
സ്വന്തം ആരോഗ്യകാര്യത്തിൽ ഒഴിവുകഴിവുകൾ പറഞ്ഞ് അലംഭാവം കാണിക്കുന്നവർ ഈ 90 -കാരൻ മുത്തച്ഛനെ ഒന്ന് പരിചയപ്പെടണം. പ്രായം 90 ആയെങ്കിലും 30 -കാരൻറെ ചുറുചുറുക്കോടെയാണ് ഈ മനുഷ്യൻ എല്ലാ ദിവസവും ജിമ്മിൽ പോവുകയും വ്യായാമങ്ങൾ കൃത്യമായി ചെയ്യുകയും തൻറെ ശരീരം സംരക്ഷിക്കുകയും ചെയ്യുന്നത്.
2015 -ൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബിൽഡർ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ജിം ആറിംഗ്ടൺ ആണ് ഈ 90 -കാരൻ ബോഡി ബിൽഡർ. ഇപ്പോഴിതാ 90 വയസ്സും 38 ദിവസവും പ്രായമുള്ളപ്പോൾ അദ്ദേഹം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. നെവിലെ റെനോയിൽ നടന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് പ്രൊഫഷണൽ ലീഗ് ഇവന്റിൽ പങ്കെടുത്ത് ജിം ആറിംഗ്ടൺ സ്വന്തം റെക്കോർഡ് തകർത്തു. 70 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും 80 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി.
അദിതി ത്രിപാഠി, വയസ് 10; ഒരു സ്കൂള്‍ ദിനം പോലും നഷ്ടമാകാതെ ഇതിനകം സന്ദര്‍ശിച്ചത് 50 രാജ്യങ്ങള്‍ !
ഫിറ്റ്നസിനും ആരോഗ്യത്തിനും വേണ്ടിയുള്ള ജിമ്മിന്റെ സമർപ്പണം ഏവർക്കും പ്രചോദനമാണ്. ഗിന്നസ് വേൾഡ് റെക്കോർഡിന് നൽകിയ അഭിമുഖത്തിൽ ജിം ആറിംഗ്ടൺ തന്റെ ജീവിതത്തിലെ അവിശ്വസനീയമായ യാത്രയെക്കുറിച്ച് പങ്കുവെച്ചു. ജനിക്കുമ്പോൾ വെറും രണ്ടര കിലോ മാത്രമായിരുന്നു തൻറെ ഭാരം എന്നും അദ്ദേഹം പറഞ്ഞു. ബാല്യകാലം മുഴുവൻ ആസ്ത്മ മറ്റ് പലവിധ രോഗങ്ങളാലും താൻ വലഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. പിന്നീട് പതിനഞ്ചാം വയസു മുതൽ താൻ ബോഡി ബിൽഡിങ് ശ്രദ്ധിച്ചു തുടങ്ങിയെന്നും ഇന്നും അത് തുടരുന്നു എന്നും അദ്ദേഹം പറയുന്നു.
ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസമാണ് അദ്ദേഹം വ്യായാമത്തിനായി മാറ്റിവെച്ചിരിക്കുന്നത് ഓരോ ദിവസവും രണ്ടു മണിക്കൂർ വീതം കൃത്യമായി വ്യായാമം ചെയ്യും. ഒലിവ് ഓയിൽ കൂൺ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് ഇപ്പോൾ ഇദ്ദേഹം കൂടുതലായി ഉപയോഗിക്കുന്നത്. കൃത്യമായി ആരോഗ്യം സൂക്ഷിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താൽ 80 -കളിലും 90 -കളിലും വരെ ചുറുചുറുക്കോടെ ജീവിക്കാൻ നമുക്ക് കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.