പുതിയ തലമുറ തങ്ങൾക്ക് എന്താണ് പ്രധാനമെന്ന് തിരിച്ചറിയുന്നുണ്ട്, തൊഴിലിടങ്ങൾ ഇതിനനുസരിച്ച് മാറേണ്ടി വരുമെന്നും കുറിപ്പിൽ പറഞ്ഞിരിക്കുന്നത് കാണാം.
കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരു കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി ഓഫർ വേണ്ടെന്ന് പറഞ്ഞ് 25 -കാരൻ. തന്റെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിയാണ് യുവാവ് ഈ തീരുമാനം എടുത്തത്. ടോക്സിക്കായിട്ടുള്ള തൊഴിലിടങ്ങളിൽ നിന്ന് മാനസികാരോഗ്യത്തെ കൊല്ലാൻ യുവാവ് ഒരുക്കമല്ലെന്നർത്ഥം, അതിനി ഒരുകോടി ശമ്പളം കിട്ടിയാലും. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഇതേക്കുറിച്ച് നടക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള പ്രൊഡക്ട് ഡിസൈനർ മുസ്കാൻ അതാർ ആണ് ലിങ്ക്ഡ്ഇനിൽ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തുക്കളിൽ ഒരാളാണ് ഇത്രയും വലിയ തുക വേണ്ടെന്നുവെച്ചതെന്ന് അവർ കുറിച്ചു. '25 -ാം വയസ്സിൽ ഇത്രയും വ്യക്തമായ പ്രയോറിറ്റി നൽകാൻ കഴിയുക എന്നത് വലിയ കാര്യമാണ്' എന്നും മുസ്കാൻ പറഞ്ഞു.
കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും പീർ പ്രഷറും ഉള്ള ഈ പ്രായത്തിൽ ഇത്തരം തീരുമാനങ്ങൾ എടുക്കുക എളുപ്പമല്ല, ചെറിയ കാലത്തെ നേട്ടങ്ങളെക്കാൾ ദീർഘമായിട്ടുള്ള ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകിയ സുഹൃത്തിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ വലിയ വളർച്ചയാണെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ തലമുറ തങ്ങൾക്ക് എന്താണ് പ്രധാനമെന്ന് തിരിച്ചറിയുന്നുണ്ട്, തൊഴിലിടങ്ങൾ ഇതിനനുസരിച്ച് മാറേണ്ടി വരുമെന്നും കുറിപ്പിൽ പറഞ്ഞിരിക്കുന്നത് കാണാം.
മിക്ക ആളുകളും യുവാവിന്റെ തീരുമാനത്തെ അഭിനന്ദിച്ചു. പണം പ്രധാനമാണെങ്കിലും ടോക്സിക് ആയിട്ടുള്ള ജോലിസ്ഥലങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് പലരും അഭിപ്രായപ്പെട്ടു. വർഷങ്ങളുടെ അനുഭവസമ്പത്തിന് ശേഷമാണ് തങ്ങൾക്ക് ഈ തിരിച്ചറിവുണ്ടായത്, 25 -ാം വയസ്സിൽ ഇത് സാധ്യമായത് അഭിനന്ദനാർഹമാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു. ഇടത്തരം കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ളവർക്ക് 45 -ാം വയസ്സിൽ പോലും ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നു.
