
രണ്ട് വര്‍ഷത്തോളം നീണ്ട വര്‍ക്ക് ഫ്രം ഹോം കാലം കഴിഞ്ഞ് പ്രമുഖ കമ്പനികളൊക്കെ തിരികെ ഓഫീസ് ജോലിക്രമത്തിലേക്ക് പോവുകയാണ്. പുതിയ സാഹചര്യം കാനഡയില്‍ ഉണ്ടാക്കിയത് വ്യത്യസ്തമായ ഒരു പ്രശ്‌നമാണ്., വളര്‍ത്തുമൃഗങ്ങള്‍!
വീട്ടിലായിരിക്കെ ഇത്രനാളും ഒപ്പംകഴിഞ്ഞിരുന്ന വളര്‍ത്തുമൃഗങ്ങളെ എങ്ങനെ പിരിയുമെന്ന സങ്കടത്തിലാണ് ജീവനക്കാര്‍.
സംഗതി ചര്‍ച്ചയായതോടെ കമ്പനി മേധാവികള്‍ വിഷയം ഗൗരവതരമായി പരിഗണിച്ചു. ഒട്ടാവയിലെ ടങ്സ്റ്റണ്‍ കമ്പനി ഇതുമായി ബന്ധപ്പെട്ട് എടുത്ത പുതിയ തീരുമാനം ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
ഓഫീസിലേക്ക് വരുമ്പോള്‍ ഒപ്പം വളര്‍ത്തുനായ്ക്കളെയും കൊണ്ടുവരാമെന്നാണ് ടങ്സ്റ്റണ്‍ കമ്പനി എടുത്ത തീരുമാനം. ആ തീരുമാനം നടപ്പിലാക്കപ്പെട്ടതോടെ, ടങ്സ്റ്റണ്‍ ഓഫീസ് ലോബിയിലും, ജീവനക്കാരുടെ ഡെസ്‌ക്കിനടിയിലുമൊക്കെ ഇപ്പോള്‍ നായ്ക്കളും നായ്ക്കുട്ടികളുമാണ്. എല്ലാം അവരവരുടെ ഉടമകള്‍ക്കൊപ്പം ഓഫീസില്‍ വന്നതാണ്.
ഇതെങ്ങനെ അനുവദിക്കാനാവും, ഓഫീസ് ജോലി എങ്ങനെ നടക്കും എന്നൊക്കെ തോന്നാം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുയരാവുന്ന പ്രശ്‌നങ്ങളും പ്രശ്‌നസാദ്ധ്യതകളുമെല്ലാം കൃത്യമായി രേഖപ്പെടുത്തി ഒരു വളര്‍ത്തുമൃഗ നയം തന്നെ കമ്പനി രൂപീകരിച്ചു. അതിലെ വ്യവസ്ഥകളാണ് നായ്ക്കളെ കൊണ്ടുവരുന്ന ജീവനക്കാര്‍ പിന്തുടരുന്നത്.
ഈ പുതിയ രീതിയില്‍ കമ്പനി മേധാവികള്‍ കാണുന്ന ഗുണങ്ങള്‍ പലതാണ്. സമ്മര്‍ദ്ദമൊഴിഞ്ഞ് സന്തോഷകരമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്കാവും. ജോലിക്ഷമത കൂടും. ഒഴിവു വേളകളില്‍ ഇരിപ്പിടത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കാതെ, നായ്ക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് കായികാധ്വാനവും നല്‍കും. അങ്ങനെ ശാരീരികവും മാനസികവുമായി ഉണ്ടാവുന്ന ഉത്തേജനം, ജോലിയില്‍ ഉണര്‍വ് കൊണ്ടുവരുമെന്നാണ് കമ്പനി മേധാവികള്‍ വിശ്വസിക്കുന്നത്.
മാതൃകാപരമായ ഈ നയം സ്വീകരിച്ച ടങ്സ്റ്റണ്‍ കമ്പനിയെ തേടി മൃഗസംരക്ഷണ സംഘടനകളുടെ അംഗീകാരങ്ങളും എത്തി. ഇതോടെ ഈ പരീക്ഷണം ഇപ്പോള്‍ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഈയിടെ നടത്തിയ ഒരു സര്‍വേ പ്രകാരം 51 ശതമാനം കനേഡിയന്‍ പൗരന്മാരും വളര്‍ത്തുമൃഗങ്ങളെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. കൊവിഡ് ഉണ്ടാക്കിയ മാറ്റങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു തൊഴില്‍ സംസ്‌കാരം കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്.