
ചാർബെൽ ഹിത്തി ഒരു ലബനീസ് അഗ്നിശമന സേനാംഗമായിരുന്നു. "ഒരു ഗോഡൗണിനുള്ളിൽ തീപിടിച്ചിട്ടുണ്ട്, കെടുത്താൻ ഉടൻ ചെല്ലണം" എന്ന മേലധികാരികളുടെ നിർദേശപ്രകാരം, തന്റെ ടീമിനൊപ്പം ബെയ്‌റൂത്ത് പോർട്ടിനുള്ളിൽ ചെന്നിറങ്ങിയതായിരുന്നു അയാൾ. അവിടേക്ക് ചെന്നിറങ്ങി നാലഞ്ച് നിമിഷം കഴിഞ്ഞപ്പോഴേക്കും ചാർബെലിന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി. അയാൾക്ക് പിന്നിൽ സഹപ്രവർത്തകൻ തന്റെ കറുപ്പും മഞ്ഞയും ഇടകലർന്ന ഫയർ പ്രൊട്ടക്ഷൻ സ്യൂട്ട് അണിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാളോട്, "എന്തോ പ്രശ്നമുണ്ടിവിടെ..." എന്ന് പറയാൻ വേണ്ടി ഒന്ന് തിരിഞ്ഞത് മാത്രം ചാർബെൽ ഓർക്കുന്നുണ്ട്. പിന്നെ കാതടപ്പിക്കുന്ന ഒച്ചയാണ്. കണ്ണഞ്ചിക്കുന്ന പ്രകാശമാണ്. പിന്നെ ഇരുട്ടോടിരുട്ടുമാത്രമാണ്.
'അവസാനത്തെ സെൽഫി '
ചാർബെലും മുപ്പത്തിരണ്ട് വയസ്സുമാത്രം പ്രായമുള്ള, വകയിൽ അമ്മാവനായ, കരമും കസിൻ സഹോദരങ്ങളിൽ ചിലരും ഒക്കെ ബെയ്‌റൂത്തിൽ അഗ്നിശമന സേനാംഗങ്ങളാണ്. കഴിഞ്ഞ ദിവസം തങ്ങളെത്തേടിയെത്തിയ വിളിയും, ഒരു റെസ്ക്യൂ കാൾ എന്നേ അവർക്ക് തോന്നിയുള്ളൂ. ചെറുതും വലുതുമായി എത്ര പെരുന്തീകൾ, 'ദേ പോയി, ദാ വന്നു എന്ന മട്ടിൽ അവർ ഒന്നിച്ച് അനായാസം കെടുത്തി വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നെന്നു മാത്രമേ പോർട്ടിലെ തീപിടുത്തത്തെപ്പറ്റിയും അവർ കരുതിയുള്ളൂ.
ചാർബെലും അമ്മാവന്റെ മകൻ നജീബും ഫയർ ട്രക്കുമായി മുന്നിൽ പോയി. അമ്മാവൻ കരം ആംബുലൻസുമായി പിന്നാലെ വെച്ചുപിടിച്ചു. ആംബുലൻസിൽ പോകുന്നതിനിടെയും കരം ഒന്ന് വീഡിയോ കോൾ ചെയ്തു തന്റെ ഭാര്യയെ. അയാളുടെ മകൾക്ക് രണ്ടു വയസ്സാണ്. ഇടക്കിടക്കുള്ള ഈ 'വീഡിയോ വിളി' അയാൾക്ക് പതിവുള്ളതാണ്. " ഞങ്ങൾ ഫയർ ഫൈറ്റേഴ്‌സാണ്..., ഞങ്ങൾ ഇതാ തീ കെടുത്താൻ പോവുകയാണ്.." അയാൾ പതിവുതെറ്റിക്കാതെ തന്റെ മകളോട് കൊഞ്ചിപ്പറഞ്ഞു.
