മ്യാൻമറിൽ സൈന്യത്തിന്റെ നരനായാട്ടിനെ തുറന്നെതിർത്ത് സൗന്ദര്യമത്സര വിജയി

Published : Apr 06, 2021, 09:07 AM ISTUpdated : Apr 06, 2021, 09:09 AM IST
മ്യാൻമറിൽ സൈന്യത്തിന്റെ നരനായാട്ടിനെ തുറന്നെതിർത്ത് സൗന്ദര്യമത്സര വിജയി

Synopsis

സൈന്യം ഇതുവരെ അഞ്ഞൂറിൽ അധികം പൗരന്മാരെ വധിച്ചു കഴിഞ്ഞു എന്നാണ് പ്രാദേശിക സംഘടനകൾ പറയുന്നത്.   

സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന യുവതികളെ സാധാരണ തേടിയെത്താറുള്ളത് പരസ്യങ്ങൾക്കുള്ള അവസരങ്ങളാണ്. അത് നഷ്ടപ്പെടുത്തും വിധത്തിൽ വാ വിട്ട് ഒന്നും പറയുക പതിവില്ലാത്തതാണ് അവരിൽ ഭൂരിഭാഗവും. എന്നാൽ, ഈ കീഴ്വഴക്കത്തിന് വിരുദ്ധമായി, സ്വന്തം നാട്ടിലെ ജനങ്ങൾ രാജ്യത്തെ സൈന്യത്താൽ അരുംകൊല ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ, നാട്ടിൽ സൈന്യം നരനായാട്ടിന് തുനിഞ്ഞിറങ്ങിയപ്പോൾ അതിനെ നഖശിഖാന്തം എതിർത്തുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് മ്യാൻമറിലെ ഒരു സൗന്ദര്യ മത്സര വിജയി. മ്യാന്മറിന്റെ സർവാധിപത്യം ഒരു അട്ടിമറിയിലൂടെ പിടിച്ചെടുത്ത സൈന്യത്തിന്റെ കോപം ക്ഷണിച്ചു വരുത്തുന്ന, ഒരു പക്ഷെ നാട്ടിലെ തന്റെ കരിയർ തന്നെ എന്നെന്നേക്കുമായി അവതാളത്തിലാക്കിയേക്കാവുന്ന ഈ നിലപാട് സ്വീകരിക്കാൻ പക്ഷെ അവർക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. ഇത്തവണത്തെ മിസ് ഗ്രാൻഡ് മ്യാന്മർ പുരസ്‌കാര ജേതാവായ  ഈ യുവതിയുടെ പേര് ഹാൻ ലേ എന്നാണ്.

"ഇന്ന്, എന്റെ ജന്മനാട്ടിൽ, മ്യാന്മറിൽ എന്റെ സഹോദരങ്ങൾ അനുദിനം കൊല്ലപ്പെടുകയാണ്. ". തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന 2020 മിസ് ഗ്രാൻഡ് ഇന്റർനാഷണൽ സൗന്ദര്യ മത്സരത്തിൽ മ്യാന്മറിനെ പ്രതിനിധീകരിച്ചെത്തിയ ഹാൻ ലേ പറഞ്ഞു." ദയവായി മ്യാന്മറിനെ രക്ഷിക്കണം. അന്താരാഷ്ട്ര തലത്തിൽ നിന്ന് തന്നെ അതിനുവേണ്ടി പരിശ്രമങ്ങൾ, ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്." അവർ അപേക്ഷിച്ചു. 

സൗന്ദര്യമത്സരത്തിന് പോകുന്നതിന് ഒരു മാസം മുമ്പ് വരെയും, യാങ്കോണിന്റെ തെരുവുകളിൽ പ്ലക്കാർഡും കയ്യിലേന്തി പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുകയായിരുന്നു, ഇരുപത്തിരണ്ടുകാരിയായ ഹാൻ ലേ. രണ്ടു മാസം മുമ്പാണ് പട്ടാളം രാജ്യത്തിന്റെ പരമാധികാരം ഒരു സൈനിക അട്ടിമറിയിലൂടെ കയ്യേറുന്നത്. ആങ് സാൻ സ്യൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി തിരഞ്ഞെടുപ്പിലൂടെ നേടിയ വിജയം അതോടെ അസാധുവാക്കപ്പെട്ടു. സ്യൂചി വീട്ടുതടങ്കലിലുമായി. പതിനായിരങ്ങൾ പ്രതിഷേധസ്വരങ്ങളുമായി തെരുവിലേക്കിറങ്ങി. അവരെ സൈന്യം ആദ്യം ജലപീരങ്കി കൊണ്ടും, പിന്നീട് കണ്ണീർവാതകം കൊണ്ടും നേരിട്ടു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനങ്ങൾക്ക് നേരെ അടുത്ത ഘട്ടത്തിൽ റബ്ബർ ബുള്ളറ്റുകളും പിന്നീട് യഥാർത്ഥ വെടിയുണ്ടകളും വർഷിക്കപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച നടന്ന വെടിവെപ്പുകളിൽ കൊല്ലപ്പെട്ടത് നൂറിലധികം സമരക്കാരാണ്. സൈന്യം ഇതുവരെ അഞ്ഞൂറിൽ അധികം പൗരന്മാരെ വധിച്ചു കഴിഞ്ഞു എന്നാണ് പ്രാദേശിക സംഘടനകൾ പറയുന്നത്. 

യാങ്കോൺ സർവകലാശാലയിലെ മനഃശാസ്ത്രവിഭാഗം വിദ്യാർത്ഥിനിയായ ഹാൻ ലേ അന്താരാഷ്ട്ര തലത്തിൽ തന്റെ സ്വരം കേൾപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിത്തന്നെയാണ് സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെയും ഇങ്ങനെ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തത്. രണ്ടര മിനിട്ടു ദൈർഘ്യമുള്ള ആ പ്രസംഗം തന്റെ ജീവൻ പോലും ഇപ്പോൾ അപകടത്തിലാക്കിയിരിക്കുകയാണ് എന്ന് ഹാൻ ലേക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ട് തല്ക്കാലം തായ്‌ലൻഡിൽ തന്നെ അഭയം തേടിക്കൊണ്ടായാലും പ്രതിഷേധങ്ങൾ തുടരാൻ തന്നെയാണ് അവരുടെ തീരുമാനം. 

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