
28 വർഷങ്ങൾക്ക് മുമ്പ് കാണാതായ വ്യക്തിയുടെ മൃതദേഹം പാകിസ്ഥാനിലെ ഒരു ഹിമാനിയിൽ സംരക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 1997 ജൂണില്‍ ഉണ്ടായ ഒരു സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ സഹോദരനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായ നസീറുദ്ദീൻ എന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ കൊഹിസ്ഥാൻ മേഖലയിലാണ് മൃതദേഹം കേടുപാടുകളൊന്നും സംഭവിക്കാത്ത നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളായ ആളുകളാണ് ജൂലൈ 31 -ന് മൃതദേഹം ആദ്യമായി കണ്ടത്. മൃതദേഹത്തോടൊപ്പം ലഭിച്ച തിരിച്ചറിയൽ കാർഡാണ് മരിച്ച വ്യക്തിയെ തിരിച്ചറിയുന്നതിൽ സഹായകരമായത്.
പ്രാദേശിക ഇടയനായ ഒമർ ഖാൻ ആണ് മൃതശരീരം ആദ്യം കണ്ടത്. താൻ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു എന്നാണ് ഒമർ ഖാൻ പറയുന്നത്. ശരീരം കേടുകൂടാതെ മഞ്ഞിൽ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും വസ്ത്രങ്ങൾ പോലും കീറിയിരുന്നില്ലെന്നും ബിബിസി ഉറുദുവിനോട് സംസാരിക്കവേ ഒമർ ഖാൻ വ്യക്തമാക്കി.
പോലീസ് നസീറുദ്ദീന്‍റെ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തി. 1997 ജൂണിൽ ഒരു മഞ്ഞുവീഴ്ചയിൽ ഹിമാനി വിള്ളലിൽ വീണാണ് നസീറുദ്ദീനെ കാണാതായത്. അന്ന്, ഭർത്താവും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു നസീറുദ്ദീൻ. തന്‍റെ സഹോദരൻ കതിരുദ്ദീനോടൊപ്പം കുതിരപ്പുറത്ത് യാത്ര ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം മഞ്ഞുവീഴ്ചയിൽ അകപ്പെട്ടത്. ഒരു ഗ്രാമത്തർക്കത്തിൽ നിന്ന് രക്ഷപ്പെട്ടു വരുന്നതിനിടയിലാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. കതിരുദ്ദീൻ ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും നസീറുദ്ദീനെ മഞ്ഞിനടയില്‍ കാണാതാവുകയായിരുന്നു.
അപകടം സംഭവിച്ചതിന് ശേഷം തൊട്ടടുത്ത ദിവസങ്ങളിൽ അദ്ദേഹത്തെ കണ്ടെത്താൻ കുടുംബാംഗങ്ങൾ പലതരത്തിൽ ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് നസറുദ്ദീന്‍റെ അനന്തരവൻ മാലിക് ഉബൈദ് പറഞ്ഞത്. കുടുംബാംഗങ്ങൾ നിരവധി തവണ ഹിമാനിയിൽ സന്ദർശനം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും മാലിക് വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആണെങ്കിലും നാസറുദ്ദീന്‍റെ മൃതദേഹം വീണ്ടു കിട്ടിയതിൽ തങ്ങൾക്ക് ആശ്വാസമുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ഇസ്ലാമാബാദിലെ കോംസാറ്റ്സ് യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി വിഭാഗം മേധാവി പ്രൊഫ. മുഹമ്മദ് ബിലാൽ പറയുന്നതനുസരിച്ച്, ഒരു ശരീരം ഒരു ഹിമാനിയിൽ വീഴുമ്പോൾ, അതിശൈത്യം അതിനെ വേഗത്തിൽ മരവിപ്പിക്കുകയും, അഴുകൽ പ്രക്രിയ നിർത്തുകയും ചെയ്യും. ഹിമാനിയിൽ ഈർപ്പത്തിന്‍റെയും ഓക്സിജന്‍റെയും അഭാവമാണ് ശരീരത്തെ മമ്മിയാക്കി സംരക്ഷിക്കുന്നത്. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വടക്കൻ പാകിസ്ഥാനിലെ കൊഹിസ്ഥാൻ മേഖല ഒരു കാലത്ത് സ്ഥിരമായ മഞ്ഞുവീഴ്ചയ്ക്ക് പേരുകേട്ടതായിരുന്നു. പാകിസ്ഥാനിൽ 13,000-ത്തിലധികം ഹിമാനികൾ ഉണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.