
എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി നിയമിതനായ പ്രമുഖ വ്യോമയാന വിദഗ്ധൻ ടെവോൾഡെ ഗെബ്രെമാരിയം നേരത്തെ പാകിസ്താന്‍റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ (PIA) നേതൃത്വനിരയിലേക്കും പരിഗണിക്കപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്രാതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുന്നു. അതേസമയം ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിക്കാത്തതിനാൽ ആ നിയമനം അന്തിമഘട്ടത്തിലെത്തിയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എത്യോപ്യൻ എയർലൈൻസിനെ വർഷങ്ങളോളം വിജയകരമായി നയിച്ച ടെവോൾഡെ ഗെബ്രെമാരിയം ആഗോള വ്യോമയാന മേഖലയിലെ പരിചയസമ്പന്നനായ ഭരണാധികാരിയായാണ് അറിയപ്പെടുന്നത്. സ്വകാര്യവത്കരണ നടപടികൾക്ക് പിന്നാലെ പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസിനെ നവീകരിക്കാൻ ടെവോൾഡെ ഗെബ്രെമാരിയം നിയമിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും പാക് സർക്കാറിന്‍റെ സുരക്ഷാ പരിശോധനകൾ പൂർത്തിയാകാത്തതിനാൽ അന്ന് ആ തീരുമാനം നടപ്പായില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം പാകിസ്ഥാൻ അധികൃതർ ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Air India has appointed former Ethiopian Airlines chief Tewolde Gebremariam as its CEO and Managing Director, succeeding Campbell Wilson.
The Tata-owned carrier said the board chose Gebremariam for his experience in airline turnarounds, operational excellence, and profitable… pic.twitter.com/59YHn8C40E— Forbes India (@ForbesIndia) August 5, 2026
ഇതിനിടെയാണ് ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ടെവോൾഡെ ഗെബ്രെമാരിയത്തെ പുതിയ സിഇഒയും മാനേജിങ് ഡയറക്ടറുമായി നിയമിച്ചത്. രാജി പ്രഖ്യാപിച്ച കാംപ്ബെൽ വിൽസന്‍റെ പിൻഗാമിയായാണ് അദ്ദേഹം പുതിയ ചുമതലയേൽക്കുന്നത്. വിമാന സർവീസുകളുടെ വികസനം, പ്രവർത്തന മികവ് വർധിപ്പിക്കൽ, ആഗോള ശൃംഖല ശക്തിപ്പെടുത്തൽ, ലാഭക്ഷമത മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന എയർ ഇന്ത്യയുടെ ദീർഘകാല പരിവർത്തന പദ്ധതികൾക്ക് പുതിയ നേതൃത്വം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പാകിസ്ഥാനിലെ നിയമനം യാഥാർഥ്യമായില്ലെങ്കിലും, പിന്നീട് എയർ ഇന്ത്യയുടെ തലപ്പത്തെത്തിയത് വ്യോമയാന രംഗത്ത് ശ്രദ്ധേയമായ സംഭവവികാസമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ രാജ്യങ്ങളിലെ പ്രമുഖ വിമാനക്കമ്പനികളെ വിജയകരമായി നയിച്ച ടെവോൾഡെ ഗെബ്രെമാരിയത്തിന്‍റെ അനുഭവ സമ്പത്ത് എയർ ഇന്ത്യയുടെ വളർച്ചാ പദ്ധതികൾക്ക് കരുത്തേകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.