ഉദ്യോഗസ്ഥർ എത്തി വാതിൽ തുറന്നു നോക്കിയപ്പോൾ ടോയ്‌ലറ്റിനുള്ളിൽ ആരെയും കാണാനില്ലായിരുന്നു. എന്നാൽ പെട്ടെന്ന് ക്ലോസറ്റിന്റെ അടപ്പ് തനിയെ തുറക്കുകയും അതിനുള്ളിൽ നിന്നും ഒരു തല പുറത്തേക്ക് വരികയുമായിരുന്നു.
അമേരിക്കയിലെ മിസൗറിയിലുള്ള കാൻസാസ് സിറ്റിയിൽ നിന്ന് തികച്ചും വിചിത്രവും അവിശ്വസനീയവുമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. പൊതുപരിപാടികൾക്ക് ഉപയോഗിക്കുന്ന താല്ക്കാലിക ടോയ്‌ലറ്റിന്റെ സീറ്റിനടിയിലുള്ള മാലിന്യ ടാങ്കിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ യുവാവിനെ ഒടുവിൽ ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി. കഴിഞ്ഞ ജൂലൈ 14-നായിരുന്നു സോഷ്യൽ മീഡിയയിൽ ഇതിനകം വൻതോതിൽ വൈറലായ ഈ സംഭവം നടന്നത്.
ഫിഫ ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഒരു പബ്ലിക് വാച്ച് പാർട്ടിക്ക് ശേഷമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പരിപാടി അവസാനിച്ചതിനെ തുടർന്ന് 'പേട്രിയറ്റ് പോർട്ടബിൾ റെസ്റ്റ്‌റൂംസ്' എന്ന കമ്പനിയുടെ ജീവനക്കാർ ടോയ്‌ലറ്റ് യൂണിറ്റുകൾ തിരികെ ശേഖരിക്കാൻ എത്തി. ഉള്ളിൽ ആളില്ലെന്ന് ഉറപ്പുവരുത്താൻ ജീവനക്കാരൻ ഓരോ ടോയ്‌ലറ്റിന്റെയും വാതിലിൽ മുട്ടിനോക്കി. എന്നാൽ, ഒരു ടോയ്‌ലെറ്റ് മാത്രം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. 10 മിനിറ്റിനകം പുറത്തിറങ്ങണമെന്ന് അറിയിച്ച ശേഷം ജീവനക്കാരൻ മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. പിന്നീട് മടങ്ങിയെത്തി വീണ്ടും മുട്ടിയെങ്കിലും ഉള്ളിലിരുന്നയാൾ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. സംശയം തോന്നിയ ജീവനക്കാരൻ ഉടൻ തന്നെ ആ വഴി വന്ന ട്രാഫിക് പോലീസിന്റെ സഹായം തേടി. ഉദ്യോഗസ്ഥർ എത്തി വാതിൽ തുറന്നു നോക്കിയപ്പോൾ ടോയ്‌ലറ്റിനുള്ളിൽ ആരെയും കാണാനില്ലായിരുന്നു. എന്നാൽ പെട്ടെന്ന് ക്ലോസറ്റിന്റെ അടപ്പ് തനിയെ തുറക്കുകയും അതിനുള്ളിൽ നിന്നും ഒരു തല പുറത്തേക്ക് വരികയുമായിരുന്നു.
ടോയ്‌ലറ്റ് സീറ്റിന് താഴെയുള്ള ഇടുങ്ങിയ വേസ്റ്റ് ഹോൾഡിങ് ടാങ്കിനുള്ളിലാണ് യുവാവ് കുടുങ്ങിക്കിടന്നിരുന്നത്. തലേദിവസം രാത്രി താൻ കുടിക്കാൻ വാങ്ങിയ 'മൗണ്ടൻ ഡ്യൂ' സോഫ്റ്റ് ഡ്രിങ്ക് കുപ്പി അബദ്ധത്തിൽ ടോയ്‌ലറ്റ് ടാങ്കിലേക്ക് വീണുപോയെന്നും, അത് തിരഞ്ഞു പിടിക്കാൻ ഇറങ്ങിയപ്പോഴാണ് താൻ അതിനുള്ളിൽ കുടുങ്ങിയതെന്നും യുവാവ് പിന്നീട് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഏകദേശം എട്ട് മണിക്കൂറോളമാണ് ഇയാൾ മലമൂത്രവിസർജ്യങ്ങളും രാസവസ്തുക്കളും നിറഞ്ഞ ഇടുങ്ങിയ ടാങ്കിനുള്ളിൽ കഴിഞ്ഞുകൂടിയത്.
ഇയാളെ സാധാരണ രീതിയിൽ പുറത്തെടുക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെ കാൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് എത്തി. പ്ലാസ്റ്റിക് ടോയ്‌ലറ്റ് കാബിൻ അതീവ ശ്രദ്ധയോടെ വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്സ് സംഘം ഇയാളെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടയിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് യുവാവ് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഒടുവിൽ ടാങ്കിൽ നിന്നും പുറത്തെടുത്ത യുവാവിനെ ഫയർ ട്രക്കിലെ ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളമൊഴിച്ച് പൂർണ്ണമായും വൃത്തിയാക്കിയ ശേഷമാണ് അധികൃതർ വിട്ടയച്ചത്. ഇയാൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ ഇല്ലാത്തതിനാൽ മെഡിക്കൽ സഹായം നിരസിച്ചുകൊണ്ട് സംഭവസ്ഥലത്തുനിന്നും പോയതായി ഫയർഫോഴ്സ് വക്താവ് അറിയിച്ചു.
