അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാര, ഇന്തോനേഷ്യൻ വനം മന്ത്രാലയവുമായി ചേർന്ന് രാജ്യത്തെ വന്യജീവി സംരക്ഷണം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നു. ഈ പങ്കാളിത്തത്തിന്‍റെ ഭാഗമായി പരിശീലന പരിപാടികളും 'ഹോസ്പിറ്റൽസ് ഓൺ വീൽസ്' പോലുള്ള പദ്ധതികളും നടപ്പിലാക്കും. വൻതാരയുടെ വൈദഗ്ധ്യവും സാങ്കേതിക സഹായവും ഈ സംയുക്ത സംരംഭത്തിനായി ലഭ്യമാക്കും.

നന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ സ്വകാര്യ വന്യജീവി സംരക്ഷണ സംരംഭമായ വൻതാരയും ഇന്തോനേഷ്യൻ വനം മന്ത്രാലയവും തമ്മിൽ രാജ്യത്തെ വന്യജീവികളുടെ ആരോഗ്യപരിചരണം, വെറ്ററിനറി സേവനങ്ങൾ, സ്വാഭാവിക ആവാസവ്യവസ്ഥയിലെ സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി സുപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്തോനേഷ്യൻ വന്യജീവി സംഘടനയായ പിടി ഫ്യൂന ലാൻറ് ഗ്രൂപ്പിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റിലയൻസ് ഗ്രൂപ്പിന്‍റെ കീഴിലുള്ള ഗുജറാത്തിലെ ജാംനഗറിൽ സ്ഥിതി ചെയ്യുന്ന 3,500 ഏക്കർ വിസ്തൃതിയുള്ള സ്വകാര്യ വന്യജീവി രക്ഷാ, പരിചരണ, പുനരധിവാസ സംരംഭമാണ് വന്താര.

പ്രഖ്യാപനം ജക്കാർത്തയിൽ

ജക്കാർത്തയിൽ നടന്ന പ്രഖ്യാപനത്തിൽ ഇന്തോനേഷ്യൻ വനംമന്ത്രി രാജ ജൂലി ആന്‍റോണി, വന്യജീവികൾക്ക് ആവശ്യമായ സൗകര്യങ്ങളും വിദഗ്ധരെയും വിഭവങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സഹകരണത്തിന്‍റെ ലക്ഷ്യമെന്ന് പറഞ്ഞു. കരാറിന്‍റെ ഭാഗമായി രൂപീകരിക്കുന്ന സൗകര്യങ്ങളും പരിപാടികളും ഇന്തോനേഷ്യൻ സർക്കാരും ബന്ധപ്പെട്ട അധികാരികളുടെയും ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരിക്കും നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Scroll to load tweet…

സംയുക്ത സംരംഭം

ആനപരിപാലകർ, വെറ്ററിനറി ഡോക്ടർമാർ, വന്യജീവി മാനേജ്മെന്‍റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കായി പങ്കാളിത്തത്തിന്‍റെ ഭാഗമായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ, വന്യജീവികൾ കഴിയുന്ന സ്വാഭാവിക ആവാസകേന്ദ്രങ്ങളിൽ നേരിട്ട് ചികിത്സ ലഭ്യമാക്കുന്നതിനായി 10 ഹോസ്പിറ്റൽസ് ഓൺ വീൽസ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. വൻതാരയുടെ വെറ്ററിനറി വിദഗ്ധർ, സാങ്കേതിക പരിജ്ഞാനം, അടിസ്ഥാനസൗകര്യ സഹായം, പരിശീലന സംവിധാനങ്ങൾ എന്നിവ ഇതിനായി ലഭ്യമാക്കും.

വൻതാര

വൻതാരയുടെ അന്താരാഷ്ട്ര വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിൽ ഇന്തോനേഷ്യയുമായുള്ള ഈ സഹകരണം നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. അനന്ത് അംബാനി സ്ഥാപിച്ച വൻതാര ഇന്ത്യയിലെ ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തിക്കുന്ന വലിയ തോതിലുള്ള വന്യജീവി രക്ഷ, ചികിത്സ, പുനരധിവാസ സംരംഭമാണ്. പരിക്കേറ്റതും അപകടത്തിലായതുമായ വന്യജീവികൾക്ക് വിദഗ്ധ ചികിത്സയും ദീർഘകാല പരിചരണവും നൽകുന്നതിലാണ് പദ്ധതിയുടെ പ്രധാന ശ്രദ്ധ.