
ബ്രിട്ടനിൽ ആദ്യമായി വവ്വാലുകളെ ഭക്ഷിക്കുന്ന മാരകവിഷമുള്ള ചിലന്തിയെ കണ്ടെത്തി. നോബിൾ ഫാൾസ് വിഡോ സ്പൈഡർ(Noble False Widow spider) എന്ന് അറിയപ്പെടുന്ന കൊടിയ വിഷമുള്ള ഒരു ചിലന്തിയാണ് ഒരു കുഞ്ഞ് വവ്വാലി(bat)നെ വലയിൽ കുരുക്കി അതിന്റെ രക്തം ഊറ്റിക്കുടിച്ചത്. ചിലന്തിയുടെ ശാസ്ത്രീയ നാമം സ്റ്റീറ്റോഡ നൊബിലിസ് എന്നാണ്. വൈല്ഡ്ലൈഫ് ആർട്ടിസ്റ്റ് ബെൻ വാഡ്ഡാംസ്(wildlife artist Ben Waddams) ആണ് വടക്കൻ ഷ്രോപ്ഷെയറിലെ വീട്ടിൽ വച്ച് ഈ സംഭവം കണ്ടത്.
തന്നെക്കാൾ നൂറിരട്ടി ഭാരമുള്ള പിപ്പിസ്ട്രെല്ലെ വവ്വാലുകളുടെ ഇനത്തെയാണ് ചിലന്തി പിടിച്ചതും, ഭക്ഷിച്ചതുമെന്നാണ് അയർലണ്ടിലെ ശാസ്ത്രജ്ഞർ പറയുന്നത്. തട്ടിൻ പുറത്ത് വസിക്കുന്ന രണ്ട് വവ്വാലുകൾ രണ്ട് ദിവസത്തോളം ചിലന്തിവലയിൽ കുടുങ്ങി കിടന്നിരുന്നു. ആദ്യത്തെ വവ്വാൽ തീരെ ചെറുതായിരുന്നു. അതിന്റെ കൈകാലുകൾ ചിലന്തി വലക്കുള്ളിൽ നിശ്ചലമായിരുന്നു. ചിലന്തി അല്പാല്പമായി അതിനെ ഭക്ഷിച്ചതിനെ തുടർന്ന്, അത് ചുരുങ്ങുകയും നിറം മാറുകയും ചെയ്തിരുന്നു.
അതേസമയം രണ്ടാമത്തെ വവ്വാൽ അല്പം വലുതായിരുന്നു. വലയിൽ കുടുങ്ങി കിടന്നിരുന്ന അതിന് ജീവനുണ്ടായിരുന്നു. പിന്നീട് വവ്വാലിനെ രക്ഷപ്പെടുത്തി വിട്ടയക്കുകയായിരുന്നു. നോബിൾ ഫാൾസ് വിഡോ ചിലന്തികൾ സാധാരണയായി ഐറിഷ് വീടുകളിലാണ് കാണപ്പെടുന്നത്. എന്നാൽ, തീർത്തും ഭയാനകമായ ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. മൂന്ന് വർഷം മുമ്പ് അയർലാൻഡിലെ ഒരു സംരക്ഷിത ഇനം പല്ലിയെ ഭക്ഷിക്കുന്ന നോബിൾ ഫാൾസ് വിഡോ ചിലന്തിയെ കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. മഡെയ്‌റയിൽ നിന്നും കാനറി ദ്വീപുകളിൽ നിന്നും ഉത്ഭവിച്ച ഇതിന് ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ ചിലന്തികളിൽ ഒന്നായി മാറാനുള്ള കഴിവുണ്ട്.
1879 -ൽ തെക്കൻ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. സമീപ ദശകങ്ങളിൽ അതിന്റെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ് എന്നിവിടങ്ങളിൽ ഇവയെ പതിവായി കാണാം. കൂടാതെ, യൂറോപ്പ്, കിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും ഈ ഇനം വ്യാപിച്ചു. ഈ ഇനത്തിന് കടിയേറ്റവരിൽ മിതമായതോ കഠിനമായതോ ആയ ലക്ഷണങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. വേദന, കടിയേറ്റ ഭാഗത്ത് നീര്, തലകറക്കം, രക്തസമ്മർദ്ദത്തിലെ വ്യതിയാനം എന്നിവയാണ് കടിയേറ്റാലുള്ള ചില ലക്ഷണങ്ങൾ. കറുത്ത നിറമുള്ള ഇത് ഇണചേർന്നതിനു ശേഷം പുരുഷ ഇണയെ കൊല്ലുന്നു. അതിനാലാണ് ബ്ലാക്ക് വിഡോ എന്ന പേര് ഇതിന് ലഭിച്ചത്. ചിലന്തിയ്ക്ക് ഒറ്റ തവണ 1,000 കുഞ്ഞുങ്ങൾ വരെ ജനിക്കും.
അതേസമയം ചിലന്തി വവ്വാലിനെ മുഴുവനായും ഭക്ഷിക്കില്ല. പകരം ചിലന്തിയുടെ വയർ നിറയുന്നത് വരെ മാത്രം ഭക്ഷിക്കും. ചിലന്തികൾക്ക് വേഗത്തിൽ പ്രവർത്തിക്കുന്ന ന്യൂറോടോക്സിക് വിഷം ഉണ്ട്. ഇത് ഇരയിൽ കുത്തിയിറക്കിയാൽ പിന്നെ അവയ്ക്ക് ചലിക്കാൻ സാധിക്കില്ല. ചെറിയ ഉരഗങ്ങളെയും, സസ്തനികളെയും ഭക്ഷിക്കാൻ ചിലന്തികൾ ഉപയോഗിക്കുന്ന ഒരു മാർഗമാണ് ഇത്. ഈ ഭയാനകമായ സംഭവത്തെക്കുറിച്ചുള്ള ഒരു പഠനം നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അയർലൻഡ് ഗാൽവേയിലെ ശാസ്ത്രജ്ഞർ ഇന്റർനാഷണൽ ജേണലായ ഇക്കോസ്‌ഫിയറിൽ പ്രസിദ്ധീകരിച്ചു. അതിന്റെ തലക്കെട്ട് വെബ്‌സ്‌ലിംഗർ വേർസസ് ഡാർക്ക് നൈറ്റ് എന്നാണ്. വെനം സിസ്റ്റംസ് ലാബിലെ ഐറിഷ് റിസർച്ച് കൗൺസിൽ പോസ്റ്റ്-ഡോക്ടറൽ ഫെലോയായ ഡോ ജോൺ ഡൻബാനാണ് പഠനത്തിന് നേതൃത്വം നൽകിയത്.