വെള്ളം ഇറങ്ങുന്നതുവരെ കാത്തിരിക്കാതെ ചിമ്പാൻസികൾക്ക് ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും എത്തിക്കാൻ ജീവനക്കാർ ഡ്രോൺ ഉപയോഗിക്കുകയായിരുന്നു.

അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ചിമ്പാൻസികൾക്ക് ഡ്രോൺ ഉപയോഗിച്ച് ഭക്ഷണവും പുതപ്പും എത്തിച്ച് മൃഗസംരക്ഷകർ. ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്‌സിലുള്ള 'സേവ് ദ ചിമ്പാൻസീസ്' സാങ്‍ച്വറിയിലാണ് സംഭവം. ഡ്രോൺ ഉപയോഗിച്ച് എത്തിച്ച കടലാസ് സഞ്ചിയിൽനിന്ന് ചിമ്പാൻസിയായ കാലെബ് വാഴപ്പഴം എടുത്ത് കഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് 150 ഏക്കറോളം വിസ്തൃതിയുള്ള സാങ്‍ച്വറിയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായി. ഇതോടെ മൃഗങ്ങളുടെ അടുത്തേക്കെത്താൻ ജീവനക്കാർക്ക് കഴിയാത്ത സാഹചര്യമുണ്ടായി. അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഗോൾഫ് കാർട്ടുകൾക്കോ സാധാരണ വാഹനങ്ങൾക്കോ വെള്ളം കയറിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മൃഗങ്ങളുടെ അടുത്തെത്താൻ സാധിച്ചില്ല.

വെള്ളം ഇറങ്ങുന്നതുവരെ കാത്തിരിക്കാതെ ചിമ്പാൻസികൾക്ക് ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും എത്തിക്കാൻ ജീവനക്കാർ ഡ്രോൺ ഉപയോഗിക്കുകയായിരുന്നു. വൈറലായ മറ്റൊരു ദൃശ്യത്തിൽ, ഡ്രോൺ വഴി എത്തിച്ച പുതപ്പിൽ വിശ്രമിക്കുന്ന ഒരു ചിമ്പാൻസിയുടെ ചെവിയിൽനിന്ന് മറ്റൊരു ചിമ്പാൻസി പ്രാണികളെ പിടിക്കുന്നതും കാണാം.

'ഞങ്ങളുടെ സാങ്‍ച്വറിയിലെ ചിമ്പാൻസികളെല്ലാം സുരക്ഷിതരാണ്. എന്നാൽ, വെള്ളപ്പൊക്കം സാങ്‍ച്വറിയിലെ റോഡുകൾക്ക് വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. റോഡുകൾ പുനർനിർമിക്കേണ്ടതുണ്ട്. ഗോൾഫ് കാർട്ടുകൾ, ഫോർ വീൽ ഡ്രൈവ് വാഹനം, ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ശീതീകരിച്ച മുറിയിലെ കംപ്രസർ എന്നിവയുൾപ്പെടെ വാഹനങ്ങൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാങ്‍ച്വറി നന്നാക്കാനായി നിങ്ങളുടെ സഹായം ആവശ്യമാണ്' എന്ന കുറിപ്പോടെയാണ് സേവ് ദ ചിമ്പാൻസീസ് വിഡിയോ പങ്കുവെച്ചത്.

View post on Instagram
 

സംഭവം ജീവനക്കാർക്ക് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സാങ്‍ച്വറി സിഇഒ അന പോള ടവാരസ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിലുള്ള പരിചരണകേന്ദ്രങ്ങളോടു കൂടിയ ദ്വീപുകളിലാണ് ചിമ്പാൻസികൾ താമസിക്കുന്നത്. അതിനാൽ അവയെല്ലാം സുരക്ഷിതരാണ്. വെള്ളം ഇറങ്ങിയശേഷം മാത്രമേ നാശനഷ്ടങ്ങളുടെ പൂർണമായ വ്യാപ്തി വിലയിരുത്താനും നന്നാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി.