വരൂ, ഒരുനാൾ ട്രാഫിക് പൊലീസാകാം; ബെംഗളൂരുവിലെ ‘കോപ് ഫോർ ദി ഡേ' പദ്ധതിക്ക് വൻ സ്വീകാര്യത, ഒപ്പം വിമർശനവും

Published : Aug 25, 2026, 05:19 PM IST
Bengaluru traffic police Cop for the Day

Synopsis

ബെംഗളൂരു ട്രാഫിക് പൊലീസ് 'കോപ് ഫോർ ദി ഡേ' എന്ന പദ്ധതി വീണ്ടും ആരംഭിച്ചു. ഇതിലൂടെ നഗരവാസികൾക്ക് ഒരു ദിവസം ട്രാഫിക് പൊലീസിനൊപ്പം പ്രവർത്തിച്ച് ട്രാഫിക് നിയന്ത്രണത്തിന്‍റെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാം. യാത്രക്കാരുടെ നിർദേശങ്ങൾ ശേഖരിച്ച് ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കും ട്രാഫിക് നിയമലംഘനങ്ങളും നേരിട്ട് അനുഭവിച്ചറിയാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. ‘കോപ് ഫോർ ദി ഡേ' (Cop for the Day) എന്ന പേരിൽ വീണ്ടും ആരംഭിച്ച പദ്ധതിയിലൂടെ നഗരവാസികൾക്ക് ഒരു ദിവസം ട്രാഫിക് പൊലീസിനൊപ്പം പ്രവർത്തിക്കാൻ അവസരം. ട്രാഫിക് നിയന്ത്രണത്തിന്‍റെ യഥാർഥ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കുന്നതിനൊപ്പം, യാത്രക്കാരുടെ അനുഭവങ്ങളും നിർദേശങ്ങളും പൊലീസുമായി പങ്കുവെക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

'വരൂ, ഒരുനാൾ ട്രാഫിക്ക് നിയന്ത്രിക്കാം'

ബെംഗളൂരു ട്രാഫിക് പൊലീസ് എക്സിലൂടെയാണ് പദ്ധതിയിലേക്ക് നഗരവാസികളെ ക്ഷണിച്ചത്. “ഒരു ട്രാഫിക് പൊലീസുകാരന്‍റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ അനുഭവിച്ചറിയൂ” എന്ന ആശയത്തോടെയാണ് പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ BTP ASTraM ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. അപേക്ഷകൾ പരിശോധിച്ച ശേഷമായിരിക്കും പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ പരിശീലനവും നൽകും.

അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കും

പരിശീലനത്തിന് ശേഷം തിരക്കേറിയ സമയങ്ങളിൽ നഗരത്തിലെ തെരഞ്ഞെടുത്ത ജംഗ്ഷനുകളിൽ ട്രാഫിക് പൊലീസിനൊപ്പം പ്രവർത്തിക്കാനാണ് അവസരം. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുക, നിയമലംഘനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ജോലികൾക്കൊപ്പം, റോഡിലെ യഥാർത്ഥ സാഹചര്യങ്ങൾ അടുത്തറിയാനും ഇതിലൂടെ സാധിക്കും. പൊലീസിന്‍റെ ദൈനംദിന ഉത്തരവാദിത്തങ്ങളും സേന നേരിടുന്ന വെല്ലുവിളികളും പൊതുജനങ്ങൾക്ക് കൂടി മനസ്സിലാക്കാൻ പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, പൊതുജനങ്ങളുടെ കാഴ്ചപ്പാടും നിർദേശങ്ങളും ശേഖരിച്ച് ട്രാഫിക് നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും പൊലീസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

അഭിനന്ദനം, ഒപ്പം വിമ‍ർശനവും

പദ്ധതിക്ക് സമൂഹ മാധ്യമങ്ങളിൽ പിന്തുണയ്ക്കൊപ്പം വിമർശനവും ഉയർന്നു. മുംബൈ, പൂനെ ഉൾപ്പെടെയുള്ള രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ പരിപാടി നടപ്പാക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവരെ നേരിട്ട് കൈകാര്യം ചെയ്യാനും ഗതാഗത നിയന്ത്രണം എത്ര ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് മനസ്സിലാക്കാനും ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം എല്ലാ ജോലിക്കും അതിന്‍റെതായ പ്രയാസങ്ങളുണ്ടെന്നും പോലീസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിക്കണമെന്നും ചിലർ എഴുതി. പൗരന്മാരോട് കൂടുതൽ സൗമ്യമായും സഹായകരമായും പെരുമാറുന്നതിന് ആദ്യം പൊലീസിനുള്ള പരിശീലനമാണ് വേണ്ടതെന്ന് മറ്റ് ചിലർ കുറിച്ചു. ആദ്യം റോഡ്, നന്നാക്കൂ എന്നിട്ടാകാം ഗതാഗതം എന്നെഴുതിയവരും കുറവല്ല.

PREV
Read more Articles on
click me!

Recommended Stories

വന്യജീവി സംരക്ഷണത്തിന് പുതിയ കൂട്ടുകെട്ട്; അനന്ത് അംബാനിയുടെ വൻതാരയുമായി കൈകോർത്ത് ഇന്തോനേഷ്യ
അമിതമായ സ്ക്രീൻ ഉപയോ​ഗം? ജോലി സമ്മർദ്ദം? സിമ്പിളാണ് പരീക്ഷിക്കാം 'നോന്നാമാക്സിംഗ്', വെല്‍നെസ് ട്രെന്‍ഡ്