നിനക്കെന്താടാ പിരാന്താ; ബോംബും കെട്ടിവച്ച് നിൽക്കുന്ന ഹൈജാക്കർക്കൊപ്പം ചിത്രം പകർത്തിയ വിമാനയാത്രക്കാരൻ

By Web TeamFirst Published Mar 6, 2024, 12:53 PM IST
Highlights

എന്തു ധൈര്യത്തിലാണ് അങ്ങനെയൊരു ഫോട്ടോ എടുത്തത് എന്ന് ചോദിച്ചപ്പോൾ ഇന്നസ് മറുപടി പറഞ്ഞത്, തനിക്ക് ഇയാളുടെ ദേഹത്ത് കെട്ടിവച്ചിരിക്കുന്ന ബോംബ് അടുത്തുനിന്ന് കാണാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ഫോട്ടോ എടുത്തത് എന്നാണ്.

വിമാനം ഹൈജാക്ക് ചെയ്ത ചാവേറിനൊപ്പം ഒരു ഫോട്ടോ പകർത്തുക അങ്ങനെയൊരു കാര്യം നിങ്ങൾക്ക് ചിന്തിക്കാനാകുമോ? എന്നാൽ, അങ്ങനെയൊരു സംഭവം 2016 -ൽ ഉണ്ടായിട്ടുണ്ട്. ഈജിപ്ത് എയർ MS181 വിമാനം ഹൈജാക്ക് ചെയ്തയാളുടെ കൂടെയാണ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ ഫോട്ടോയെടുത്തത്. 

2016 -ൽ, ഈജിപ്തിലെ അലക്സാണ്ട്രിയയിലെ എച്ച്ബിഇ എയർപോർട്ടിൽ നിന്ന് ഈജിപ്തിലെ കെയ്‌റോ എയർപോർട്ടിലേക്കുള്ള പോവുകയായിരുന്നു വിമാനം. ജീവനക്കാരടക്കം 62 പേരാണ് വിമാനത്തിൽ ആകെ ഉണ്ടായിരുന്നത്. അതിനിടയിലാണ് സൂയിസൈഡ് ബെൽറ്റ് ധരിച്ച ഒരാൾ വിമാനം ഹൈജാക്ക് ചെയ്തതായി അറിയിച്ചത്. വിമാനം സൈപ്രസിലേക്ക് തിരിച്ചുവിടണമെന്നായിരുന്നു ഹൈജാക്കർ ആവശ്യപ്പെട്ടത്. പൈലറ്റ് ഇത് അനുസരിച്ചില്ലെങ്കിൽ വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭാഗ്യവശാൽ, വിമാനം സൈപ്രസിലെ ലാർനാക്ക എയർപോർട്ടിൽ സുരക്ഷിതമായി ഇറങ്ങി. നാല് പേരെ വിമാനത്തിൽ പിടിച്ചുവച്ച് മറ്റുള്ള യാത്രക്കാരെ മുഴുവനും ഇയാൾ പോകാൻ അനുവദിച്ചു.

ആ സമയത്താണ് യാത്രക്കാരനായ ബെൻ ഇന്നസ് ഹൈജാക്കർക്കൊപ്പം ചിത്രം പകർത്തിയത്. ലീഡ്‌സിൽ നിന്നുള്ള ഹെൽത്ത് ആൻ്റ് സേഫ്റ്റി ഓഡിറ്ററാണ് ഇന്നസ്. ആബർഡീനിൽ താമസിക്കുന്ന ഇയാൾ വിമാനം പിടിച്ചെടുക്കുന്ന സമയത്ത് ഒരു ബിസിനസ് ട്രിപ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിമാനം പിടിച്ചെടുത്ത് കുറച്ച് സമയത്തിന് ശേഷമാണ് ഇയാൾ ഹൈജാക്കറോട് ഒരുമിച്ച് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചത്. ഹൈജാക്കർ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഇരുവരും ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തു. വിമാനത്തിലെ ഒരു ജീവനക്കാരനാണ് ഫോട്ടോ എടുത്തു കൊടുത്തത്. 

പിന്നീട്, വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരെയും ഇന്നസിനെയും വിട്ടയച്ചു. ​ഹൈജാക്കറിനെ അറസ്റ്റും ചെയ്തു. എന്തു ധൈര്യത്തിലാണ് അങ്ങനെയൊരു ഫോട്ടോ എടുത്തത് എന്ന് ചോദിച്ചപ്പോൾ ഇന്നസ് മറുപടി പറഞ്ഞത്, തനിക്ക് ഇയാളുടെ ദേഹത്ത് കെട്ടിവച്ചിരിക്കുന്ന ബോംബ് അടുത്തുനിന്ന് കാണാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ഫോട്ടോ എടുത്തത് എന്നാണ്. ആ ബോംബ് ഒറിജിനൽ ആയിരുന്നെങ്കിൽ പിന്നെ തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ. പ്രതികൂല സാഹചര്യങ്ങളിൽ സന്തോഷത്തോടെ ഇരിക്കാൻ താൻ ശ്രമിക്കുകയായിരുന്നു എന്നും ഇയാൾ പറഞ്ഞുവത്രെ. വിമാനത്തിൽ വച്ച് തന്നെ ഇയാൾ ആ ചിത്രം സുഹൃത്തുക്കൾക്കൊക്കെ അയച്ചു കൊടുത്തിരുന്നു. 

Ben Innes from poses for a picture with hijacker. pic.twitter.com/ywdGYuDWwm

— Paul Smith (@Journo_Paul)

എന്തായാലും, സെയ്ഫ് എൽഡിൻ മുസ്തഫ എന്നയാളാണ് വിമാനം ഹൈജാക്ക് ചെയ്തത്. മാത്രമല്ല, അയാളുടെ ദേഹത്തുണ്ടായിരുന്നത് വ്യാജബോംബും ആയിരുന്നു. ഇയാൾക്ക് തീവ്രവാദ ബന്ധങ്ങളൊന്നും ഇല്ലെന്നും പിന്നീട് കണ്ടെത്തി. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ മുസ്തഫയെക്കുറിച്ച് പിന്നീട് പറഞ്ഞത്, "അവൻ ഒരു തീവ്രവാദിയല്ല, മറിച്ച് ഒരു വിഡ്ഢിയാണ്. തീവ്രവാദികൾ ഭ്രാന്തന്മാരാണ്, പക്ഷേ അവർ വിഡ്ഢികളല്ല. ഇയാൾ ശരിക്കും വിഡ്ഢിയാണ് എന്നാണ്." സൈപ്രസിലുള്ള ഭാര്യയുടെ അടുത്തെത്താനാണ് ഇയാൾ ഇങ്ങനെ ചെയ്തത് എന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!