കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ തമിഴ്‌നാട്ടിലെ വ്യാപാരികള്‍

By Web TeamFirst Published Nov 21, 2019, 4:11 PM IST
Highlights

കുരുമുളക് കര്‍ഷകര്‍ നേരിട്ട് കേരളത്തിന് പുറത്തേക്ക് വില്‍പ്പന നടത്തുന്നത് കൊച്ചിയിലെ കുരുമുളക് വിപണിയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുമെന്ന് സുഗന്ധവ്യഞ്ജന വ്യാപാരികള്‍ പറയുന്നു.

കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ തങ്ങളെ സമീപിക്കുന്ന വ്യാപാരികള്‍ക്ക് നേരിട്ട് കുരുമുളക് നല്‍കാനുള്ള ശ്രമത്തിലാണ്. തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കിയിലെ കുരുമുളക് കര്‍ഷകരെ സമീപിക്കുന്ന വ്യാപാരികള്‍ കൂടുതല്‍ പണം നല്‍കുന്നതുകൊണ്ട് കൊച്ചിയിലെ കമ്പോളത്തില്‍ വില്‍പ്പനയ്‌ക്കെത്തുന്ന കുരുമുളകില്‍ വന്‍ ഇടിവ്.

കൊച്ചിയിലെ കമ്പോളത്തില്‍ ഒരു കിലോഗ്രാം കുരുമുളകിന്റെ വില 325 രൂപയാണ്. ഇടുക്കിയിലെ കുരുമുളക് കര്‍ഷകരില്‍ നിന്ന് കിലോഗ്രാമിന് 330 മുതല്‍ 340 വരെ വില നല്‍കി തമിഴ്‌നാടില്‍ നിന്നുള്ള വ്യാപാരികള്‍ നേരിട്ട് വാങ്ങാന്‍ തയ്യാറാണ്. കമ്പം, തേനി, ഈറോഡ് എന്നിവിടങ്ങളില്‍ നിന്നും കച്ചവടക്കാര്‍ കേരളത്തിലെത്തി കുരുമുളക് വാങ്ങാന്‍ തയ്യാറാകുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഇവിടെ കമ്പോളത്തില്‍ വിറ്റഴിക്കേണ്ട കാര്യമില്ലല്ലോ എന്ന് കുരുമുളക് കര്‍ഷകര്‍ ചിന്തിച്ചുതുടങ്ങുന്നു. കൊച്ചിയിലെ കമ്പോളത്തില്‍ എത്തിക്കാനുള്ള യാത്രാച്ചെലവ് കര്‍ഷകര്‍ക്ക് താങ്ങാനാകാത്തതും മറ്റൊരു കാരണമാണ്. കുരുമുളക് പായ്ക്ക് ചെയ്യാനും ഇറക്കിവെക്കാനുള്ള തൊഴിലാളികള്‍ക്ക് പ്രതിഫലവും കര്‍ഷകര്‍ക്ക് നല്‍കേണ്ടി വരുന്നുണ്ട്.

കുരുമുളക് കര്‍ഷകര്‍ നേരിട്ട് കേരളത്തിന് പുറത്തേക്ക് വില്‍പ്പന നടത്തുന്നത് കൊച്ചിയിലെ കുരുമുളക് വിപണിയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുമെന്ന് സുഗന്ധവ്യഞ്ജന വ്യാപാരികള്‍ പറയുന്നു.

കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ കുരുമുളക് കര്‍ഷകരെ ഇത്തവണ കാര്യമായി ബാധിച്ചിട്ടില്ല. 2019-20 -ല്‍ 50,000 മുതല്‍ 55,000 ടണ്‍ കുരുമുളക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം 48,000 ടണ്‍  ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, 52,000 ടണ്‍ കുരുമുളക് ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞു.

'2019-20 -ല്‍ ഞങ്ങള്‍ നല്ല വിളവ് പ്രതീക്ഷിക്കുന്നുണ്ട്. 60,000 ടണ്ണില്‍ കൂടുതല്‍ കുരുമുളക് ലഭിക്കാനുള്ള സാധ്യതയുണ്ട്. മാര്‍ച്ച്-ഏപ്രില്‍ മാസത്തിലുണ്ടായ വരള്‍ച്ചയും പിന്നീടുണ്ടായ വെള്ളപ്പൊക്കവും ഞങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.' കൊച്ചിയിലെ കിഷോര്‍ സ്‌പൈസസ് വഴി വ്യാപാരം നടത്തുന്ന കിഷോര്‍ ഷംജി പറയുന്നു.

ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ കണക്ക് അനുസരിച്ച് 2019-20 വര്‍ഷത്തില്‍ 47,000 ടണ്‍ കുരുമുളകാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, 50,000 ടണ്ണിനും 55,000 ടണ്ണിനും ഇടയിലുള്ള വിളവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് കിഷോര്‍ ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കുരുമുളക് കൃഷി

ഏറ്റവും വരുമാനം നേടിത്തരുന്ന കൃഷിയാണ് ഇത്. അതേസമയം ഏറ്റവും ചെലവ് കുറവുമാണ്. പക്ഷേ, കേരളത്തില്‍ കൃഷിയില്‍ വലിയ ഇടിവ് വന്നിട്ടുണ്ട്. കേരളത്തിലെ കുരുമുളക് കൃഷിയുടെ പ്രധാന ഭാഗം കാസര്‍കോടും കണ്ണൂരും ഉള്‍പ്പെട്ട പ്രദേശങ്ങളിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മുപ്പതിനായിരത്തില്‍ കൂടുതല്‍ ഏക്കറില്‍ കൃഷി ഉണ്ടായിരുന്നത് ഇപ്പോള്‍ 12,000 എക്കറായി കുറഞ്ഞു.