അതിനിടെ നജീബ് ഫയർ ട്രക്ക് കത്തിച്ച് വിടാൻ തുടങ്ങി. താൻ പിന്നിലായി എന്ന് കണ്ടപ്പോൾ കരം പറഞ്ഞു, "പോയി വന്നിട്ട് വിളിക്കാമെ... ബായ്..." ഗിയർ ഷിഫ്റ്റ് ചെയ്ത്, നജീബിന് പിന്നാലെ ആഞ്ഞു പിടിച്ചു അയാൾ. പോർട്ടിലെ ഗോഡൗണുകൾക്ക് തൊട്ടടുത്താണ് കടൽ. പോർട്ടിന്റെ ഗേറ്റ് കടന്നു ചെന്നപ്പോൾ വണ്ടിയിൽ ഇരുന്നുതന്നെ അവർ കടലിലെ വെള്ളത്തിന് മുകളിൽ പരന്ന ചാരനിറമുള്ള വെള്ളപ്പുക ശ്രദ്ധിച്ചു."യല്ലാ..! യല്ലാ..! യല്ലാ..! പെട്ടെന്നാട്ടെ.. വേഗം ചെല്ലൂ..." അവിടെ നിന്ന് ആരോ ഉച്ചത്തിലുച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. അയാളുടെ ശബ്ദത്തിൽ വല്ലാത്ത പരിഭ്രാന്തി നിറഞിരുന്നതായി അവരോർത്തു.
ചാർബെൽ, വണ്ടിയിൽ ഇരുന്ന് ആ ചാരനിറത്തിലുള്ള വെള്ളപ്പുകയുടെ വീഡിയോ എടുത്തുകൊണ്ടിരുന്ന ഒരു സഹപ്രവർത്തകനോട് പറഞ്ഞു. "ലക്ഷണം കണ്ടിട്ട് അകത്ത് കാര്യമായ എന്തോ പ്രശ്നമാണെന്ന് തോന്നുന്നു..." എന്തുകൊണ്ടാണ് താനങ്ങനെ പറഞ്ഞത് എന്ന് വിശദീകരിക്കാൻ എന്തായാലും ചാർബെലിന് പിന്നീട് അവസരം കിട്ടിയതേയില്ല.
അടുത്ത നിമിഷം നടന്നത് ഒരു ഉഗ്രസ്ഫോടനമായിരുന്നു. അവർ തീകെടുത്താൻ ചെന്ന പോർട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റ് നിമിഷാർദ്ധനേരം കൊണ്ട് കത്തിച്ചാമ്പലായി, പൊട്ടിത്തെറിച്ചു. ബെയ്‌റൂത്ത് നഗരത്തിൽ ആകെ കിലോമീറ്ററുകളോളം ദൂരം 'റോൾ' ചെയ്തു ചെന്ന സ്ഫോടന തരംഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ ആയിരുന്നു അവർ. ആദ്യഘട്ടത്തിൽ തീപിടുത്തത്തോട് പ്രതികരിച്ച് ആ ഗോഡൗണിൽ സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് എത്തിപ്പെട്ട ആ അഗ്നിശമന സേനാസംഘത്തിലെ പത്തുപേരെങ്കിലും ആ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ സെൽഫോൺ റെക്കോർഡിങ്ങുകൾ, ഔദ്യോഗിക വാഹനങ്ങളിലെ വോയിസ് റെക്കോർഡുകൾ മേൽപ്പറഞ്ഞ കഥകൾക്ക് സാക്ഷ്യമായി അവശേഷിച്ചു, എന്തായാലും.
'കാണാതായ പത്ത് അഗ്നിശമനസേനാംഗങ്ങൾ'
അഗ്നിശമന സേനയിൽ ജോലികൾ കിട്ടി ബെയ്‌റൂത്ത് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വാടകവീട്ടിലേക്ക് കുടിയേറിപ്പാർക്കും മുമ്പ് ഈ അമ്മാവനും മരുമക്കളും ഒക്കെ ഒന്നിച്ച് ഗ്രാമപ്രദേശമായ കർത്തബയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. ആ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു കാര്യത്തിൽ എന്നും ശ്രദ്ധിച്ചിരുന്നു. തങ്ങൾക്കെല്ലാവർക്കും ഒരേ ഷിഫ്റ്റിൽ ഡ്യൂട്ടി അനുവദിക്കാൻ അവർ മേലധികാരികളെ നിർബന്ധിച്ചിരുന്നു. ബന്ധുക്കൾക്കൊപ്പം കളിച്ച് ചിരിച്ച് ചെയ്‌താൽ ജോലിക്ക് ഭാരം കുറയുമെന്നാണ് അവർ ഓരോരുത്തരും ചിന്തിച്ചിരുന്നത്. അത്രയ്ക്ക് ഐക്യവും മാനസിക അടുപ്പവും അവർക്കിടയിൽ ഉണ്ടായിരുന്നു. അതുകൊണ്ടെന്താ, അവരിൽ മിക്കവാറും എല്ലാവരും മരണത്തിലും തമ്മിൽ തമ്മിൽ വേർപിരിഞ്ഞില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേയൊരു ഖബറടക്കം മാത്രം മതിയാകും.
