ഷ പാസ്സായ കുടുംബത്തിലെ മൂത്ത സഹോദരൻ വിനയ് കുമാർ സിംഗ് ബീഹാർ ചീഫ് സെക്രട്ടറിയായിട്ടാണ് വിരമിച്ചത്. വിനയ് കുമാർ സിങ്ങിന്റെ രണ്ട് സഹോദരങ്ങളായ ചത്രപാൽ സിംഗ്, അജയ് കുമാർ സിംഗ് എന്നിവർ 1964 -ൽ പരീക്ഷ പാസ്സായി. നാലാമത്തെ സഹോദരൻ ശശികാന്ത് സിംഗ് 1968 -ൽ ഐ‌എ‌എസ് ആയി. ചത്രപാൽ സിംഗ് തമിഴ്‌നാട് ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.  

റിപ്പോർട്ടുകൾ പ്രകാരം, 1914 -ലാണ് ഗ്രാമത്തിൽ നിന്ന് ആദ്യമായി ഒരാൾ സിവിൽ സർവീസ് പരീക്ഷ പാസ്സാകുന്നത്. പ്രശസ്ത കവി വാമിക് ജൗൻപുരിയുടെ പിതാവായ മുസ്തഫ ഹുസൈനാണ് മാധോ പത്തിയിൽ നിന്നുള്ള ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥൻ. അതിനുശേഷം അവിടെ നിന്ന് ഇന്ദു പ്രകാശ് 1952 -ൽ ഐ‌എ‌എസ് ഉദ്യോഗസ്ഥയായി. അവരാണ് സിവിൽ സർവീസിനെ ഗൗരവമായി എടുക്കാൻ ഈ ഗ്രാമത്തിലെ യുവാക്കളെ പ്രോത്സാഹിപ്പിച്ചത്.  

മാധോ പത്തിയിലെ മിക്കവാറും എല്ലാ വീടുകളിലും സിവിൽ സർവീസ് അംഗങ്ങളുണ്ടെങ്കിലും, ഗ്രാമത്തിന്റെ അവസ്ഥ ശോചനീയമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഇടക്കിടെ തടസ്സപ്പെടുന്ന വൈദ്യുതി വിതരണവുമെല്ലാം ഗ്രാമത്തിന്റെ ശാപങ്ങളാണ്. എന്നാൽ, അതിലും കഷ്ടം, ഐ‌എ‌എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു കോച്ചിംഗ് സെന്റർ പോലും ഗ്രാമത്തിൽ ഇല്ല എന്നതാണ്.  സൗകര്യങ്ങളൊന്നുമില്ലാതെ തന്നെ, യഥാർത്ഥ അർപ്പണബോധത്തോടെയും കഠിനാധ്വാനത്തിലൂടെയും ഏകാഗ്രതയോടെയും അവർ അവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നു.  

click me!