അടുത്തകാലത്തായി സര്‍ക്കാര്‍ സഹായം ലഭ്യമാണെന്നതുകൊണ്ട് കുരുമുളക് കൃഷി ചെയ്യാന്‍ ആള്‍ക്കാര്‍ താല്‍പര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു. കുരുമുളക് കൃഷിയില്‍ അഭിമൂഖീകരിക്കുന്ന പ്രശ്‌നം നല്ല വിത്തുവള്ളി ലഭിക്കാനുള്ള പ്രയാസമാണ്.

നാഗപതി രീതി

ഇന്ന് കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് ഇത്. പോളിത്തീന്‍ ബാഗില്‍, വേരുപിടിപ്പിച്ച നല്ലയിനം കുരുമുളക് തൈകള്‍ നിരനിരയായി വയ്ക്കണം. പുതിയ നാമ്പുകള്‍ വരുമ്പോള്‍ നടീല്‍ മിശ്രിതം നിറച്ച് ചെറിയ പോളിത്തീന്‍ ബാഗുകള്‍ തിരശ്ചീനമായി നിരത്തിവെച്ച് വളര്‍ന്നുവരുന്ന മുട്ടുകള്‍ക്ക് മിശ്രിതത്തില്‍ പുതുവേരുകള്‍ വളര്‍ന്നിറങ്ങാന്‍ സഹായിക്കണം. വളര്‍ന്നുവരുന്ന ചെടിയുടെ തണ്ട് മിശ്രിതത്തില്‍ മുട്ടിയിരിക്കണം. ഇതിനായി 'v' ആകൃതിയിലുള്ള ഈര്‍ക്കില്‍ കഷണങ്ങള്‍ പുതുതായി വരുന്ന ഓരോ ബാഗിലും കുത്തിക്കൊടുക്കാം.

മുട്ടുകള്‍ ഉണ്ടാകുന്നതിനനുസരിച്ച് ഓരോ മുട്ടിലും നടീല്‍ മിശ്രിതം നിറച്ച പോളിത്തീന്‍ ബാഗുകള്‍ വച്ചുകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം മൂന്ന് മാസങ്ങള്‍ കൊണ്ട് ആദ്യം വളര്‍ന്ന കടഭാഗത്തുള്ള മുട്ടുകളില്‍ ദൃഢമായ വേരുപടലം ഉണ്ടാകുകയും അവ മുട്ടോടുകൂടി പറിച്ചെടുത്ത് പോളിത്തീന്‍ ബാഗോടെ തണലില്‍ മാറ്റിവെക്കുകയും ചെയ്യുന്നു. ഇത്തരം ചെടികളില്‍ ഒരാഴ്ചക്കകം പുതിയ നാമ്പുകള്‍ ഉണ്ടാകുന്നു. വീണ്ടും രണ്ടു മാസങ്ങള്‍ കഴിയുമ്പോള്‍ തൈകള്‍ തോട്ടത്തില്‍ നടാനായി ഉപയോഗിക്കാം.

ദൃഢമായ വേരുപടലങ്ങളുള്ള അടിഭാഗത്തെ മുട്ടുകള്‍ മുറിച്ചെടുത്തശേഷം ശേഷിക്കുന്ന തലഭാഗം വളരുവാന്‍ അനുവദിക്കുകയും അതിനനുസരിച്ച് മേല്‍പ്രക്രിയകള്‍ ആവര്‍ത്തിക്കുകയും ചെയ്യാം.

റോസ് കാന്‍ ഉപയോഗിച്ചുള്ള നന ഈ തൈകള്‍ക്ക് അത്യാവശ്യമാണ്. ഒരു ചെടിയില്‍ നിന്ന് ഏകദേശം അറുപതോളം വേരുപിടിച്ച തൈകള്‍ ഇങ്ങനെ ഉത്പാദിപ്പിക്കാം. രണ്ട് ശതമാനം വീര്യമുള്ള വെര്‍മിവാഷ് അല്ലെങ്കില്‍ സ്യൂഡോമോണാസ് 15 ദിവസം ഇടവിട്ട് ചെടികളില്‍ തളിക്കുന്നത് കൊടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്നു.

സൂര്യതാപീകരണം

രോഗങ്ങളുണ്ടാക്കുന്ന കീടങ്ങളെ നശിപ്പിക്കാനാണ് സൂര്യതാപീകരണം ചെയ്യുന്നത്.

മണ്ണ്, മണല്‍, ചാണകം എന്നിവ 2:1:1 എന്ന അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് സൂര്യതാപീകരണത്തിന് വിധേയമാക്കാം. വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രം നഴ്‌സറി തയ്യാറാക്കേണ്ടുന്ന സ്ഥലങ്ങളില്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ സൂര്യതാപീകരണം ചെയ്ത്, മിത്രകുമിളുകള്‍ ചേര്‍ത്ത് മണ്‍മിശ്രിതം സമ്പുഷ്ടമാക്കിയ ശേഷം മാര്‍ച്ച് മാസത്തില്‍ പോളിത്തീന്‍ ബാഗില്‍ നിറയ്ക്കാനായി ഉപയോഗിക്കാം


(കടപ്പാട്: ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം)


 

click me!