
മൂന്ന് മണിക്കൂർ വരുന്ന ഒരു മീറ്റിംഗിനായി ഒരു ദിവസം 1,600 കിലോമീറ്റർ യാത്ര ചെയ്ത് തിരികെ വരുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. ഹോ, കഠിനം എന്ന് തോന്നുന്നുണ്ടാവും അല്ലേ? അങ്ങനെ ഒരു അനുഭവമാണ് ചൈനയിൽ തനിക്കുണ്ടായത് എന്നാണ് ഒരു ഇന്ത്യൻ സംരംഭകൻ പറയുന്നത്. എന്നാൽ, അവിടുത്തെ സൗകര്യങ്ങൾ കാരണം ഒട്ടും ക്ഷീണിച്ചില്ല എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.
സ്കൈവിക്കിന്റെ സഹസ്ഥാപകനായ ആകാശ് ബൻസാലാണ് തന്റെ യാത്രയെക്കുറിച്ച് എക്‌സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. അതിന് തനിക്ക് 8,000 രൂപ ചെലവായി എന്നും അദ്ദേഹം പറയുന്നു.
മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഒരു മീറ്റിംഗിനായി ഞാനൊരു ദിവസം 1600 കിലോമീറ്റർ സഞ്ചരിച്ചു. എന്നിട്ടും താൻ ക്ഷീണിച്ചില്ല എന്നും ചൈനയിലെ ജീവിതം എത്ര സൗകര്യപ്രദമാണെന്നാണ് ഇത് കാണിക്കുന്നത് എന്നുമാണ് ആകാശ് പറയുന്നത്. താൻ രാവിലെ ട്രെയിനിൽ കയറി, ഒരു ഭാഗത്തേക്ക് 800 കിലോമീറ്റർ സഞ്ചരിച്ചു, മീറ്റിംഗിൽ പങ്കെടുത്തു, രാത്രിയിൽ ഉറങ്ങാനായി തന്റെ കിടക്കയിൽ തന്നെ തിരികെയെത്തി എന്നും ആകാശ് എഴുതുന്നു.
ചൈനയിലെ യാത്ര എത്ര സൗകര്യപ്രദമാണ് എന്നാണ് ആകാശ് എഴുതുന്നത്. വണ്ടി പുറപ്പെടുന്നതിന് വെറും 10 മിനിറ്റ് മുമ്പ് പ്ലാറ്റ്‌ഫോമിൽ എത്തിയാൽ മതി, കിഴക്കും പടിഞ്ഞാറും ഇരുവശത്തുമുള്ള ഗേറ്റുകൾ ആ സമയം തുറക്കും. സ്കാനറിൽ നിങ്ങളുടെ നാഷണൽ ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് സ്കാൻ ചെയ്യുക, വാതിൽ തുറക്കും എന്നും പോസ്റ്റിൽ പറയുന്നു.
ഒരിക്കൽ താൻ അര മണിക്കൂർ മുമ്പേ എത്തി. അപ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്റെ അടുത്തെത്തി. എന്റെ ടിക്കറ്റ് പരിശോധിച്ചു. 10 മിനിറ്റ് കഴിഞ്ഞാലുടൻ പുറപ്പെടുന്ന ഒരു വണ്ടിയിലേക്ക് എന്റെ ടിക്കറ്റ് മാറ്റിത്തന്നു. ഞാൻ അങ്ങോട്ട് ഒന്നും ആവശ്യപ്പെടാതെയാണ് അയാൾ ഇത് ചെയ്തത് എന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം, കമന്റിൽ പലരും രസകരമായിട്ടാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ഈ മൂന്ന് മണിക്കൂർ മീറ്റിംഗ് ഓൺലൈനിൽ നടത്തിയാൽ പോരായിരുന്നോ എന്നായിരുന്നു അവരുടെ ചോദ്യം.