
യുഎസിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ വാങ്ങിയതിനും അത്തരം വസ്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും കൈവശം സൂക്ഷിച്ചതിനും ഒരു ശതകോടീശ്വരൻ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സിറ്റീനുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന ശതകോടീശ്വരന്മാരും രാഷ്ട്രീയ നേതാക്കളും ഇന്നും സുഖ ജീവിതം നയിക്കുന്ന യുഎസിലാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്.
ശതകോടീശ്വരനായ യുഎസ് സംരംഭകനും ജനപ്രിയ ബാത്ത്റൂം സ്റ്റൂൾ ബ്രാൻഡായ സ്ക്വാട്ടി പോട്ടിയുടെ സഹസ്ഥാപകനുമായ റോബർട്ട് എഡ്വേർഡ്സാണ് അറസ്റ്റിലായത്. ഇയാൾ നൂറുകണക്കിന് ബാല ലൈംഗിക പീഡന വസ്തുക്കൾ വാങ്ങിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 2021 മാർച്ചിലാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതെന്നും അധികൃതർ അവകാശപ്പെട്ടു. ഫെബ്രുവരി 10 -നാണ് ഫെഡറൽ ഗ്രാൻഡ് ജൂറി 50 -കാരനായ റോബർട്ട് എഡ്വേർഡ്സിനെതിരെ കുറ്റം ചുമത്തിയത്. രണ്ട് ദിവസത്തിന് ശേഷം വാഷിംഗ്ടൺ കൗണ്ടിയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ, അദ്ദേഹം കുറ്റക്കാരനല്ലെന്ന് സമ്മതിച്ചു. പിന്നാലെ സെന്‍റ് ജോർജിലെ യുഎസ് മജിസ്ട്രേറ്റ് ജഡ്ജി പോൾ കോഹ്ലർ ജാമ്യമില്ലാ തടങ്കലിന് ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 2021 മാർച്ചിനും 2025 നവംബറിനും ഇടയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കളുടെ (CSAM) ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഇയാൾ കൈപറ്റിയിരുന്നു. ഒപ്പം കുട്ടികളുടെ അശ്ലീല സാഹിത്യം കൈവശം വച്ചെന്ന കുറ്റവും എഡ്വേർഡ്സിനെതിരെ ചുമത്തിയിട്ടുണ്ട്.
2021 മാർച്ചിൽ എഫ്‌ബിഐ രഹസ്യ ഏജന്‍റ് ഒരു ഓൺലൈൻ ഗ്രൂപ്പ് ചാറ്റിൽ ഇത്തരം വസ്തുക്കളുടെ വ്യാപാരം നടത്തിയപ്പോഴാണ് റോബർട്ട് എഡ്വേർഡ്സ് ഇത്തരം വസ്തുക്കളും അവയുടെ ചിത്രങ്ങളും വീഡിയോകളും വാങ്ങിക്കൂട്ടിയത്. ഈ സമയം മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്നുള്ള വർഷങ്ങൾ ഇയാൾ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. റോബർട്ട് എഡ്വേർഡ്സ് ഇത്തരം വസ്തുക്കളുടെ വീഡിയോകളും ചിത്രങ്ങളും പല തവണയായി വാങ്ങിക്കൂട്ടിയിരുന്നെന്നും അധികൃതർ ആരോപിച്ചു. അതേസമയം ജെഫ്രി എപ്സ്റ്റീൻ എന്ന ലൈംഗിക കുറ്റവാളി കുട്ടികളെയും സ്ത്രീകളെയും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിൽ യുഎസിലെ പ്രസിഡന്‍റ് ഡേണൾഡ് ട്രംപ് അടക്കം ശതകോടീശ്വരന്മാർ വരെയുണ്ടെന്നുമുള്ള ആയിരക്കണക്കിന് കത്തുകളും മറ്റ് വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ ഫയലുകൾ സർക്കാർ തന്നെ പുറത്ത് വിട്ടെങ്കിലും ഒരു അറസ്റ്റ് പോലും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ, യുഎസ് പുറത്ത് വിട്ട എപ്സ്റ്റീൻ ഫയൽസിന്‍റെ പേരിൽ യുഎസ് രാജകുമാരൻ ആന്‍ഡ്രുവിന് പദവി നഷ്ടമായി പിന്നാലെ അറസ്റ്റിലായി. ലേബർ പാർട്ടി എംപി പീറ്റർ മാന്‍ഡേഴ്സനും അറസ്റ്റിലായി. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇത് സംബന്ധമായ അറസ്റ്റുകളും അന്വേഷണങ്ങളും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.