അ‌ഞ്ച് പൈസ മോഷ്ടിച്ചെന്ന് ആരോപണം; 40 വർഷത്തിന് ശേഷം ദില്ലി കണ്ടക്ടർക്ക് നീതി !

Published : Mar 26, 2026, 07:25 PM IST
5 Paise Case

Synopsis

1976 -ൽ അഞ്ച് പൈസ മോഷ്ടിച്ചെന്ന ആരോപണത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട രൺവീർ സിംഗ് യാദവ് എന്ന ബസ് കണ്ടക്ടർ, തൻ്റെ നിരപരാധിത്വം തെളിയിക്കാൻ 40 വർഷം നീണ്ട നിയമപോരാട്ടം നടത്തി. ഒടുവിൽ 2016-ൽ കോടതിയിൽ നിന്ന് നീതി ലഭിച്ചെങ്കിലും, ഈ പോരാട്ടത്തിനായി അദ്ദേഹത്തിന് തൻ്റെ ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ നഷ്ടമായി.  

 

അയ്യായിരം കോടിയും പതിനായിരം കോടിയും ലോൺ എടുത്ത് മുങ്ങിയ അതിസമ്പന്നരെ കുറിച്ച് നമ്മുക്കറിയാം. ഇവരാരും പിന്നെ രാജ്യത്തേക്ക് കാൽ കുത്തിയിട്ടില്ലെങ്കിലും ഇപ്പോഴും വിദേശ രാജ്യങ്ങളിൽ സുഖജീവിതം നയിക്കുന്നു. എന്നാൽ, ഒരു അഞ്ച് പൈസയുടെ ആരോപണത്തിന്‍റെ പേരിൽ ഒരാളുടെ ജോലി കളയാൻ നമ്മുടെ സംവിധാനങ്ങൾ മടിക്കില്ല. അത്തരമൊരു സംഭവത്തിൽ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഒരാൾക്ക് വേണ്ടി വന്നത് ഒരായുസിന്‍റെ കാലം.

അഞ്ച് പൈസയുടെ കേസ്

അതെ, അഞ്ച് പൈസയുടെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു ബസ് കണ്ടക്ടർ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ കോടതി കയറിയിറങ്ങിയത് നീണ്ട 40 വർഷം. 1976 -ൽ ദില്ലി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (DTC)നിന്ന് അഞ്ച് പൈസ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട രൺവീർ സിംഗ് യാദവ് എന്ന മനുഷ്യൻ, ഒടുവിൽ 2016 -ലാണ് നിയമപോരാട്ടത്തിൽ വിജയിച്ചത്.

1973 -ലാണ് വിവാദമായ ആ സംഭവമുണ്ടായത്. ദില്ലി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായിരുന്ന യാദവ്, ഒരു വനിതാ യാത്രക്കാരിക്ക് 15 പൈസയുടെ ടിക്കറ്റിന് പകരം 10 പൈസയുടെ ടിക്കറ്റ് നൽകി 5 പൈസ കൈക്കലാക്കി എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. ഇതിനെത്തുടർന്ന് നടന്ന ആഭ്യന്തര അന്വേഷണത്തിനൊടുവിൽ 1976 -ൽ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അന്ന് രണ്ട് ആൺമക്കളെ വളർത്താൻ കഷ്ടപ്പെടുന്ന ഒരു സാധാരണ കുടുംബനാഥനായിരുന്നു അദ്ദേഹം.

 

 

പതിറ്റാണ്ടുകൾ നീണ്ട കേസ്

താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിച്ച യാദവ് ഇതിനെതിരെ കോടതിയെ സമീപിച്ചു. 1990 -ൽ ലേബർ കോടതി അദ്ദേഹത്തെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചു. എന്നാൽ, ഡി.ടി.സി വിട്ടുകൊടുക്കാൻ തയ്യാറായില്ല. വെറും 5 പൈസയുടെ പേരിൽ അവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അടുത്ത നാല് പതിറ്റാണ്ട് കാലം ഈ കേസ് നീണ്ടുപോയി. ഇതിനിടയിൽ രാജ്യം 1994 -ൽ 5 പൈസ നാണയം തന്നെ പിൻവലിച്ചു. എന്നിട്ടും ഡി.ടി.സി കേസ് തുടർന്നു. ഈ 5 പൈസ തിരിച്ചുപിടിക്കാനുള്ള നിയമയുദ്ധത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 47,000 രൂപയോളം ഡി.ടി.സി ചിലവഴിച്ചു.

