ചൈനീസ് സിനിമകളിലും സാഹിത്യത്തിലും കാണുന്ന, ബാൽക്കണിയിൽ നിന്ന് പന്തെറിഞ്ഞ് വരനെ തെരഞ്ഞെടുക്കുന്ന വിവാഹരീതി യഥാർത്ഥത്തിൽ യാദൃശ്ചികമായിരുന്നില്ല. ഷുവാങ് ജനവിഭാഗത്തിനിടയിൽ നിലനിന്നിരുന്ന ഈ ആചാരം, പങ്കാളിയെ തെരഞ്ഞെടുക്കാൻ സ്ത്രീക്ക് അവസരം നൽകുന്ന ഒരു പ്രണയച്ചടങ്ങായിരുന്നു. ജനപ്രിയ സംസ്കാരമാണ് ഈ പാരമ്പര്യത്തെക്കുറിച്ചുള്ള ഇന്നത്തെ ധാരണകൾക്ക് പിന്നിൽ.

ചൈനീസ് പരമ്പരാഗത നാടകങ്ങളിലും സാഹിത്യകൃതികളിലും പലപ്പോഴും കാണുന്ന കൗതുകകരമായ വിവാഹരീതി അടുത്തകാലത്തായി രാജ്യത്ത് വീണ്ടും ശ്രദ്ധ നേടുകയാണ്. ബാൽക്കണിയിൽ നിന്ന് അലങ്കരിച്ച എംബ്രോയ്ഡറി പന്ത് വധു താഴേക്ക് എറിയുകയും അത് പിടിക്കുന്ന യുവാവിനെ വധു വിവാഹം കഴിക്കുകയും ചെയ്യുന്ന ഒരു പരമ്പരാഗത ചൈനീസ് കഥയാണ് ഈ പുതിയ വിവാഹ ട്രെന്‍റിന് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പൗരാണിക കാലത്തെ യഥാർഥ ജീവിതത്തിൽ ഈ ആചാരം സിനിമകളിലും നോവലുകളിലും ചിത്രീകരിക്കുന്നതുപോലെ പൂർണമായും യാദൃച്ഛികമായിരുന്നില്ലെന്നാണ് ചൈനീസ് ചരിത്ര പഠനങ്ങൾ പറയുന്നത്.

വരനെ തെരഞ്ഞെടുക്കാൻ വധുവിന് അധികാരം

തെക്കൻ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തെ ഷുവാങ് ജനവിഭാഗത്തിനിടയിൽ ഏകദേശം 2,000 വർഷമായി നിലനിൽക്കുന്ന ഒരു പാരമ്പര്യമാണ് എംബ്രോയ്ഡറി പന്തെറിയൽ. യുവതീയുവാക്കൾ പരസ്പരം താൽപര്യം പ്രകടിപ്പിക്കുന്നതിനുള്ള ക്രമബദ്ധമായ ഒരു പ്രണയച്ചടങ്ങായാണ് ഇത് യഥാർഥത്തിൽ നിലനിന്നിരുന്നത്. അതായത്, പന്ത് ആരുടെ കൈയിൽ വീഴുന്നു എന്നതുമാത്രം അടിസ്ഥാനമാക്കി വിവാഹം തീരുമാനിക്കുന്ന രീതിയല്ലിത്.

പുരാതന ചൈനയിലെ കർശനമായ കുടുംബനിയന്ത്രണങ്ങളും വിവാഹക്രമങ്ങളും നിലനിന്നിരുന്ന സാഹചര്യത്തിൽ, സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവസരത്തെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന രീതിയായും ഈ പാരമ്പര്യത്തെ കാണാം. കുടുംബത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിന് പുറത്തേക്ക് സ്ത്രീയുടെ തെരഞ്ഞെടുപ്പിന് ഇടം നൽകുന്നതായിരുന്നു ഈ പാരമ്പര്യത്തിന്‍റെ പ്രത്യേകത.

ചരിത്രം മാറ്റിയ ടെലിവിഷൻ പരമ്പര

16 -ാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച ‘ജേർണി ടു ദ വെസ്റ്റ്’ എന്ന ക്ലാസിക് കൃതിയിലും ഈ രീതിയോട് സാമ്യമുള്ള സംഭവം കാണാം. 1998 -ലെ ചൈനീസ് ടെലിവിഷൻ പരമ്പരയായ ‘മൈ ഫെയർ പ്രിൻസസ്’ ഉൾപ്പെടെയുള്ള ജനപ്രിയ കൃതികളിലും എംബ്രോയ്ഡറി പന്തിലൂടെ പങ്കാളിയെ തെരഞ്ഞെടുക്കുന്ന രംഗങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ഇത് പഴയകാലത്തെ പൊതുവായ വിവാഹരീതിയാണെന്ന ധാരണ ചൈനയിൽ വ്യാപകമായത്. എന്നാൽ, യഥാർഥ പാരമ്പര്യം സാഹിത്യത്തിലും ടെലിവിഷനിലും അവതരിപ്പിച്ചതിനേക്കാൾ സങ്കീർണ്ണവും പരസ്പര താൽപര്യത്തെ അടിസ്ഥാനമാക്കി ഉള്ളതുമായിരുന്നുവെന്ന് ഇത്തരം വിവാഹ രീതികളെന്ന് ചരിത്രം പറയുന്നു.