
കനത്ത മഴയാണ് മുംബൈയിൽ. ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്ന രീതിയിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുമാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്. ലോക്കൽ ട്രെയിനുകൾ റദ്ദ് ചെയ്യുകയും സർക്കാർ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം കയറുന്നത് കാരണം പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് നൽകിയിട്ടുണ്ട്. എന്നാൽ, എത്ര മഴ പെയ്താലും അതൊന്നും തന്നെ തങ്ങൾക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും തങ്ങളെ തടയുന്നില്ല എന്ന് മുംബൈക്കാർ തന്നെ തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്ന ഈ വീഡിയോ അധികം വൈകാതെ തന്നെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കനത്ത മഴ പെയ്ത് സകലയിടങ്ങളിലും വെള്ളം കയറി നിൽക്കുന്ന സമയത്ത് രണ്ടുപേർ മുട്ടൊപ്പം വെള്ളത്തിലിരുന്ന് മദ്യപിക്കുന്ന രംഗമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മുംബൈയിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നതെങ്കിലും കൃത്യമായി ഇത് എവിടെ നിന്നാണ് പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല.
ഒരു കെട്ടിടത്തിന് മുന്നിൽ രണ്ട് കസേരയും ഒരു ടേബിളും മദ്യക്കുപ്പികളും ഗ്ലാസുകളും യുവാക്കൾ തയ്യാറാക്കി വച്ചിരിക്കുന്നത് കാണാം. അമിതാഭ് ചൗധരി എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ രണ്ടുപേരും വെള്ളക്കെട്ടൊന്നും വകവയ്ക്കാതെ മദ്യപിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇന്ത്യക്കാരുടെ ഏതൊരു സാഹചര്യത്തോടും ഇഴുകിച്ചേരാനും അതിനെ അതിജീവിക്കാനുമുള്ള കഴിവിനെ കുറിച്ചാണ് പലരും കമന്റുകളിൽ പറഞ്ഞത്. ഇന്ത്യ തുടക്കക്കാർക്ക് വേണ്ടിയുള്ളതല്ല എന്ന് കമന്റ് നൽകിയവരും ഉണ്ട്.