
വർഷങ്ങളായി മാലിന്യം തള്ളി റോഡൊരു മാലിന്യകൂമ്പാരമായി മാറി. പലരും അതുവഴി പോയെങ്കിലും ആരും അതിനെ കുറിച്ച് ആശങ്കപ്പെട്ടില്ല. ഒടുവിൽ ഒരു കനേഡിയൻ പൗരൻ റോഡിന്റെ ശോച്യാവസ്ഥ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ അധികൃതരും നാട്ടുകാരും കൈകോർത്ത് രംഗത്തെത്തി. അതോടെ റോഡ് വൃത്തിയായി. മാലിന്യക്കൂമ്പാരമായി മാറിയ റോഡ് വൃത്തിയാക്കിയതിന് പിന്നാലെ ബയോകോൺ സ്ഥാപക കിരൺ മസുംദാർ ഷാ നന്ദി പ്രകടനവുമായി രംഗത്തെത്തി. എന്നാൽ പ്രവർത്തനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാതെ ബന്ധപ്പെട്ട അധികൃതരെയും സന്നദ്ധപ്രവർത്തകരെയും അഭിനന്ദിക്കുകയായിരുന്നു കനേഡിയൻ പൗരനായ കാലെബ് ഫ്രൈസൻ. ബെംഗളൂരുവിലെ വിൻഡ് ടണൽ റോഡിലെ ശുചീകരണ പ്രവർത്തനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഫ്രൈസൻ, ബെംഗളൂരുവിലെ തകർന്ന നടപ്പാതകൾ, മോശം റോഡുകൾ, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ തുടങ്ങിയവ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ചൂണ്ടിക്കാട്ടാറുണ്ട്. ഒക്ടോബർ ഏഴിന് വിൻഡ് ടണൽ റോഡിന്റെ ഒരു ഭാഗത്ത് മാലിന്യവും അവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. പിന്നാലെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും സന്നദ്ധപ്രവർത്തകരും ചേർന്ന് പ്രദേശം വൃത്തിയാക്കി. മതിലുകൾക്ക് പുതിയ പെയിന്റടിക്കുകയും റോഡരികിൽ കർബ് സ്ഥാപിക്കുകയും ചെയ്തു. പിന്നാലെ നടപ്പാതയുടെ നിർമാണവും ആരംഭിച്ചു. ഏകദേശം പത്ത് ദിവസത്തിനുള്ളിൽ പ്രദേശത്തിന്റെ രൂപം തന്നെ മാറിയെന്ന് പിന്നീട് ഫ്രൈസൻ എക്സിൽ കുറിച്ചു.
Thankyou @CalebFranzen for getting things done in our city. Please keep this effort going and hopefully we will have a clean city 🙏
— Kiran Mazumdar-Shaw (@kiranshaw) October 18, 2026
നഗരം വൃത്തിയാക്കാനുള്ള ശ്രമം തുടരണമെന്നും ബെംഗളൂരുവിനെ ശുചിത്വമുള്ള നഗരമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും കിരൺ മസുംദാർ ഷാ പ്രതികരിച്ചു. നഗരത്തിൽ മാറ്റമുണ്ടാക്കാൻ സഹായിച്ചതിന് ഫ്രൈസനോട് അദ്ദേഹം നന്ദിയും അറിയിച്ചു. എന്നാൽ, താൻ നേരിട്ട് ശുചീകരണം നടത്തിയിട്ടില്ലെന്നും നല്ല പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഫ്രൈസൻ വ്യക്തമാക്കി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, ബാംഗ്ലൂർ വോക്സ് നടത്തുന്ന അരുൺ പൈ, അനോമലി സ്ഥാപകൻ വിരേന്ദ്ര സൂര്യവംശി എന്നിവർക്കാണ് അദ്ദേഹം ക്രെഡിറ്റ് നൽകിയത്. മാലിന്യം തള്ളുന്നവർക്കെതിരെ പിഴ ചുമത്തിത്തുടങ്ങിയതായും അധികൃതരും ജനങ്ങളുടെയും ശ്രമഫലമായാണ് മാറ്റം സാധ്യമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.