
വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ്, വീട്ടുകാരിയെ ബോധം കെടുത്തി സിറിഞ്ച് ഉപയോഗിച്ച് അവരുടെ രക്തം ശേഖരിച്ചെന്ന് പരാതി. ചൈനയില്‍ നിന്നാണ് ഇത്തരമൊരു അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവം നടന്നത് 2024 ജനുവരി 1 -ന് പുലർച്ചെയാണെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തതും ശിക്ഷ വിധിച്ചതും അടുത്തിടെയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ലി എന്ന കുടുംബപ്പേരുള്ളയാളാണ് യു എന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം അവരെ ബോധം കെടുത്തി രക്തം ശേഖരിച്ചതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഭര്‍ത്താവ് വീട്ടിൽ നിന്നും പുറത്ത് പോയപ്പോഴാണ് പ്രധാന വാതില്‍ തുറന്ന് ഇയാൾ അകത്ത് കടന്നത്. ഈ സമയം യു ഉറങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി യുവിന്‍റെ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോൾ അജ്ഞാതനായ ഒരാൾ ഉറങ്ങുന്ന തന്‍റെ ഭാര്യയുടെ സമീപത്ത് നില്‍ക്കുന്നതായി കണ്ടു. പിന്നാലെ ഭര്‍ത്താവ് ലിയെ അടിച്ച് വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും ലി, ഇറങ്ങിയോടി. പിന്നാലെ ഭര്‍ത്താവും ഓടിയെങ്കിലും ഇയാളെ കണ്ടെത്താന്‍ പറ്റിയില്ലെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴേക്കും ഉറക്കമുണര്‍ന്ന യു. തന്‍റെ കിടക്കയില്‍ അപരിചതമായ ഒരു തുണി കഷ്ണവും ആശുപത്രികളിൽ രക്തം എടുക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ടൂർണിക്യൂട്ടും കണ്ടെത്തി. പിന്നാലെ യുവിന് ഇടത് കൈത്തണ്ടയില്‍ സൂചി കുത്തിയ വേദനയും രക്തവും കണ്ടെത്തി. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം പ്രദേശത്ത് ഭീതി പടര്‍ത്തി. ഇതോടെ പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ യുവിന്‍റെ കിടക്കയില്‍ നിന്നും ലഭിച്ച തുണിയില്‍ അനസ്തെറ്റിക്സ് സെവോഫ്ലൂറേൻ, ഐസോഫ്ലൂറേൻ എന്നിവയുടെ അംശം കണ്ടെത്തി. ഇത് ബോധം കെടുത്താന്‍ ഉപയോഗിക്കുന്നവയാണ്. സിറിഞ്ച് ഉപയോഗിച്ച് യുവിന്‍റെ രക്തം ശേഖരിച്ചതായും പോലീസ് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലി അറസ്റ്റിലാവുന്നത്.
ചോദ്യം ചെയ്യലില്‍ സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നായിരുന്നു ലി പോലീസിനോട് പറഞ്ഞത്. മറ്റുള്ളവരുടെ വീടുകളില്‍ ഒളിഞ്ഞ് നോക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അത് തന്നില്‍ ആവശം നിറയ്ക്കുമെന്നും ലി പോലീസിനോട് തുറന്ന് പറഞ്ഞു. കോടതി രേഖകൾ പ്രകാരം, മോഷണം, ബലാത്സംഗം, വീടുകളില്‍ അതിക്രമിച്ച് കയറൽ എന്നീ കുറ്റങ്ങൾക്ക് ലി മുമ്പും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ലി തടവ് അനുഭവിച്ചിരുന്നു. പുതിയ കേസില്‍ ചൈനീസ് കോടതി ലിയ്ക്ക് രണ്ട് വര്‍ഷത്തെ തടവാണ് വിധിച്ചത്. കേസിന്‍റെ വിവരങ്ങൾ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടെന്ന് റെഡ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു.