കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരവുമായി സര്‍ക്കാര്‍ പദ്ധതി

By Web TeamFirst Published Nov 21, 2019, 2:30 PM IST
Highlights

പരമ്പരാഗതമായ രീതിയില്‍ കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുകയാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനെന്ന് അവര്‍ വ്യക്തമാക്കുന്നു.

കാര്‍ഷിക രംഗത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാനും  ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സെല്‍ രൂപവത്കരിക്കാന്‍ പദ്ധതി. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഇത്തരം സ്റ്റാര്‍ട്ട് അപ്പുകള്‍ വളരെ ഉപകാരപ്രദമായിരിക്കുമെന്ന് നാഷണല്‍ റെയിന്‍ഫെഡ് അതോറിറ്റിയുടെ സി.ഇ.ഒ അശോക് ദാല്‍വായ് ന്യൂഡല്‍ഹിയില്‍ നടന്ന സ്റ്റാര്‍ട്ട് അപ്പുകളുടെ സമ്മേളനത്തില്‍ വ്യക്തമാക്കി.

കാര്‍ഷികവിളകള്‍ ഉത്പാദിപ്പിക്കാനുള്ള ചെലവ് കുറയ്ക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് സൗജന്യമായി കൃത്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

'അടിസ്ഥാന വിവരങ്ങള്‍ ലഭിക്കാനുള്ള പ്രയാസമാണ് ഇവിടെ നേരിടുന്നത്. കാര്‍ഷിക സംബന്ധമായ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ഒരു ഡാറ്റാബേസ് നിര്‍മിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഡിജിറ്റല്‍ രൂപത്തിലാക്കാനും പദ്ധതിയുണ്ട്.' അശോക് പറയുന്നു. കാര്‍ഷികമേഖലയിലെ വിവിധ സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനവും ഉണ്ടാക്കാനുള്ള ശ്രമം നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പുകളുടെ സേവനം ആവശ്യമായി വരുന്നത് വിളവെടുപ്പിന് മുമ്പുള്ള സമയത്താണെന്ന് ചെറുകിട കര്‍ഷകരെ ഉള്‍പ്പെടുത്തിയ അഗ്രിബിസിനസ് കണ്‍സോര്‍ഷ്യത്തിന്റെ മാനേജിങ്ങ് ഡയറക്ടറായ നീല്‍കമല്‍ ദര്‍ബാരി പറഞ്ഞു.

പരമ്പരാഗതമായ രീതിയില്‍ കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുകയാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ഏതാണ്ട് 5,000 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ ഉണ്ട്. സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖലയില്‍ പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ ഇവര്‍ക്ക് കഴിയുന്നതാണെന്ന് നീല്‍കമല്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ട് അപ്പുകള്‍ എത്രത്തോളം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നുവെന്നതിനെക്കുറിച്ചും നൂതനവും പ്രയോജനപ്രദവുമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ എത്രത്തോളം സഹായിക്കുന്നുവെന്നതിനെക്കുറിച്ചും എഫ്.ഐ.സി.സി.ഐ ടാസ്‌ക്‌ഫോഴ്‌സിന്റെ ചെയര്‍മാന്‍ ഹേമേന്ദ്ര മാഥുര്‍ ചൂണ്ടിക്കാണിച്ചു. 103 കേസ് സ്റ്റഡികളെ ആധാരമാക്കി സ്റ്റാര്‍ട്ട് അപ്പുകളുടെ ഒരു സമാഹാരം തന്നെ ഈ ചടങ്ങില്‍ പുറത്തിറക്കി.

അഗ്രി ഉഡാന്‍ പദ്ധതി

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ആരംഭിച്ച പദ്ധതിയാണിത്. ഇന്ത്യയില്‍ നിന്ന് പത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ അഗ്രി ഉഡാനില്‍ ഇടം നേടിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് ഇവിടെ ശ്രദ്ധിക്കപ്പെട്ടു. തൃശൂര്‍ സ്വദേശിയായ പ്രദീപ് 2015 -ല്‍ ആരംഭിച്ചതാണ് ഇത്. പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ ശേഖരിച്ച് ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴിയും ഓഫ്‌ലൈന്‍ വഴിയും വിപണന സാധ്യത കണ്ടെത്തുന്നു.

കേരളത്തിലെ കാര്‍ഷിക സംരംഭകര്‍

കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍ക്യുബേഷന്‍ സെന്ററില്‍ നടത്തിയ പരിശീലനത്തില്‍ ഈ വര്‍ഷം അവതരിപ്പിച്ച സ്റ്റാര്‍ട്ട് അപ്പുകള്‍ ശ്രദ്ധ നേടിയിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ കെ.ബി ജോയ് വികസിപ്പിച്ചെടുത്ത ക്രയോജനിക് ഗ്രൈന്‍ഡിങ്ങ് യന്ത്രം ഉപയോഗിച്ച് ഗോതമ്പ് 50 ഡിഗ്രി സെന്റിഗ്രേഡില്‍ നന്നായി പൊടിച്ചെടുക്കാമെന്നത് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ കൂട്ടത്തില്‍ കൗതുകമായിരുന്നു. ടെന്‍ഡര്‍ കോക്കനട്ട് പീലിങ്ങ് യന്ത്രവുമായി എത്തിയ കെ.സി ജോയ് മറ്റൊരു സ്റ്റാര്‍ട്ട് അപ്പ് സംരംഭകനാണ്. എട്ട് മണിക്കൂറില്‍ 500-650 കരിക്കുകള്‍ യന്ത്രം കൊണ്ട് ചെത്താനാകുമെന്നതാണ് പ്രത്യേകത.

കാര്‍ഷിക സാങ്കേതിക വിദ്യകള്‍

നൂതന സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ കേരളീയര്‍ ഒട്ടും പുറകിലല്ല. പ്രകൃതി സൗഹൃദ കെട്ടിട നിര്‍മാണ വസ്തുവായ ചകിരിനാര്, പോര്‍ട്ട്‌ലാന്റ് സിമന്റ് എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് നിര്‍മിക്കുന്ന കോക്കനട്ട് ഫൈബര്‍ ബോര്‍ഡ്, പാസ്ത മേക്കര്‍ പള്‍വറൈസര്‍ എന്നിവയെല്ലാം കേരളത്തിലെ യുവാക്കള്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകളാണ്.

കേരളത്തില്‍ ഇത്തരത്തിലുള്ള കാര്‍ഷിക സംരംഭകര്‍ക്ക് ഇന്‍ക്യുബേഷന്‍ സെന്റര്‍ പിന്തുണ നല്‍കുന്നു. യുവതലമുറയിലെ സംരംഭകര്‍ക്കായി സീഡ് മണി പ്രോഗ്രാം , വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍ എന്നിവയും കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍ക്യുബേഷന്‍ സെന്റര്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇരുപത്തിയഞ്ചിലധികം അഗ്രി സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ന് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭകരെ ലക്ഷ്യമിട്ടുള്ള ഇത്തരം പദ്ധതികള്‍ സാമ്പത്തികമായ ഉന്നമനത്തിന് സഹായിക്കുന്നു.


 

click me!