ഹോങ്കോങ്ങിൽ താമസിക്കുന്ന അബീർ തബാഖി എന്ന യുവതി, തന്‍റെ വീട്ടുജോലിക്കാരിയായ മേരിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ഓൺലൈൻ ഫണ്ട് ശേഖരണം നടത്തി. ചൂഷണങ്ങൾ നിറഞ്ഞ ഭൂതകാലമുള്ള മേരിക്ക് ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ 'GoFundMe' വഴി നടത്തിയ ഈ കാമ്പെയ്‌നിലൂടെ 47 ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ സാധിച്ചു.
വർഷങ്ങളോളം ഒപ്പം ജോലി ചെയ്ത വീട്ടുജോലിക്കാരി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ താങ്ങായി നിൽക്കുകയും, അവർക്കായി ഓൺലൈൻ ഫണ്ട് ശേഖരണത്തിലൂടെ ലക്ഷങ്ങൾ സമാഹരിക്കുകയും ചെയ്ത ഒരു യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകുന്നു. ഹോങ്കോങ്ങിൽ താമസിക്കുന്ന അബീർ തബാഖി എന്ന യുവതിയാണ് തന്‍റെ വീട്ടിലെ ജോലിക്കാരിയായ മറിയയ്ക്ക് വേണ്ടി 'GoFundMe' എന്ന പ്ലാറ്റ്‌ഫോം വഴി കാമ്പെയ്‌ൻ ആരംഭിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ 47 ലക്ഷത്തിലധികം രൂപയാണ് ഇവർക്കായി ലോകമെമ്പാടുമുള്ള ആളുകൾ സംഭാവന നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മേരിക്കൊരു വീട് വേണം
ഇൻസ്റ്റാഗ്രാമിൽ ഇരുപതിനായിരത്തിലധികം ഫോളോവേഴ്‌സുള്ള മറിയ, പാചക വീഡിയോകളിലൂടെ പലർക്കും പ്രിയങ്കരിയാണ്. എന്നാൽ, ക്യാമറയ്ക്ക് മുന്നിലെ ചിരിക്കുന്ന മുഖത്തിന് പിന്നിൽ പീഡനങ്ങളും അവഗണനകളും നിറഞ്ഞ വലിയൊരു ജീവിതക്കഥയുണ്ടെന്ന് അബീർ കുറിപ്പിലൂടെ തുറന്നു പറഞ്ഞു. ഗോ ഫണ്ട് മി പേജിൽ അബീർ പങ്കുവെച്ച വിവരങ്ങൾ ഇങ്ങനെ, "വർഷങ്ങളായി താൻ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം മറ്റുള്ളവർക്കായി നൽകുകയും, നിരന്തരം ചൂഷണം ചെയ്യപ്പെടുകയും ചെയ്ത വ്യക്തിയാണ് മറിയ. അഞ്ചാം വയസ്സിൽ അവരെ ദത്തെടുത്ത കുടുംബം വർഷങ്ങളോളം അവരെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയുമായിരുന്നു. അവർ അധ്വാനിക്കുന്ന പണം മുഴുവൻ കുടുംബം കൈക്കലാക്കി. തെറ്റുകൾ പറ്റുമ്പോൾ തിരുത്തുന്നതിന് പകരം ക്രൂരമായ ശിക്ഷകളാണ് അവർക്ക് ലഭിച്ചത്. രൂപത്തെയും ശരീരനിറത്തെയും ചൊല്ലി നിരന്തരം പരിഹസിക്കുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു. ഒടുവിൽ, ആ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ച് രക്ഷപ്പെട്ട മറിയക്ക് ഇന്ന് സ്വന്തമെന്ന് പറയാൻ ഒരു വീടുപോലുമില്ല. നിലവിൽ ഹോങ്കോങ്ങിൽ എന്‍റെ കുടുംബത്തോടൊപ്പമാണ് മേരി താമസിക്കുന്നത്. ഇതല്ലാതെ അവർക്ക് പോകാൻ മറ്റൊരിടമില്ല. അതിനിടയിൽ വലിയ ചികിത്സാച്ചെലവുകളും അവർ കണ്ടെത്തേണ്ടതുണ്ട്. പ്രശാന്തമായി വിശ്രമിക്കാനും സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കാനും സാധിക്കുന്ന ലളിതമായ ഒരു വീടാണ് മേരിയുടെ സ്വപ്നം."
കിട്ടിയത് 47 ലക്ഷം രൂപ
സോഷ്യൽ മീഡിയയിൽ ഈ സംഭവം പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടി. ഒരു ചെറിയ തുക ലക്ഷ്യമിട്ട് തുടങ്ങിയ ക്രൗഡ്ഫണ്ടിംഗ് കാമ്പെയ്‌ൻ, ജനങ്ങളുടെ വലിയ പിന്തുണയോടെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി 47 ലക്ഷം രൂപയിലധികം സമാഹരിക്കുകയായിരുന്നു. വീട്ടുജോലിക്കാരെ വെറുമൊരു തൊഴിലാളിയായല്ല, കുടുംബത്തിലെ ഒരംഗത്തെപ്പോലെ സംരക്ഷിക്കുന്ന അബീറിന്‍റെ മനസ്സിന് ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്.


