
ആനക്കുട്ടികളെ വളരെ ക്യൂട്ടായിട്ടാണ് പലരും കാണുന്നത്. അതുകൊണ്ട് തന്നെ ആനക്കുട്ടികളുടെ വീഡിയോയ്ക്ക് വലിയ ആരാധകർ തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ട് താനും. അതുപോലെ മനോഹരവും രസകരവുമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
റിട്ട. ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. മരങ്ങൾ തണൽ വിരിച്ച ഒരു റോഡാണ് വീഡിയോയിൽ കാണുന്നത്. അതിലൂടെ ഒരുകൂട്ടം ആനകളെ കൊണ്ടുപോകുന്നതും കാണാം. ആനപ്പുറത്ത് പാപ്പാന്മാരും ഉണ്ട്. എന്നാൽ, അക്കൂട്ടത്തിലെ ഒരു ആനക്കുട്ടി ചെയ്ത കാര്യമാണ് ആളുകളുടെ ചുണ്ടിൽ പുഞ്ചിരി വിടർത്തുന്നത്.
ആനകൾ പോകുന്ന റോഡിന്റെ മറുവശത്തായി ഒരു ഉന്തുവണ്ടിയിൽ പഴങ്ങൾ വിൽക്കുന്നുണ്ട്. ഇതിന്റെ അടുത്ത് എത്തിയതും ആനക്കുട്ടി കൂട്ടത്തിൽ നിന്നും മാറി നേരെ അങ്ങോട്ട് വച്ചുപിടിക്കുന്നതാണ് കാണുന്നത്. തീർന്നില്ല, പഴം എടുക്കാൻ അവൻ ശ്രമം നടത്തുന്നതും വീഡിയോയിൽ കാണാം. പഴങ്ങൾ വിൽക്കുന്നവരാകട്ടെ അവന് പഴമെടുത്തു കൊടുക്കുന്നതും കാണാം. പിന്നാലെ അവൻ വേഗത്തിൽ ഓടി ആനക്കൂട്ടത്തിന്റെ ഒപ്പം എത്താൻ ശ്രമിക്കുന്നതാണ് കാണുന്നത്.
നിരവധിപ്പേരാണ് ഈ ക്യൂട്ട് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആരാണ് ഇതിന്റെ പൈസ കൊടുക്കുക എന്നാണ് ഒരാൾ കമന്റ് നൽകിയത്. എല്ലാ കുട്ടിയാനകൾക്കും ഏത് ഭക്ഷണവും, എപ്പോൾ വേണമെങ്കിലും, എവിടെ വേണമെങ്കിലും കിട്ടണം. അത് നിയമമാണ്. ഇനി അഥവാ അങ്ങനെയല്ലെങ്കിൽ, അത് അങ്ങനെ ആവണം, ഇനി മുതൽ അത് മാറ്റാനാവാത്ത നിയമമായി പ്രഖ്യാപിക്കപ്പെടുന്നു എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഈ വീഡിയോ എത്ര ക്യൂട്ട് ആണ് എന്നും പലരും അഭിപ്രായപ്പെട്ടു.