 

 

യാദവിന്‍റെ ഭാര്യ വിമല 2016 -ൽ കേസിനെ കുറിച്ച് എൻ.ഡി.ടി.വി-യോട് പറഞ്ഞത് ഇങ്ങനെയാണ്: "കേസ് 5 പൈസയുടെ ആണോ 2 പൈസയുടെ ആണോ എന്നതല്ല കാര്യം, അതിന്‍റെ പേരിൽ ഞങ്ങൾ അനുഭവിച്ച ശിക്ഷ ലക്ഷക്കണക്കിന് രൂപയേക്കാൾ വലുതാണ്. ആ നാണയം പോലും അപ്രത്യക്ഷമായി, പക്ഷേ ഞങ്ങൾ ഇപ്പോഴും ഇതിൽ കുടുങ്ങിക്കിടക്കുകയാണ്." യാദവ് തന്‍റെ ദുരനുഭവം ഓർത്തെടുത്തത് ഇപ്രകാരമാണ്: "മറ്റുള്ളവർ തീർത്ഥാടനത്തിന് പോയപ്പോൾ, ഞാൻ പോയത് കോടതികളിലേക്കായിരുന്നു. ഞാൻ ആരെയും പറ്റിച്ചിട്ടില്ലെന്ന് എന്‍റെ മക്കളെപ്പോലും ബോധ്യപ്പെടുത്തേണ്ടി വന്നു."

 

 

നഷ്ടപരിഹാരം നൽകാൻ കോടതി

ഒടുവിൽ 2016 -ൽ ദില്ലി ഹൈക്കോടതി ഡി.ടി.സിയുടെ അപ്പീൽ തള്ളിക്കളഞ്ഞു. വാദത്തിനിടെ കോടതി ഇപ്രകാരം നിരീക്ഷിച്ചു: "എതിർകക്ഷി 40 വർഷത്തിലേറെയായി ഡി.ടി.സിയുമായി പോരാടുകയാണ്. ലേബർ കോടതിയിലും ഹൈക്കോടതിയിലും വിജയിച്ചിട്ടും, അതിന്‍റെ ഫലം അനുഭവിക്കാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല." യാദവിന് 30,000 രൂപ നഷ്ടപരിഹാരമായും, ഗ്രാറ്റുവിറ്റിയായി 1.28 ലക്ഷം രൂപയും, സി.പി.എഫ് (CPF) ആയി 1.37 ലക്ഷം രൂപയും നൽകാൻ കോടതി ഉത്തരവിട്ടു. മൊത്തം 2.95.000 രൂപ അദ്ദേഹത്തിന് ലഭിച്ചു. ദശകങ്ങൾ പഴക്കമുള്ള ഈ കേസ് അടുത്തിടെ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. "വെറും 5 പൈസയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരാളുടെ ജീവിതം മുഴുവൻ പാഴായിപ്പോയി, നീതിന്യായ വ്യവസ്ഥ അദ്ദേഹത്തെ ദയനീയമായി പരാജയപ്പെടുത്തി," എന്നാണ് എക്സിലെ (X) ഒരു ഉപയോക്താവ് കുറിച്ചത്. അഞ്ച് പൈസയുടെ പേരിൽ തുടങ്ങിയ ഈ പോരാട്ടം അവസാനിക്കുമ്പോഴേക്കും അദ്ദേഹത്തിന് നഷ്ടമായത് തന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വർഷങ്ങളായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മകന്‍റെ ഓൺലൈൻ ഗെയിം ആസക്തിയറിയാൻ തുടങ്ങി, 60 -ാം വയസിൽ അമ്മ ലോകപ്രശസ്ത ഗെയിമർ!
'മഴ പെയ്യുന്നു, ആരെങ്കിലും രക്ഷിക്കൂ'; ബെംഗളൂരുവിലെ രക്ഷാപ്രവർത്തനം, 70 ലക്ഷത്തിലേറെ പേർ കണ്ട വീഡിയോ