ദസറ ആഘോഷം, ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് നീണ്ടത് ആറ് മണിക്കൂർ, പുലർച്ചെ 2.30 ന് പുറത്തെത്തി!

Published : Oct 18, 2026, 04:28 PM IST
Dasara holiday rush

Synopsis

ദസറ അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാർ ബെംഗളൂരുവിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. കനത്ത മഴയും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉത്സവകാലത്തെ യാത്രാദുരിതം ഇരട്ടിയാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.

ദസറ അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിച്ച് ബെംഗളൂരുവിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. വെള്ളിയാഴ്ച വൈകീട്ടുണ്ടായ തിരക്കിൽ നഗരത്തിന് പുറത്തുകടക്കാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കേണ്ടിവന്നതായി യാത്രക്കാർ പറയുന്നു. ഇതിനിടെ പെയ്ത കനത്ത മഴയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. അർധരാത്രി കഴിഞ്ഞിട്ടും കാറുകളിലും ബസുകളിലും യാത്രക്കാർ കുടുങ്ങിയതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.

റോഡിൽ കിടന്നത് അഞ്ചും ആറും മണിക്കൂർ

ഐടി മേഖലയിൽ ജോലി ചെയ്യുന്ന അശാന്ത് എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ദുരിതത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നു. വൈകിട്ട് 7.05 -ന് ബെല്ലന്ദൂരിൽനിന്ന് യാത്ര തുടങ്ങിയെങ്കിലും രാത്രി 12.15 ആയിട്ടും അത്തിബെല്ലെയിൽ മാത്രമാണ് എത്തിയതെന്ന് അദ്ദേഹം കുറിച്ചു. ബെംഗളൂരു അതിർത്തിയിലെത്താൻ അഞ്ചു മണിക്കൂർ വേണ്ടിവന്നതായും അദ്ദേഹം പറയുന്നു.

മൈസൂരു, തുമക്കൂരു, വിമാനത്താവള റോഡുകളിലും ആറ് മണിക്കൂറോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നായി മറ്റൊരു എക്സ് ഉപയോക്താവ് കുറിച്ചു. പുലർച്ചെ മൂന്നും നാലും മണിവരെ യാത്രക്കാർ വഴിയിൽ കുടുങ്ങിയ സംഭവങ്ങളുമുണ്ടായി. മജസ്റ്റിക്കിൽനിന്ന് രണ്ട് കിലോമീറ്റർ പരിധി കടക്കാൻ ഒരു മണിക്കൂറിലധികം എടുത്തതായി റെഡ്ഡിറ്റിലെ ഒരു ഉപയോക്താവും പരാതിപ്പെട്ടു.

വർദ്ധിക്കുന്ന വാഹനങ്ങൾ, പരിമിതപ്പെടുന്ന സൗകര്യങ്ങൾ

ബെംഗളൂരു – മംഗളൂരു റൂട്ടിലെ കെഎസ്ആർടിസി ബസിന് നവരംഗ് തിയറ്റർ മുതൽ ഗൊരഗുണ്ടെപാളയ വരെ എത്താൻ മൂന്നര മണിക്കൂറിലധികം വേണ്ടിവന്നതായി കണ്ടക്ടർ പറഞ്ഞു. സാധാരണ വാരാന്ത്യങ്ങളിൽ യെശ്വന്ത്പുർ – ഗൊരഗുണ്ടെപാളയ പാതയിലൂടെ 800 – 900 ബസുകൾ കടന്നുപോകുമ്പോൾ ഉത്സവകാലത്തും ദീർഘവാരാന്ത്യങ്ങളിലും എണ്ണം 2,500 കടക്കുമെന്ന് ട്രാഫിക് ഉദ്യോഗസ്ഥ‍ർ പറയുന്നു. വാഹനങ്ങൾ ഓരോ വർ‍ഷവും കുടുമ്പോഴും ഗതാഗത സംവിധാനത്തിൽ അതിനനുസൃതമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ മാറി മാറി വരുന്ന സർക്കാരുകൾ തയ്യാറാകാത്തത് ഓരോ ഉത്സവകാലത്തും ദുരിതം ഇരട്ടിയാക്കുന്നു. പുലർച്ചെ 2.30 ഓടെയാണ് ഗതാഗതം സാധാരണ നിലയിലായതെന്നും റിപ്പോർട്ടുകൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ഭർത്താവ് സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റ്, യുവതിക്ക് കോടികളുടെ ജാക്ക്‌പോട്ട്!
വാടക ഒരു ദിവസം വൈകിയതിന് പിഴ, വീട്ടുടമയ്ക്ക് ചുട്ടമറുപടിയായി യുവാവിന്റെ എക്സൽ ഷീറ്റ്