'പെറ്റ്‍ഫുഡ്ഡി'ൽ വംശനാശഭീഷണി നേരിടുന്ന സ്രാവുകളും, ഡിഎൻഎ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

Published : Mar 05, 2022, 04:45 PM IST
'പെറ്റ്‍ഫുഡ്ഡി'ൽ വംശനാശഭീഷണി നേരിടുന്ന സ്രാവുകളും, ഡിഎൻഎ പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

Synopsis

144 സാമ്പിളുകൾ പരിശോധിച്ചതിൽ, 45 എണ്ണത്തിൽ അതായത് ഏകദേശം മൂന്നിലൊന്നിൽ സ്രാവിന്റെ ഡിഎൻഎ അടങ്ങിയിരിക്കുന്നു. നീല സ്രാവ്, സിൽക്കി സ്രാവ്, വൈറ്റ്ടിപ്പ് റീഫ് സ്രാവ് എന്നിവയായിരുന്നു ഏറ്റവും കൂടുതൽ തിരിച്ചറിയപ്പെട്ട ഇനം.

വളർത്തുമൃ​ഗങ്ങളായ പൂച്ചയ്ക്കും നായയ്ക്കും നൽകുന്ന ഭക്ഷണത്തിന്റെ(Pet food) ചേരുവയിൽ വംശനാശഭീഷണി നേരിടുന്ന സ്രാവുകൾ(endangered sharks) അടക്കം അടങ്ങിയിട്ടുണ്ട് എന്ന് പഠനം. ഇത് അറിയാതെയാണ് പലപ്പോഴും ഉടമകൾ തങ്ങളുടെ 'പെറ്റു'കൾക്ക് ആ ഭക്ഷണം നൽകുന്നത് എന്നും പഠനം പറയുന്നു. പല ബ്രാൻഡുകളിലും വംശനാശഭീഷണി നേരിടുന്ന ജീവികളും അടങ്ങിയിട്ടുണ്ട് എന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. എന്നാൽ, അടങ്ങിയിരിക്കുന്നവയുടെ പേരുവിവരങ്ങളെ കുറിച്ചുള്ള വിവരണങ്ങളിൽ 'സമുദ്രമത്സ്യങ്ങൾ' എന്നൊക്കെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതിനാൽ, സ്രാവിനെ പോലെ വംശനാശ ഭീഷണി നേരിടുന്നവ അതിലടങ്ങിയിരിക്കുന്നു എന്ന് ഉടമകളറിയാതെ പോവുന്നു എന്നും പഠനത്തിൽ പറയുന്നു. 

"വളർത്തുമൃഗങ്ങളുടെ ഉടമസ്ഥരിൽ ഭൂരിഭാഗവും പ്രകൃതിയെ സ്നേഹിക്കുന്നവരായിരിക്കും. അവർ അറിയാതെ സ്രാവുകളെ പിടിക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തുമ്പോൾ മിക്കവരും പരിഭ്രാന്തരാകുമെന്ന് ഞങ്ങൾ കരുതുന്നു" പഠനത്തിന്റെ രചയിതാക്കളായ യേൽ-എൻയുഎസ് കോളേജ്, സിംഗപ്പൂരിലെ ബെൻ വെയ്ൻ‌റൈറ്റും ഇയാൻ ഫ്രഞ്ചും പറഞ്ഞു. 

ലോകമെമ്പാടും സ്രാവുകളുടെ എണ്ണം അമിതമായി വേട്ടയാടപ്പെടുന്നുതിനാൽ കുറഞ്ഞ് വരികയാണ്. കഴിഞ്ഞ 50 വർഷത്തിനിടയിൽ 70% -ത്തിൽ കൂടുതൽ ഇടിവുണ്ടായതായി കണക്കാക്കുന്നു. സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥയ്ക്ക് അവ നിർണായകമാണ്. സ്രാവുകളുടെ ചിറകുകളുടെ വിൽപന വ്യാപകമായിട്ടുണ്ട്. വളർത്തുമൃ​ഗളുടെ ഭക്ഷണം, സൗന്ദര്യവർധകവസ്തുക്കൾ എന്നിവയിൽ പലതിലും അവ അടങ്ങിയിട്ടുണ്ട് എന്ന് പറയുന്നു. 

ഡിഎൻഎ ബാർകോഡിംഗ് ഉപയോഗിച്ച്, സിംഗപ്പൂരിൽ 16 ബ്രാൻഡുകളിൽ നിന്നുള്ള 45 വളർത്തുമൃഗങ്ങളുടെ ഭക്ഷണ ഉൽപ്പന്നങ്ങൾ ശാസ്ത്രജ്ഞർ പഠിച്ചു. മിക്ക ഉൽപ്പന്നങ്ങളും അവയുടെ ഉള്ളടക്കം വിവരിക്കുന്നതിന് ചേരുവകളുടെ പട്ടികയിൽ 'മത്സ്യം', 'സമുദ്ര മത്സ്യം', അല്ലെങ്കിൽ 'വൈറ്റ് ഫിഷ്' എന്നിങ്ങനെയുള്ള പൊതുവായ പദങ്ങൾ ഉപയോഗിച്ചു. ചിലത് പ്രത്യേകമായി ട്യൂണ അല്ലെങ്കിൽ സാൽമൺ എന്നിവ പരാമർശിക്കുന്നു. മറ്റുള്ളവർ ഏത് തരം മത്സ്യമാണ് എന്ന് സൂചിപ്പിക്കുന്നില്ല. 

144 സാമ്പിളുകൾ പരിശോധിച്ചതിൽ, 45 എണ്ണത്തിൽ അതായത് ഏകദേശം മൂന്നിലൊന്നിൽ സ്രാവിന്റെ ഡിഎൻഎ അടങ്ങിയിരിക്കുന്നു. നീല സ്രാവ്, സിൽക്കി സ്രാവ്, വൈറ്റ്ടിപ്പ് റീഫ് സ്രാവ് എന്നിവയായിരുന്നു ഏറ്റവും കൂടുതൽ തിരിച്ചറിയപ്പെട്ട ഇനം. സിൽക്കി സ്രാവും വൈറ്റ്ടിപ്പ് റീഫ് സ്രാവും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ 'ദുർബലമായ' വിഭാ​ഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 

ഇത്തരം ഭക്ഷണവസ്തുക്കളിൽ കൃത്യമായി ചേരുവകളുടെ പേര് എഴുതണം എന്ന് പഠനം നടത്തിയവർ നിർദ്ദേശിക്കുന്നു. 'ഫ്രണ്ടിയേഴ്‌സ് ഇൻ മറൈൻ സയൻസ്' എന്ന ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

'ഞാൻ ഈ വീട് വിട്ട് പോവുകയാണ്, അവ വന്നാൽ ദയയോടെ പെരുമാറണം'; പഴയ വാടകക്കാരൻ പുതിയ വാടകക്കാരനെഴുതിയ കത്ത്
130 വർഷം പഴക്കമുള്ള വീട് വാങ്ങി, വീട്ടിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി ഒരു കത്ത്, ഞെട്ടിപ്പോയി!