'കയ‍ർ മുറുക്കിയിട്ടില്ലെന്ന് പറഞ്ഞിട്ടും തള്ളി വിട്ടു'; 168 മീറ്റർ ഉയരത്തിൽ നിന്നുള്ള ക്ലിഫ് സ്വിംഗിനിടെ കൗമാരക്കാരിക്ക് ദാരുണാന്ത്യം

Published : May 08, 2026, 04:56 PM IST
Teenage girl dies after falling from cliff swing ride

Synopsis

ചൈനയിലെ മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിൽ ക്ലിഫ് സ്വിംഗിനിടെ 17-കാരി മരിച്ചു. സുരക്ഷാ കയർ ശരിയായി ഘടിപ്പിച്ചിട്ടില്ലെന്ന പെൺകുട്ടിയുടെ മുന്നറിയിപ്പ് ജീവനക്കാർ അവഗണിച്ചതാണ് അപകടത്തിന് കാരണമായത്. ഈ സംഭവം ചൈനയിൽ വലിയ ജനരോഷത്തിന് ഇടയാക്കുകയും പാർക്ക് അടച്ചുപൂട്ടുകയും ചെയ്തു.

 

സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച അധികൃതരുടെ നടപടി ഒരു യുവതിയുടെ ജീവനെടുത്തു. ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഹുവായിംഗിലെ മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിലാണ് (Maliuyan Expedition Park) നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്. 17 വയസ്സ് പ്രായമുള്ള ലിയു എന്ന പെൺകുട്ടിയാണ് മരിച്ചത്.

അവഗണിക്കപ്പെട്ട മുന്നറിയിപ്പ്

168 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന് സമീപമുള്ള ക്ലിഫ് സ്വിംഗിലായിരുന്നു അപകടം. പെൺകുട്ടിയെ പുറത്തേക്ക് തള്ളുന്നതിന് മുൻപ്, തന്‍റെ സുരക്ഷാ കയർ ശരിയായി മുറുക്കിയിട്ടില്ലെന്ന് അവൾ ആവർത്തിച്ച് വിളിച്ചു പറയുന്ന വീഡിയോ പുറത്തുവന്നു. എന്നാൽ, ജീവനക്കാർ ഇത് ഗൗനിക്കാതെ അവളെ തള്ളിവിടുന്നതും വീഡിയോയിൽ കാണാം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ മുകളിലുണ്ടായിരുന്ന സുരക്ഷാ ലോക്ക് അഴിയുകയും പെൺകുട്ടി അഗാധമായ താഴ്ച്ചയിലേക്ക് പതിക്കുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

 

 

അപകടമല്ല, മറിച്ച് അശ്രദ്ധ മൂലമുള്ള കൊലപാതകം

ഈ ദാരുണ സംഭവത്തിന്‍റെ വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ 20 കോടിയിലധികം ആളുകളാണ് കണ്ടത്. ഇത് ചൈനയിലുടനീളം വലിയ ജനരോഷത്തിന് കാരണമായി. "ഇതൊരു അപകടമല്ല, മറിച്ച് അശ്രദ്ധ മൂലമുള്ള കൊലപാതകമാണ്" എന്നാണ് പൊതുജനങ്ങളുടെ പ്രതികരണം. സംഭവത്തെ തുടർന്ന് അധികൃതർ പാർക്ക് അടച്ചു പൂട്ടി. ക്ലിഫ് സ്വിംഗുകളുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനുമായി ചൈനയിലെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ കഴിഞ്ഞ വർഷം കർശനമായ മാനദണ്ഡങ്ങൾ കൊണ്ടു വന്നിരുന്നു. എന്നാൽ, മാലിയുവാൻ പാർക്കിൽ ഈ നിയമങ്ങളൊന്നും പാലിക്കപ്പെട്ടിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരട്ട സുരക്ഷാ കയറുകൾക്ക് പകരം ഒരൊറ്റ കയർ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്ന് മുൻപ് ഇവിടം സന്ദർശിച്ചവരും സാക്ഷ്യപ്പെടുത്തുന്നു. "സുരക്ഷ എന്നത് വെറുമൊരു മുവാക്കല്ല അത് കർശനമായി നടപ്പിലാക്കേണ്ട ഒന്നാണ്. ഒരു നിസ്സാര അശ്രദ്ധയുടെ വില ഒരു ജീവനാണ്," എന്ന് ഷാങ്‌യൂ ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

വി ഡി സതീശന്‍റെ കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാൻഡ് കാണിക്കണം; സാറ ജോസഫ്
അന്ന് പച്ചക്കറി കടയിൽ, ഇന്ന് എവറസ്റ്റ് ബേസ് ക്യാംപിൽ; 16,000 രൂപയുമായി ഹിമാലയൻ സ്വപ്നം കീഴടക്കി കേശവ്