വിവാഹദിവസം വധു ലിഫ്റ്റിൽ കുടുങ്ങി, വിവാഹം മുടങ്ങുമോ എന്ന് ഭയം, പിന്നെ സംഭവിച്ചത്...

By Web TeamFirst Published May 31, 2023, 1:54 PM IST
Highlights

വധുവും വധുവിന്റെ മൂന്ന് സഹോദരിമാരും രണ്ടു കുട്ടികളുമാണ് ലിഫ്റ്റിൽ കുടുങ്ങിപ്പോയത്. ലിഫ്റ്റിൽ കയറിയ ഇവർ ഒന്നാം നിലയിലേക്ക് ഇറങ്ങുന്നതിനായി ബട്ടൺ അമർത്തിയെങ്കിലും ഒന്നാം നിലയിൽ എത്തുന്നതിനു മുൻപായി ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.

വിവാഹവേദിയിലേക്ക് പോകുന്നതിനിടയിൽ വധു ലിഫ്റ്റിൽ കുടുങ്ങി. മഹാരാഷ്ട്രയിലാണ് സംഭവം. വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ് ഒരുങ്ങി വിവാഹവേദിയിലേക്ക് പുറപ്പെടുന്നതിനായി ഇറങ്ങിയപ്പോഴാണ് അപ്പാർട്ട്മെൻറ് കെട്ടിടത്തിന്റെ ലിഫ്റ്റിൽ വധുവും അടുത്ത ബന്ധുക്കളും കുടുങ്ങിയത്. അരമണിക്കൂറോളം ലിഫ്റ്റിനുള്ളിൽ  കുടുങ്ങിക്കിടന്ന ഇവരെ പിന്നീട് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെയാണ് ലിഫ്റ്റിനുള്ളിൽ നിന്ന് രക്ഷപ്പെടുത്തിയത്. 

തിങ്കളാഴ്ച രാത്രിയാണ് വധുവും കുടുംബാംഗങ്ങളും ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിഭ്രാന്തരായ ബന്ധുമിത്രാദികൾ ലിഫ്റ്റിന് ചുറ്റും കൂടി നിൽക്കുന്നതും ഏറെ സമയത്തെ ആശങ്കകൾക്കൊടുവിൽ രക്ഷാപ്രവർത്തകർ വധുവിനെയും കൂട്ടരെയും ലിഫ്റ്റ് തുറന്നു സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇത്. വളരെ ചെറിയ ലിഫ്റ്റ് ആയിരുന്നതുകൊണ്ടുതന്നെ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയ ബന്ധുമിത്രാദികളിൽ ചിലർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമയത്തിന് വിവാഹ വേദിയിൽ എത്താൻ സാധിക്കാതെ വന്നാൽ വിവാഹം നടക്കാതെ വരുമോ എന്ന ആശങ്കയിൽ വധുവും ഏറെ പരിഭ്രാന്തയായിരുന്നു.
 
സംഭവത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വധുവും വധുവിന്റെ മൂന്ന് സഹോദരിമാരും രണ്ടു കുട്ടികളുമാണ് ലിഫ്റ്റിൽ കുടുങ്ങിപ്പോയത്. ലിഫ്റ്റിൽ കയറിയ ഇവർ ഒന്നാം നിലയിലേക്ക് ഇറങ്ങുന്നതിനായി ബട്ടൺ അമർത്തിയെങ്കിലും ഒന്നാം നിലയിൽ എത്തുന്നതിനു മുൻപായി ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ഇവരെ പുറത്തിറക്കാൻ ഏറെ പണിപ്പെട്ടെങ്കിലും സാധിച്ചില്ല. തുടർന്നാണ് അഗ്നിശമന സേനാംഗങ്ങളുടെ സഹായം തേടിയത്. സ്ഥലത്തെത്തിയ സേനാംഗങ്ങൾ സുരക്ഷിതരായി ഇവരെ പുറത്തിറക്കുകയായിരുന്നു. 

അടുത്തിടെ നോർത്ത് കരോലിനയിലെ ഒരു ഹോട്ടലിൽ തങ്ങളുടെ റിസപ്ഷനിൽ പങ്കെടുക്കാൻ പോയ ദമ്പതികൾ ലിഫ്റ്റിൽ രണ്ട് മണിക്കൂർ കുടുങ്ങിയത് വാർത്തയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
 

click me!