തള്ളും വ്യാജവാര്‍ത്തയും മുറപോലെ, ആ 'ഡിനോസര്‍' പാമ്പ് സത്യത്തില്‍ ഏതു നാട്ടുകാരനാണ്?

By Web TeamFirst Published Oct 23, 2021, 1:45 PM IST
Highlights

ട്വിറ്ററിലുള്ളവര്‍ ഇന്ത്യക്കാരനെന്നും ടിക്‌ടോക്കുകാര്‍ കരീബിയനെന്നും പറയുന്ന ആ കൂറ്റന്‍ പാമ്പ് ഏതു നാട്ടുകാരനാണ്? ചരിത്രത്തിലെ ഏറ്റവും വലിയ പാമ്പാണെന്നും ലോകത്തെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണെന്നുമൊക്കെയാണ് തള്ളോട് തള്ള്. 

അഞ്ചു ദിവസം മുമ്പ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ട ആ പാമ്പ് സത്യത്തില്‍ ഏത് നാട്ടകാരനാണ്? ഒരു ഭീമന്‍ പാമ്പിനെ ക്രെയിനില്‍ പൊക്കിയെടുക്കുന്ന വീഡിയോയാണ് പല രാജ്യങ്ങളിലുമുള്ളവര്‍ അവരുടേതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. അതിനിടെ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ പറയുന്നത് പോലെ അത് ജാര്‍ഖണ്ഡില്‍ നിന്നല്ല എന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. എങ്കിലും ലോകചരിത്രത്തിലെ ഏറ്റവും വലിയ പാമ്പെന്നും ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വമ്പന്‍ പാമ്പെന്നുമുള്ളതടക്കം അവകാശവാദങ്ങളുമായി ഈ പാമ്പു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ്.ഡിനോസര്‍ പാമ്പ് എന്നാണ് ഇതിനെ ബ്രിട്ടനിലെ ഡെയിലി സ്റ്റാര്‍ ടാബ്ലോയിഡ് വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഒരു പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കണ്ടെത്തിയ ആറു മീറ്റര്‍ നീളവും 100 കിലോ ഭാരവുമുള്ള കൂറ്റന്‍ പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ആ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. രാജ്യസഭാ അംഗമായ പരിമാള്‍ നത്‌വാനി അടക്കം നിരവധി പേരാണ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. 

Massive! It took a crane to shift this weighing 100 kg and measuring 6.1 m length, in Dhanbad, Jharkhand.

— Parimal Nathwani (@mpparimal)

അതിനിടെയാണ്, ഇതേ വീഡിയോ ലോകത്ത് മറ്റിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത വന്നത്.  കരീബിയന്‍ മഴക്കാടുകളില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നിനെ ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഫഖ്‌റുല്‍ അസ്‌വ എന്നയാള്‍ ടിക്‌ടോക്കില്‍ കഴിഞ്ഞ ആഴ്ചയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഇതേ പാമ്പിനെ വാഹനത്തിലേക്ക് കയറ്റുന്ന മറ്റൊരു വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടിക്‌ടോക്കില്‍ മാത്രം 79 ദശലക്ഷം പേര്‍ ഇത് കണ്ടതായാണ് ബ്രിട്ടീഷ് ടാബ്ലോയിഡായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. കരീബിയന്‍ ദ്വീപിലുള്ള ഡൊമിനിക്കയില്‍ കണ്ടെത്തിയ 10 അടി നീളമുള്ള പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുക്കുന്നു എന്നാണ് മിറര്‍ അടക്കം പല ടാബ്ലോയിഡുകളും കൊടുത്ത വാര്‍ത്തയിലുള്ളത്. ടിക്‌ടോക്കര്‍ അവകാശപ്പെടുന്നതിനപ്പുറം ഈ സ്ഥലത്തെ കുറിച്ചോ എന്നാണ് ഈ പാമ്പിനെ പിടികൂടിയതെന്നോ ഉള്ള കാര്യത്തില്‍ ഈ വാര്‍ത്തകളിലും കൃത്യമായ സൂചനകള്‍ ഒന്നുമില്ല.  

 

 

ക്രെയിനില്‍ പാമ്പിന്റെ ശരീരം ഉയര്‍ത്തുമ്പോള്‍ അതിന്റെ ശരീരം നിലത്ത് തൊടുന്നത് വീഡിയോയില്‍ കാണാം. രക്ഷാപ്രവര്‍ത്തകര്‍ ഒരു കാറിന്റെ ബൂട്ടിലേക്ക് പാമ്പിനെ കയറ്റാന്‍ പാടുപെടുന്ന മറ്റൊരു വീഡിയോയും കാണാം. വീഡിയോയില്‍ കാണിച്ചിരിക്കുന്ന പാമ്പ് മാരകമായ ബോവ കണ്‍സ്ട്രക്റ്റര്‍ എന്ന ഇനത്തില്‍ പെട്ടതാണ് എന്നാണ് ടാബ്ലോയിഡുകളില്‍ വന്ന വാര്‍ത്തകളില്‍  പറയുന്നത്. 

 

 

അതിനിടെ, ഈ പാമ്പിനെ ജാര്‍ഖണ്ഡില്‍ കണ്ടെത്തിയിട്ടില്ലെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെയൊരു പാമ്പിനെ കണ്ടെത്തിയിട്ടില്ലെന്ന് ധന്‍ബാദിലെ ജില്ലാ ഭരണകൂടം അറിയിച്ചതായി എന്‍ ഡി ടി വിയും റിപ്പോര്‍ട്ട് ചെയ്തു. 

കാര്യങ്ങള്‍ ഇങ്ങനെ അവ്യക്തമാവുമ്പോഴും, ഏതു കാലത്ത് എവിടെ ചിത്രീകരിച്ചെന്ന് ആധികാരികമായ ഒരു വിവരവുമില്ലാത്ത ഈ പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുക തന്നെയാണ്. 

click me!