50 വർഷത്തിനുശേഷം ഇന്ത്യയിലെ കാമുകനെ തേടി ഓസ്ട്രേലിയക്കാരിയുടെ കത്ത്, കുൽധരയിലെ പ്രേതഭൂമിയിൽ നിന്നൊരു പ്രണയകഥ!

By Web TeamFirst Published Apr 5, 2021, 3:53 PM IST
Highlights

പക്ഷേ, എല്ലായ്പ്പോഴും ഞാന്‍ മറീനയെ കുറിച്ച് ചിന്തിച്ചിരുന്നു. അവള്‍ വിവാഹം കഴിച്ചിരുന്നോ? ഞാനെന്നെങ്കിലുമിനി ഒരിക്കല്‍ കൂടി അവളെ കാണുമോ എന്നെല്ലാം ഞാന്‍ ചിന്തിച്ചു. പക്ഷേ, ഒരിക്കലും അവള്‍ക്കെഴുതാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. 

ഇതൊരു പ്രണയകഥയാണ്, മനുഷ്യന് വീണ്ടും പ്രണയത്തില്‍ വിശ്വാസം ജനിപ്പിക്കുന്ന അത്രയും മനോഹരമായൊരു പ്രണയകഥ. ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്‍ബുക്ക് പേജിലാണ് ഈ കഥ പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാനിലെ കുല്‍ധര എന്ന പ്രേതഭൂമിയെ കുറിച്ച് കേട്ടിട്ടില്ലേ? ആളുകളെല്ലാം ഉപേക്ഷിച്ചിറങ്ങിയ താര്‍ മരുഭൂമിയിലെ മണ്ണ്. അവിടെ ഗേറ്റ് കീപ്പറാണ് ഈ എണ്‍പത്തിരണ്ടുകാരന്‍. ഒരുപക്ഷേ, അവിടെ സ്ഥിരമായുള്ള ഒരേയൊരു മനുഷ്യനും ഇദ്ദേഹം തന്നെ. അദ്ദേഹത്തിന് മരുഭൂമി കാണാനെത്തിയ ഒരു ഓസ്ട്രേലിയക്കാരിയുമായി ഉണ്ടായ പ്രണയത്തെ കുറിച്ചാണ് ഇത്. 

ഇതാണ്, ആ എണ്‍പത്തിരണ്ടുകാരന്‍റെ പ്രണയകഥ: മറീനയെ കണ്ടുമുട്ടുന്നത് ഞാനെന്‍റെ മുപ്പതുകളില്‍ ഉള്ളപ്പോഴാണ്. മരുഭൂമി സഫാരിക്ക് വേണ്ടി ഓസ്ട്രേലിയയില്‍ നിന്നും ജയ്സാൽമീറിലെത്തിയതാണ് അവള്‍. അത് അഞ്ച് ദിവസത്തെ യാത്ര ആയിരുന്നു. ഞാനവളെ ഒട്ടകത്തിനു മുകളില്‍ യാത്ര ചെയ്യാന്‍ പഠിപ്പിച്ചു. എഴുപതുകളാണത്, ഒറ്റനോട്ടത്തില്‍ തന്നെ പ്രണയം പൂക്കുന്ന കാലം. നമുക്കിടയിലും അത് തന്നെയാണ് സംഭവിച്ചത്. ഞങ്ങള്‍ പ്രണയത്തിലായി. യാത്രയില്‍ മുഴുവനും ഞങ്ങള്‍ പരസ്‍പരം കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോകുമ്പോള്‍ അവളെന്നോട് പറഞ്ഞു, 'ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.' ഞാനാകെ ചുവന്നുപോയി. അതുവരെ ആരും എന്നോട് ഇഷ്‍ടമാണ് എന്ന് പറഞ്ഞിട്ടില്ലായിരുന്നു. നാണം കൊണ്ട് എനിക്കൊരു വാക്ക് പോലും മറുപടി പറയാന്‍ കഴിഞ്ഞില്ല. പക്ഷേ, അവള്‍ക്ക് എന്‍റെ പ്രണയം മനസിലായിരുന്നു. 

അവള്‍ തിരികെ പോയി. പക്ഷേ, ഞങ്ങള്‍ തമ്മിലുള്ള ബന്ധം അപ്പോഴും തുടര്‍ന്നു കൊണ്ടിരുന്നു. ഞങ്ങള്‍ പരസ്‍പരം കത്തുകള്‍ എഴുതി. എല്ലാ ആഴ്ചയും അവളുടെ കത്തുകള്‍ എന്നെത്തേടിയെത്തി. വളരെ പെട്ടെന്ന് തന്നെ അവളെന്നെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ചു. ഞാന്‍ ചന്ദ്രനും മീതെയായിപ്പോയി, അത്രയും സന്തോഷം. വീട്ടുകാരെ അറിയിക്കാതെ, 30,000 രൂപ ലോണെടുത്ത് ടിക്കറ്റും വിസയും സംഘടിപ്പിച്ച് ഞാന്‍ അവള്‍ക്കരികിലെത്തി. ആ മൂന്നുമാസത്തെ മാന്ത്രികമായ ദിനങ്ങളെന്നല്ലാതെ മറ്റൊന്നും എനിക്ക് വിളിക്കാനാവില്ല. അത്രയേറെ മനോഹരമായിരുന്നു അത്. അവളെന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു. ഞാനവളെ ഘൂമാർ (രാജസ്ഥാനിലെ ഒരു നൃത്തം)  പഠിപ്പിച്ചു. അവളെന്നോട് വിവാഹം കഴിക്കാം, എന്നിട്ട് ഓസ്ട്രേലിയയില്‍ ജീവിക്കാം എന്ന് പറഞ്ഞു. അതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. 

