അന്ന് 'മൗഗ്ലി'യെന്ന് വിളിച്ച് കളിയാക്കി; ഇന്ന് കോട്ടും സ്യൂട്ടുമിട്ട് സ്‌കൂളിൽ പോവുന്നു; എല്ലിയുടെ ജീവിതം

By Web TeamFirst Published Oct 23, 2021, 1:33 PM IST
Highlights

കുറച്ചു നാൾ മുൻപുവരെയും തന്നെ പരിഹസിച്ചിരുന്ന ഗ്രാമീണർക്ക് മുന്നിൽ ഇന്ന് എല്ലി ഒരു സ്റ്റാറാണ്

നാട്ടുകാരുടെ പരിഹാസം സഹിക്കാൻ വയ്യാതെ കാടുകയറി കായ്കറികളും പഴങ്ങളുമെല്ലാം ആഹരിച്ച് അവിടെ കഴിഞ്ഞുകൂടിയിരുന്നവനാണ് സാൻസിമാൻ എല്ലി(Zanziman Ellie) എന്ന റുവാണ്ടൻ യുവാവ്. ശരീരത്തിന്റെ വലിപ്പത്തിന് ആനുപാതികമായി തല വളരാതിരിക്കുന്ന 'മൈക്രോസെഫാലി' (Microcephaly)എന്ന അപൂർവ രോഗാവസ്ഥയുള്ള അവൻ തന്റെ അസാധാരണമായ രൂപവും, ജീവിതരീതിയും കാരണം നാട്ടുകാരുടെ ക്രൂരമായ പരിഹാസങ്ങൾക്ക് നിരന്തരം ഇരയായിരുന്നു. അവർ അവനെ 'കുരങ്ങൻ' (ape)എന്നും 'മൗഗ്ലി'(Mowgli) എന്നുമുള്ള കളിയാക്കലുകൾക്ക് നിരന്തരം ഇരയായിരുന്നു. എന്നാൽ, അവന്റെ ജീവിതം ആഫ്രിമാക്സ് ടിവിയിലൂടെ കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്നതോടെ എല്ലിയുടെ ജീവിതം  അവനു സ്വപ്നം കാണാൻ ആവുന്നതിലും അപ്പുറത്തേക്ക് മാറി മറിഞ്ഞിരിക്കുകയാണ്. 

 

എല്ലിയുടെ ദുരവസ്ഥ സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽ പെടുത്തികൊണ്ട് ഒരു ഡോക്യുമെന്ററി ചെയ്തതിനു പിന്നാലെ ആഫ്രിമാക്സ് ടിവി അവനുവേണ്ടി ഒരു GoFundMe പേജും സെറ്റ് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് അതിലൂടെ എല്ലിക്ക് കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടാക്കാൻ വേണ്ടി ഉദാരമായ സഹായങ്ങൾ നൽകണം എന്നും അവർ അഭ്യർത്ഥിച്ചിരുന്നു. അവന്റെ ദുരവസ്ഥ കണ്ടു മനസ്സലിഞ്ഞ സഹൃദയരായ പലരും കയ്യയച്ചു സഹായിച്ചു. ആ പണം കൊണ്ട് ഇന്ന് എല്ലി ജിസെൻയിയിലെ യൂബുംവേ സ്‌പെഷ്യൽ നീഡ്‌സ് സ്‌കൂളിൽ ചേർന്ന് പഠിക്കുകയാണ്. അവിടെ അവൻ കോട്ടും സ്യൂട്ടും അടക്കമുള്ള നല്ല വസ്ത്രങ്ങൾ ധരിച്ചാണ് പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

"ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനാണ്. ഇത്രയും നാൾ എന്റെ കുട്ടി കേൾക്കാതിരുന പരിഹാസങ്ങളില്ല. ഗ്രാമവാസികൾ അവനെ പിന്നാലെ നടന്നു ശല്യം ചെയ്യുമായിരുന്നു. ഇന്ന് അവനു നല്ലൊരു സ്‌കൂളിൽ ചേർന്ന് പഠിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. എനിക്ക് അടക്കാനാവാത്ത സന്തോഷം തോന്നുന്നു." എല്ലിയുടെ അമ്മ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. 

 

 

കുറച്ചു നാൾ മുൻപുവരെയും തന്നെ പരിഹസിച്ചിരുന്ന ഗ്രാമീണർക്ക് മുന്നിൽ ഇന്ന് എല്ലി ഒരു സ്റ്റാറാണ്. ഡോകുമെന്ററി പുറത്തിറങ്ങിയ ശേഷം ഒരു ഗ്ലോബൽ സെലിബ്രിറ്റി ആയി മാറിക്കഴിഞ്ഞ അവന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ അവർ മത്സരിക്കുന്നു. പുതിയ സ്‌കൂളിൽ അവന്റെ വിദ്യാഭയസത്തിനു പുറമെ ചികിത്സയ്ക്കുള്ള സംവിധാനങ്ങളും ഒരുക്കി നല്കപ്പെട്ടിട്ടുണ്ടെന്ന് അവനെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു. 

 

click me!