
യുകെയില്‍ കംബ്രിയയിലെ ഒരു കോക്ക്ടെയിൽ ബാറിൽ കയറി ടോയ്‍ലറ്റ് ഉപയോഗിച്ചയാൾക്ക് 1000 രൂപയുടെ ബില്ല്. ഉൾവേഴ്‌സൺ നഗരത്തിന്‍റെ മധ്യഭാഗത്തുള്ള ഇഗ്നിഷൻ കോക്ക്‌ടെയിൽ ബാറിലാണ് സംഭവം നടന്നതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. ബാറിലേക്ക് കയറിയ ഒരാൾ ഒന്നും ഓർഡർ ചെയ്യാന്‍ നില്‍ക്കാതെ നേരെ ടോയ്‍ലറ്റിലേക്ക് പോവുകയായിരുന്നു. ടോയ്‍ലറ്റ് ഉപയോഗിച്ച ശേഷം ഇയാൾ ബാറില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മാനേജർ 10 യൂറോയുടെ (ഏതാണ്ട് 1,000 രൂപ) ബില്ല് നല്‍കിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ബില്ലില്‍ 'ഷി@# ടാക്സ്' എന്നായിരുന്നു എഴുതിയിരുന്നത്. സംഭവത്തെ കുറിച്ച് ബാർ മാനേജ്മെന്‍റ് തന്നെ ഫേസ്ബുക്കില്‍ കുറിപ്പെഴുതുകയും ചെയ്തു.
'ആതിഥ്യമര്യാദയുടെ കാര്യത്തിൽ ഇത് ബുദ്ധിമുട്ടാണ്, പക്ഷേ, ഞങ്ങളുടെ സ്ഥലത്ത് ഒരിക്കല്‍ പോലും വന്നിട്ടില്ലാത്ത ഒരാൾ നേരെ പോയി ഞങ്ങളുടെ ടോയ്‌ലറ്റ് ഉപയോഗിക്കുകയും പിന്നീട് ഒരു വെള്ളം പോലും വാങ്ങാതെ പുറത്തിറങ്ങാൻ ശ്രമിക്കുകയും ചെയ്തു. ഇത് തുടരുന്നതിൽ മടുപ്പുണ്ട്. ജലനിരക്കുകൾ ഇപ്പോഴും ഞങ്ങൾക്ക് ബാധകമാണ്' സംഭവം വിവരിക്കുന്ന ഫേസ്ബുക്ക് കുറിപ്പില്‍ ബാർ അധികൃതർ വ്യക്തമാക്കി. പണമാണോ കാര്‍ഡാണോ എന്ന് ചോദിച്ചപ്പോൾ, കോണ്‍ടാക്റ്റ്ലെസ് എന്നായിരുന്നു അയാളുടെ ഉത്തരം. അയാളുടെ തമാശ നിറഞ്ഞ പ്രവര്‍ത്തിക്ക് 10 യൂറോ ചെലവായെന്നും ദയവായി മറ്റുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കാനും കുറിപ്പില്‍ പറയുന്നു.
ബാറിന്‍റെ സ്വയം നായീകരണക്കുറിപ്പ് കാഴ്ചക്കാരില്‍ സജീവ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. നിരവധി പേര്‍ ബാറിനും പല വിധ ടാക്സുകളുണ്ടെന്നും അതിനാല്‍ ടോയ്‍ലറ്റ് ഉപയോഗിക്കുന്നുവെങ്കില്‍ പോലും എന്തെങ്കിലും വാങ്ങുന്നത് സമാന്യ മര്യാദയാണെന്നും കുറിച്ചു. അതേസമയം ബാറിന്‍റെ നടപടി അന്യായമാണെന്നും നിരവധി പേരെഴുതി. വന്നയാൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോയില്ലയോ എന്ന് അന്വേഷിച്ചിരുന്നോ എന്ന് തുടങ്ങിയ ചോദ്യങ്ങളും ഉയർന്നു. മിക്ക സമയങ്ങളിലും പൊതു ശൗച്യാലയങ്ങൾ അടഞ്ഞ് കിടക്കുകയാകുമെന്നും അവിടെയും പണം കൊടുക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാവരുടെയും കൈയില്‍ പണം കാണമെന്നില്ലെന്നും മറ്റ് ചിലരും ചൂണ്ടിക്കാട്ടി. തങ്ങളുടെ പോസ്റ്റിന് താഴെ ബാറിന്‍റെ നടപടിയെ വിമശിച്ച് കൊണ്ട് നിരവധി കുറിപ്പുകൾ നിറഞ്ഞതോടെ ബാര്‍ കുറിപ്പ് ഡിലീറ്റ് ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.