ഇല്ല, ആ കൂട്ട ഖബറടക്കം ഇനിയും കഴിഞ്ഞിട്ടില്ല. അതൊരു ഉഗ്രസ്ഫോടനമായിരുന്നു. ഗോഡൗണിന്റെ പരിസരത്തുണ്ടായിരുന്ന എല്ലാവരും കഷ്ണം കഷ്ണമായിട്ടാണ് ചിതറിപ്പോയിരിക്കുന്നത്. ഗോഡൗണിനു ചുറ്റും ചിതറിക്കിടക്കുന്ന മാംസക്കഷ്ണങ്ങളിൽ ഏത് ആരുടേതെന്നുവെച്ചിട്ടാണ് എടുത്ത് ഖബറടക്കുക? അവരുടെ വീട്ടിലെ സ്ത്രീകൾ ഈ ലേഖനം എഴുതുമ്പോഴും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ബെയ്‌റൂത്തിലെ എല്ലാ ആശുപത്രികളിലും കയറി ഇറങ്ങി നടക്കുകയാണ്. " ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. അവരുടെ കയ്യിന്റെ ഒരു വിരലോ, തലയോ, കാലോ.. എന്തെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിൽ. എനിക്ക് അവരെ തിരിച്ചറിയാൻ പറ്റുന്ന എന്തെങ്കിലുമൊന്ന് തരണേ ദൈവമേ എന്നാണ് എന്റെ പ്രാർത്ഥന..." നജീബിന്റെ സഹോദരി മാരിനെല്ല വിതുമ്പിക്കൊണ്ട് പറയുന്നു. കത്തിക്കരിഞ്ഞ പരുവത്തിൽ ഷീറ്റിട്ട് മൂടിയ എല്ലാ ജഡങ്ങളുടെയും കൈ അവൾ ഒന്ന് പിടിച്ചു നോക്കും. നജീബിന്റെ കണങ്കൈയ്യിൽ ഒന്നുരണ്ടു ചൈനീസ് അക്ഷരങ്ങൾ പച്ചകുത്തിയിട്ടുണ്ട്. എത്ര കരിഞ്ഞാലും അത് ചിലപ്പോൾ ബാക്കിയുണ്ടെങ്കിലോ.
ഫയർ ഫൈറ്റിങ് സംഘത്തിലെ മെഡിക് ആയിരുന്നു, സാറാ ഫാരിസ്. പരിക്കേറ്റവരെ, പൊള്ളലേറ്റവരെ സൈറ്റിൽ വെച്ച് പ്രാഥമിക ശുശ്രൂഷ നൽകി അവരുടെ പ്രാണൻ രക്ഷിക്കേണ്ടവൾ. അതിനായി ആ സംഘത്തോടൊപ്പം പോവേണ്ടവൾ. സ്ഫോടന ദിവസം ചിതറിത്തെറിച്ച് കാണാതായ പത്തുപേരിൽ സാറയുമുണ്ട്.
അവളുടെ വിവാഹം അടുത്ത വർഷം ജൂണിൽ നടത്താനിരുന്നതാണ്. സാറയുടെ പ്രതിശ്രുതവരൻ ഗിൽബെർട്ട് കാരാൻ അറബിക്കിൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ. "ഇതെന്തു പരിപാടിയാണ് സാറാ..? നമ്മൾ അടുത്ത വർഷം വിവാഹിതരാവേണ്ടിയിരുന്നതല്ലേ? നമ്മുടെ വീട് നമ്മൾ രണ്ടും കൂടി ഒരുക്കിത്തീർന്നില്ലല്ലോ ഇതുവരെ? നിനക്കിഷ്ടമുള്ള ഫർണിച്ചറും, കർട്ടനും, തലയിണയുറകളും ഒന്നും വാങ്ങി സെറ്റുചെയ്ത് കഴിഞ്ഞില്ലായിരുന്നല്ലോ?
