
സാധാരണ വീട്ടുടമകളെന്നാൽ പലർക്കും പേടിസ്വപ്നമാണ്. എന്തിനും ഏതിനും കുറ്റവും വഴക്കും. എന്നാൽ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനായ ഒരു വീട്ടുടമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരു വീട്ടുടമയെ കിട്ടാൻ വലിയ ഭാഗ്യം തന്നെ വേണം എന്നാണ് നെറ്റിസൺസ് ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ബെംഗളൂരുവിൽ സോഫ്റ്റ്‍വെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന കൃതിക കുമാരി എന്ന യുവതിയാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീട്ടുടമ അയച്ചിരിക്കുന്ന മെസ്സേജിന്റെ സ്ക്രീൻഷോട്ടാണ് യുവതി ഷെയർ ചെയ്തിരിക്കുന്നത്.
ജൂലൈയിലാണ് കൃതിക ഇപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്ന ഈ വീട് ഒഴിയാനിരുന്നത്. അതവൾ വീട്ടുടമയുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ, മറ്റൊരു വാടകവീട് പ്രതീക്ഷിച്ചതുപോലെ കൃതികയ്ക്ക് കിട്ടിയില്ല. അതോടെ കുറച്ചുദിവസങ്ങൾ കൂടി അവൾക്ക് നീട്ടി ചോദിക്കേണ്ടി വന്നു. കുറച്ചുനാൾ കൂടി താമസിച്ചോട്ടെ എന്നുള്ള കൃതികയുടെ ചോദ്യത്തിന് വളരെ അപ്രതീക്ഷിതവും മനോഹരവുമായ ഒരു മറുപടിയാണ് വീട്ടുടമ നൽകിയത്.
'ജൂലൈ അവസാനത്തോടെ ഞാൻ വീട് ഒഴിയുമെന്ന് വീട്ടുടമസ്ഥനെ അറിയിച്ചിരുന്നു, പക്ഷേ, എനിക്ക് ഒരു ഫ്ലാറ്റ് കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ, സെപ്റ്റംബർ വരെ അവിടെ താമസിക്കാമോ എന്ന് ചോദിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിന് മെസ്സേജ് അയച്ചു. ഇതാണ് അദ്ദേഹം മറുപടി നൽകിയത്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
I had informed my landlord that I would be vacating by the end of July, but I couldn’t find a flat. So, I texted him asking if I could stay until September. This is what he replied. pic.twitter.com/KUkYcNYLbt
— Kritika kumari (@kritikatwtss) June 23, 2026
എന്തായിരുന്നു വീട്ടുടമയുടെ മറുപടി എന്നല്ലേ? 'ദയവായി പോകരുത്. നിങ്ങൾ കൂടുതൽ കാലത്തേക്ക് ഈ വീട് വാടകയ്ക്ക് എടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്' എന്നായിരുന്നു നെറ്റിസൺസിന്റെ കയ്യടി നേടിയ ആ മറുപടി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത്രയും നല്ലൊരു വീട്ടുടമയെ കിട്ടാൻ ഭാഗ്യം ചെയ്യണം, അതിനാൽ നിങ്ങൾ വീട് ഒഴിയുകയേ ചെയ്യരുത് എന്നായിരുന്നു ഭൂരിഭാഗം പേരുടെയും കമന്റുകൾ.