
ഹൈദ്രാബാദിലെ പ്രശസ്തമായ ഗണേശ ലഡ്ഡു ഇത്തവണ ലേലം ചെയ്തത് 24.60 ലക്ഷം രൂപയ്ക്ക്. ഇതോടെ ഇത്രയും ഉയർന്ന തുകയ്ക്ക് വിറ്റുപോയതിന്റെ പേരിൽ ലഡു റെക്കോർഡ് സൃഷ്ടിച്ചിരിക്കയാണ്. ഈ 21 കിലോ ലഡു 10 ദിവസത്തെ ഗണേശ ആഘോഷത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ചയാണ് ഭക്തർക്കിടയിൽ ലേലം ചെയ്തത്.
ഈ വർഷം ഒമ്പത് പേരാണ് ലേലത്തിൽ പങ്കെടുത്തത്. ബാലാപൂർ ഉത്സവ് സമിതി ഈ വർഷം ലഡുവിന് ഏകദേശം 20 ലക്ഷം രൂപ ലേലം വിളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ലഡു ലേലത്തിൽ പോയത് 24.6 ലക്ഷം രൂപയ്ക്കാണ്. മുൻ വർഷത്തേക്കാൾ 5.7 ലക്ഷം രൂപയിലധികം വിലയ്ക്കാണ് ഈ വർഷം ലഡു വിറ്റത്. വംഗേട്ടി ലക്ഷ്മറെഡ്ഡി എന്നയാളാണ് ലേലത്തിൽ വിജയിച്ചത്.
'കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ ഈ ലേലത്തിൽ വിജയിക്കണമേ എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഒടുവിൽ ഭഗവാൻ ഗണേശന്റെ അനുഗ്രഹം കൊണ്ട് ഈ വർഷം അത് യാഥാർത്ഥ്യമായി. ഈ ലഡു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഇടയിൽ വിതരണം ചെയ്യും' എന്ന് ലക്ഷ്മറെഡ്ഡി പറഞ്ഞു.
2021 -ൽ, വൈഎസ്ആർസിപി നേതാവ് ആർവി രമേഷ് റെഡ്ഡിയാണ് 18.9 ലക്ഷത്തിന് ലേലത്തിൽ ലഡ്ഡു സ്വന്തമാക്കിയത്. അതുവരെയുള്ളതിൽ വച്ച് നോക്കിയാൽ ലഡുവിന് ഏറ്റവും ഉയർന്ന വില കിട്ടിയ ലേലമായിരുന്നു ഇത്. 2020 -ൽ കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം ലേലം നടത്താൻ കഴിയാത്തതിനാൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ലഡ്ഡു കൈമാറുകയായിരുന്നു. ഗോൾഡൻ ലഡു ആദ്യമായി ലേലത്തിന് വെച്ചപ്പോൾ 450 രൂപയ്ക്കാണ് വിറ്റത്.
ലഡു ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക ബാലാപൂർ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.