എനിക്ക് ഒരിക്കലും ഇന്ത്യ വിടാന്‍ ആവുമായിരുന്നില്ല. അവള്‍ക്ക് ഓസ്ട്രേലിയയും. ഇത് നടക്കില്ല എന്ന് എനിക്ക് അവളോട് പറയേണ്ടി വന്നു. ഞങ്ങള്‍ പിരിഞ്ഞു. അത് ഒട്ടും എളുപ്പമായിരുന്നില്ല. ഞാന്‍ തിരികെ വന്ന ദിവസം അവള്‍ ഒരുപാട് കരഞ്ഞു. പക്ഷേ, എനിക്കവളെ എന്നില്‍ നിന്നും പോകാന്‍ അനുവദിച്ചേ മതിയാകുമായിരുന്നുള്ളൂ. 

ജീവിതം പിന്നെയും മുന്നോട്ട് പോയി. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എനിക്ക് വിവാഹം കഴിക്കേണ്ടി വന്നു. കുടുംബത്തെ നോക്കാനായി ഈ കുല്‍ധാര എന്ന പ്രേതഭൂമിയിലെ ഗേറ്റ്കീപ്പറായി എനിക്ക് ജോലി ചെയ്യേണ്ടി വന്നു. പക്ഷേ, എല്ലായ്പ്പോഴും ഞാന്‍ മറീനയെ കുറിച്ച് ചിന്തിച്ചിരുന്നു. അവള്‍ വിവാഹം കഴിച്ചിരുന്നോ? ഞാനെന്നെങ്കിലുമിനി ഒരിക്കല്‍ കൂടി അവളെ കാണുമോ എന്നെല്ലാം ഞാന്‍ ചിന്തിച്ചു. പക്ഷേ, ഒരിക്കലും അവള്‍ക്കെഴുതാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. കാലം കഴിഞ്ഞു. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഓര്‍മ്മകള്‍ മങ്ങിപ്പോയി. കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളുമായി ഞാന്‍ തിരക്കിലായി. രണ്ട് വര്‍ഷം മുമ്പ് ഭാര്യയും മരിച്ചു. മക്കളും അവരുടെ കുടുംബങ്ങളുമായി വേറെയായി. ഞാനോ ഇവിടെ ഇന്ത്യയിലെ പ്രേതഭൂമിയില്‍ ഗേറ്റ്‍കീപ്പറായി ജോലിക്കാരനായി. 

ജീവിതത്തില്‍ എന്നെ വിസ്‍മയിപ്പിക്കുന്നതിനായി ഇനി ഒന്നും തന്നെ ഇല്ല എന്ന് തന്നെയാണ് ഞാന്‍ കരുതിയത്. പക്ഷേ, ജീവിതം വീണ്ടും എന്നെ വിസ്‍മയിപ്പിക്കുക തന്നെ ചെയ്‍തു. ഒരുമാസം മുമ്പ്, മറീന എനിക്ക് എഴുതി. 'നിങ്ങളെങ്ങനെയിരിക്കുന്നു എന്‍റെ സുഹൃത്തേ' എന്നാണ് അവളെഴുതിയത്. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെന്നെ കണ്ടെത്തി. അന്ന് മുതല്‍ എല്ലാ ദിവസവും അവളെന്നെ ഫോണ്‍ വിളിക്കുന്നു. ഒരുപാടുണ്ടായിരുന്നു ഞങ്ങള്‍ക്ക് പറയാന്‍. അവളൊരിക്കലും വിവാഹം കഴിക്കുകയുണ്ടായില്ല എന്ന് അവളെന്നോട് പറഞ്ഞു. എനിക്ക് വീണ്ടും ഒരു 21 വയസുകാരനായതുപോലെ തോന്നുന്നു. എനിക്ക് അറിയില്ല ഭാവി എന്താണ് കരുതി വച്ചിരിക്കുന്നത് എന്ന്. പക്ഷേ, എന്‍റെ ആദ്യപ്രണയം എന്നെത്തേടി എത്തിയിരിക്കുന്നു, എല്ലാ ദിവസവും എന്നോട് സംസാരിക്കുന്നു. ആ വികാരം എനിക്ക് പറഞ്ഞറിയിക്കാന്‍ എനിക്ക് കഴിയില്ല. 

(വാർത്തയ്ക്കുള്ളിലെ ചിത്രങ്ങൾ പ്രതീകാത്മകം)

click me!