
ഓൺലൈനിലൂടെ പരിചയപ്പെട്ട കാമുകിയെ നേരിൽ കാണാനും ഒരുമിച്ച് പുതിയ ജീവിതം തുടങ്ങാനുമായി സമ്പാദ്യമെല്ലാം വിറ്റ് 1,900 കിലോമീറ്ററിലേറെ യാത്ര ചെയ്ത ബ്രസീൽ സ്വദേശിക്ക് ഒടുവിൽ കടുത്ത നിരാശ. താൻ പ്രണയിച്ച യുവതി യഥാർഥ വ്യക്തിയല്ലെന്നും നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിച്ച കഥാപാത്രമാണെന്നും തിരിച്ചറിഞ്ഞതോടെയാണ് 49 -കാരനായ എഡിമർ മാർട്ടിൻസിന്റെ എല്ലാ പ്രതീക്ഷകളും തകർന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
മരൻഹാവോ സ്വദേശിയായ മാർട്ടിൻസ് 2020 -ലാണ് ജെസിക്ക ഒലിവേര അഥവാ ജെസിക്ക ഫസെൻഡെയ്റ എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ട് ശ്രദ്ധിക്കുന്നത്. ഗ്രാമീണ ജീവിതവും ഫാമിലെ കാഴ്ചകളും പങ്കുവെച്ചിരുന്ന യുവതിയുടെ അക്കൗണ്ടിന് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ടായിരുന്നു. തന്റെ ഫാമിലേക്ക് താമസിക്കാൻ വരുന്ന പുരുഷന്മാർക്ക് വീടും സാമ്പത്തിക സഹായവും നൽകാമെന്ന തരത്തിലുള്ള വാഗ്ദാനങ്ങളും ജെസിക്ക ഒലിവേര വീഡിയോകളിലൂടെ പങ്കുവച്ചിരുന്നു.
🇧🇷 In Brazil, a 49-year-old man sold all his belongings and traveled more than 1,200 miles to meet the woman he hoped to marry — only to discover his dream girl was Al-generated.
Edimar Martins had been talking to
"Jéssica Oliveira" for 4 years after he discovered her on social media.
She posted videos of herself on a farm and promised to support the right man so he'd never have to work again.
When Edimar arrived in Belo Horizonte after a long bus journey, he discovered the truth.
Jéssica wasn't real.
She was an Al-generated persona with over 300,000 followers.
Edimar later admitted he never once suspected he'd been talking to a computer.
— WTF (@mrwtffacts) October 18, 2026
അമ്മയുടെ മരണശേഷം ഏകാന്തത അനുഭവിച്ചിരുന്ന മാർട്ടിൻസ് ഈ വാഗ്ദാനങ്ങൾ വിശ്വസിച്ചു. ഒക്ടോബർ ഒമ്പതിന് യാത്രയ്ക്കായി തന്റെ സാധനങ്ങളെല്ലാം വിറ്റ അദ്ദേഹം ബസിൽ ഒരു ദിവസത്തിലേറെ യാത്ര ചെയ്ത് ഒക്ടോബർ 11 -ന് ബെലോ ഹൊറിസോണ്ടെയിലെത്തി. യുവതിയെ കണ്ടെത്താൻ ചിത്രങ്ങളുമായി നഗരത്തിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പ്രാദേശിക റേഡിയോ സ്റ്റേഷന്റെ സഹായം തേടിയപ്പോഴാണ് അക്കൗണ്ട് വ്യാജമാണെന്നും യുവതി എഐ സൃഷ്ടിയാണെന്നും അറിഞ്ഞത്.
അക്കൗണ്ടിന് പിന്നിലുള്ളയാൾ പിന്നീട് കഥാപാത്രം എഐ നിർമിതമാണെന്ന് സമ്മതിക്കുകയും മാർട്ടിൻസുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഒടുവിൽ തന്റെ കൈയിലെ പണമെല്ലാം തീർന്നതോടെ മാർട്ടിൻസിന് നഗരസഭയുടെ സഹായം തേടേണ്ടിവന്നു. അധികൃതർ ഭക്ഷണവും കുളിക്കാനുള്ള സൗകര്യവും നാട്ടിലേക്ക് മടങ്ങാനുള്ള ബസ് ടിക്കറ്റും നൽകി. നിരാശയ്ക്കിടയിലും യഥാർഥ പങ്കാളിയെ കണ്ടെത്താനുള്ള പ്രതീക്ഷ അദ്ദേഹം കൈവിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.