'ജോലി കിട്ടിയാൽ, സർക്കാർ ചെലവിട്ട തുക തിരിച്ച് അടയ്ക്കണം'; അഭയാർത്ഥികൾക്ക് പുതിയ നിയമവുമായി ബ്രിട്ടൻ

Published : Jul 01, 2026, 10:40 AM IST
 Asylum Seeker

Synopsis

ബ്രിട്ടനിൽ അഭയം തേടുന്നവർക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ജോലി ലഭിച്ച ശേഷം തിരിച്ചു നൽകണമെന്ന പുതിയ നിയമനിർമ്മാണത്തിന് ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു. ഏകദേശം 10,000 പൗണ്ട് വരെ വരുന്ന ഈ തുക തിരിച്ചടയ്ക്കണമെന്ന നിർദ്ദേശം മനുഷ്യാവകാശ സംഘടനകളിൽ നിന്നും മറ്റും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

 

ബ്രിട്ടനിൽ അഭയം ലഭിച്ച ശേഷം ജോലി നേടുന്ന അഭയാർഥികൾക്ക് വേണ്ടി സർക്കാർ അവരുടെ താമസത്തിനും ജീവിതച്ചെലവിനുമായി വഹിച്ച തുക തിരിച്ചടയ്ക്കണമെന്ന പുതിയ നിയമനിർമാണത്തിന് ബ്രിട്ടീഷ് സർക്കാർ. പുതിയ ഇമിഗ്രേഷൻ, അഭയാർത്ഥി ബില്ലിന്‍റെ ഭാഗമായാണ് ഈ പുതിയ നിർദേശം. സർക്കാർ ഒരോ അഭയാർത്ഥിക്കുമായി ചെലവഴിക്കുന്ന ഏകദേശം 10,000 പൗണ്ട് (ഏതാണ്ട് 12,50,000 -ത്തോളം രൂപ) വരെയുള്ള പണം ജോലി കിട്ടിയ ശേഷം ഘട്ടംഘട്ടമായി തിരിച്ചടയ്ക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സർക്കാർ ചെലവഴിക്കുന്ന പണം ജോലി കിട്ടിയാൽ തിരിച്ചടയ്ക്കണം

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് അവതരിപ്പിച്ച പദ്ധതിയുടെ ലക്ഷ്യം സർക്കാർ പ്രതിവർഷം അഭയാർഥികൾക്കായി ചെലവഴിക്കുന്ന വൻതുക കുറയ്ക്കുക എന്നതാണെന്ന് സർക്കാർ വിശദീകരിക്കുന്നു. നിലവിൽ ബ്രിട്ടനിലെ അഭയാർഥികൾക്കായി താമസസൗകര്യം, അടിസ്ഥാന ജീവിതച്ചെലവുകൾ എന്നിവ സർക്കാർ വഹിക്കുന്നുണ്ട്. പിന്നീട് ഇത്തരക്കാർക്ക് അഭയാർഥി പദവി ലഭിക്കുകയും ജോലി ചെയ്ത് വരുമാനം നേടാൻ തുടങ്ങുകയും ചെയ്യുമ്പോൾ, അവരുടെ സാമ്പത്തിക ശേഷി കൂടി വിലയിരുത്തിയ ശേഷമായിരിക്കും തിരിച്ചടവ് ബാധകമാകുകയെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥി വായ്പാ തിരിച്ചടവിന് സമാനമായ രീതിയിലായിരിക്കും ഈ സംവിധാനം നടപ്പാക്കുകയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അതേസമയം തിരിച്ചടവുകൾക്കുള്ള ശമ്പള പരിധി എത്രയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

 

അവകാശവും ഉത്തരവാദിത്വവും

യുകെയിൽ ജോലി ചെയ്യാൻ അനുവാദമുള്ള അഭയാർത്ഥികളെയും ഈ നിർദ്ദേശം ബാധിക്കും. പദ്ധതി പ്രകാരം, സ്ഥിരമായ താമസത്തിന് യോഗ്യത നേടുന്നതിന് മുമ്പ് അവർ തിരിച്ചടവ് തുക അടച്ച് തീർക്കേണ്ടതുണ്ട്. അതേസമയം, അപേക്ഷ നിരസിക്കപ്പെട്ട് യുകെ വിടുന്ന അഭയാർത്ഥികൾ വീണ്ടും തിരിച്ച് വരികയാണെങ്കിൽ അതിന് മുമ്പ് ഈ ചെലവുകൾ തിരിച്ചടക്കേണ്ടിവന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ നിയമത്തെ കുറിച്ച് വിശദീകരിക്കവെ, അഭയാർത്ഥികൾക്ക് നൽകുന്ന പിന്തുണ ഒരു അവകാശമാണെന്നും ഒപ്പം അതൊരു ഉത്തരവാദിത്വം കൂടിയാണെന്നും ഷബാന മുഹ്മൂദ് കൂട്ടിച്ചേർത്തു.

നിയമവിരുദ്ധ കുടിയേറ്റം ശക്തമാകും

പുതിയ നിർദ്ദേശം വന്നതിന് പിന്നാലെ മനുഷ്യാവകാശ സംഘടനകളും അഭയാർഥി ക്ഷേമ സംഘടനകളും ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഓൺലൈനുകളിലും വിമർശനങ്ങൾ ശക്തമായി. അവർ ഒരിക്കലും ഒരു പൈസ പോലും നൽകില്ലെന്നും എന്നാൽ കഴിയുന്നത്ര പണം തട്ടിയെടുക്കാൻ ശ്രമിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ കുറിക്കപ്പെട്ടു. അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് പലായനം ചെയ്തെത്തുന്ന അഭയാർത്ഥികൾ എങ്ങനെയാണ് ഇത്രയും വലിയ തുകകൾ യാഥാർത്ഥ്യബോധത്തോടെ തിരിച്ചടയ്ക്കുന്നതെന്നായിരുന്നു ചിലരുടെ സംശയം. പുതിയ നിയമം നിയമവിരുദ്ധ കുടിയേറ്റത്തിന് കാരണമാകുമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.

 

PREV
Read more Articles on
click me!

Recommended Stories

സ്വപ്നങ്ങൾക്ക് വേണ്ടി 45 ലക്ഷത്തിന്‍റെ ജോലി ഉപേക്ഷിച്ചു; കയ്യിലുണ്ടായിരുന്നതെല്ലാം ഒടുവിൽ കൈവിട്ടു!
കേൾവിയും സംസാരശേഷിയുമില്ല, കുട്ടിക്കാലത്ത് ട്രെയിനിൽ ഉറങ്ങിപ്പോയി, കണ്ണ് തുറന്നപ്പോള്‍ മറ്റൊരിടത്ത്, 35 വർഷം; ഒടുവിൽ മടങ്ങിവരവ്!