നിന്റെ ജോലിയിൽ ഇത് നമ്മൾ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു പ്രൊമോഷനായിപ്പോയി അല്ലേ? ഒരു മെഡിക് ഫയർ ഫൈറ്ററിൽ നിന്ന് ലെബനന്റെ നാഷണൽ ഹീറോയിലേക്ക് നീ ഉയർത്തപ്പെട്ടിരിക്കുന്നു. നീ ആഗ്രഹിച്ചതെല്ലാം അവിടെ നിനക്ക് കിട്ടും. വിവാഹവസ്ത്രമണിഞ്ഞ് നിൽക്കുന്ന നിന്നെ നോക്കി കരച്ചിലടക്കാൻ പ്രയാസപ്പെടുന്ന എന്നെയൊഴിച്ച്.."
'സാറാ ഫാരിസ്, പ്രതിശ്രുത വരൻ ഗിൽബെർട്ടിനൊപ്പം'
അവളെ ഇന്ന് ബെയ്‌റൂത്ത് വിളിക്കുന്നത് "ബെയ്‌റൂത്തിന്റെ വധു" എന്നാണ്. "സാറാ നീയെന്റെ ജീവനായിരുന്നു. പക്ഷേ, ഇന്ന് നീ എരിച്ചുകളഞ്ഞത് എന്റെ ഹൃദയമാണ്..." എന്ന് ഗിൽബെർട്ട് എഴുതി നിർത്തിയപ്പോൾ ബെയ്‌റൂത്തിലെ ജനങ്ങൾക്ക് ഉള്ളു നുറുങ്ങി.
വടക്കൻ ബെയ്‌റൂത്തിലെ ലാ ക്വാറന്റീനിൽ ഉള്ള ഫയർ സ്റ്റേഷനിൽ നിന്നാണ് ഇവർ ഗോഡൗണിലേക്ക് വന്നെത്തിയത്. പത്തംഗ സംഘത്തിൽ സാറാ ഫാരിസിന്റെ മൃതദേഹം മാത്രമാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ള ഒമ്പതുപേരും ഇപ്പോഴും തകർന്നടിഞ്ഞു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എവിടെയോ ഉണ്ട്. അവർ ജീവനോടെ തിരികെ വരും എന്ന വീട്ടുകാരുടെ പ്രതീക്ഷകൾ അസ്തമിച്ചുകൊണ്ടിരിക്കയാണ്.
'സംഘം വന്നെത്തിയപ്പോൾ ചെറുതായി പുക പൊന്തിക്കൊണ്ടിരുന്ന, പിന്നീട് പൊട്ടിത്തെറിച്ച പോർട്ടിലെ ഗോഡൗൺ'
അവരുടെയൊന്നും കരച്ചിൽ അടങ്ങിയിട്ടില്ല. പ്രിയപ്പെട്ടവരുടെ കാര്യമോർക്കുമ്പോഴൊക്കെ കണ്ണുനീർ വീണ്ടും പൊടിയുകയാണ്. ഒഴുകുകയാണ്. കണ്ണീർ ഒന്നടങ്ങുമ്പോൾ അവരുടെ ഉള്ളിൽ കോപമാണ്. അടങ്ങാത്ത കോപം. "ആ ഗോഡൗണിനുള്ളിൽ എന്താണ് എന്ന് അവരോട് ആരും പറഞ്ഞില്ല. തങ്ങൾ നടന്നുകയറിയത് സ്വന്തം മരണത്തിലേക്കാണ് എന്നും അവരറിഞ്ഞില്ല. വല്ല യുദ്ധത്തിനും പോയി ലെബനനു വേണ്ടി രക്തസാക്ഷിത്വം വരിച്ചിരുന്നേൽ ഞങ്ങൾ സഹിച്ചേനെ... ഇതിപ്പോ ആർക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ് അവരുടെ ജീവനിങ്ങനെ? ആ സ്‌ഫോടക വസ്തുവിന്റെ പേരിൽ കാശുണ്ടാക്കിയവർ ഇന്നും സ്വൈര്യമായി ജീവിക്കുന്നു. അവരെ ആരും തൊടില്ല...." മാരിനെല്ല പറഞ്ഞു.
സ്‌ഫോടനത്തിൽ പ്രിയപ്പെട്ടവരേ എന്നെന്നേക്കുമായി നഷ്ടപ്പെട്ട അവർ പറയുന്നു "ഞങ്ങൾ ഇനി തെരുവിലേക്കിറങ്ങും. ഈ വ്യവസ്ഥിതിയെ പൊളിച്ചടുക്കും ഞങ്ങൾ... "
കടപ്പാട് : ന്യൂയോർക്ക് ടൈംസ്, ന്യൂയോർക്ക് പോസ്റ്റ്