വി ഡി സതീശന്‍റെ കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാൻഡ് കാണിക്കണം; സാറ ജോസഫ്

Published : May 08, 2026, 03:41 PM IST
V D Satheesan and Sara Joseph

Synopsis

പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ വി ഡി സതീശന് പിന്തുണയുമായി രംഗത്ത്. സതീശന്റെ കഴിവും രാഷ്ട്രീയ തന്ത്രങ്ങളും ഉപയോഗിക്കാൻ ഹൈക്കമാൻഡ് വിവേകം കാണിക്കണമെന്നും സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കാൻ ഇത് അനിവാര്യമാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

 

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ വി ഡി സതീശനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫ്. വി ഡി സതീശന്‍റെ കഴിയും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാൻഡ് കാണിക്കണമെന്ന് സാറാ ജോസഫ് തന്‍റെ ഫേസ് ബുക്ക് കുറിപ്പിലെഴുതി. നാലാം തിയതി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നെങ്കിലും എട്ടാം തിയതി ആയിട്ടും കോൺഗ്രസ് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനെടുക്കാതെ നിൽക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മുഖ്യമന്ത്രിയ്ക്ക് വേണ്ടി പല ഗ്രൂപ്പുകളും അവകാശ വാദം ഉയർത്തുന്നതിനിടെയാണ് സാറാ ജോസഫ്, വി ഡി സതീശന് വേണ്ടി രംഗത്തെത്തിയത്.

വിജയം ഇന്ത്യാ സഖ്യത്തിന്‍റെ നീക്കം ശക്തമാക്കാൻ

കോണ്‍ഗ്രസുകാരെക്കാൾ പൊതുജനമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടി ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യം തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പ്, കേരളത്തിലെ ഉയർന്ന രാഷ്‌ടീയ വിവേകമുള്ള വോട്ടർമാർ വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസിനെ ജയിപ്പിച്ചത് ആ ദേശീയപ്പാർട്ടി നശിക്കാതിരിക്കാനും ഇന്ത്യാ സഖ്യമെന്ന രാഷ്‌ട്രീയ നീക്കത്തെ ബലപ്പെടുത്താനും വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശന്‍റെ നിലപാടും കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാൻഡ് കാണിക്കണമെന്ന് സാറ ജോസഫ് ഫേസ് ബുക്കിൽ കുറിച്ചത്.

ചെറുക്കേണ്ടത് സംഘപരിവാർ രാഷ്‌ടീയത്തെ

കൃത്യമായ ജനാധിപത്യ നിലപാടുള്ള കരുത്തനായൊരു ഭരണാധികാരിക്ക് മാത്രമേ സംഘപരിവാർ രാഷ്‌ടീയത്തെ ചെറുക്കാൻ കഴിയുന്ന വിശാലമായ ഐക്യം രൂപപ്പെടുത്താൻ കഴിയൂവെന്നും അതാരായിരിക്കും എന്ന പരീക്ഷണമാണ് കേരള വോട്ടർമാർ നടത്തിയിട്ടുള്ളതെന്നും സാറാ ടീച്ചർ പറയുന്നു. മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള ലജ്ജാകരമായ ഈ വടംവലി വിജയത്തിളക്കത്തെ ഒരോ നിമിഷവും നശിപ്പിച്ച് കൊണ്ടിരിയ്ക്കയാണെന്ന് ഹൈക്കമാൻഡ് തിരിച്ചറിയണമെന്നും ജനമനസ്സറിയാനുള്ള കഴിവും വിവേകവും ദീർഘവീക്ഷണവും ഹൈക്കമാൻഡിന് ഉണ്ടാകട്ടെയെന്ന് ആശംസിച്ച് കൊണ്ട് സാറ ജോസഫ് തന്‍റെ കുറപ്പ് അവസാനിക്കുന്നു.

സാറ ജോസഫിന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം:

ഇന്ന് ഇന്ത്യൻ ദേശീയരാഷ്‌ടീയത്തിൽ കോൺഗ്രസ് പാർട്ടി ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യം കോൺഗ്രസുകാരേക്കാൾ പൊതുജനങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഉയർന്ന രാഷ്‌ടീയ വിവേകമുള്ള ജനത എന്ന നിലയിൽ കേരള വോട്ടർമാർ വൻഭൂരിപക്ഷത്തിൽ കോൺഗ്രസിനെ ജയിപ്പിച്ചത് ആ ദേശീയപ്പാർട്ടി നശിക്കാതിരിക്കാനും ഇന്ത്യാ സഖ്യമെന്ന രാഷ്‌ട്രീയ നീക്കത്തെ ബലപ്പെടുത്താനും വേണ്ടിയാണ്.

വി.ഡി.സതീശൻ എന്ന കോൺഗ്രസ് പ്രവർത്തകന്‍റെ നിലപാടും കഴിവും പൊളിറ്റിക്കൽ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാൻഡ് ഇപ്പോൾ കാണിക്കേണ്ടത്.

ഇടതിന്‍റെ തോൽവി എന്നെന്നേക്കുമായിട്ടുള്ളതല്ല.

അവർ ശക്തമായ ഒരു പ്രതിപക്ഷമായിരിക്കും എന്നുറപ്പാണ്. അതാണ് വേണ്ടതും. ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും സംഘപരിവാർ രാഷ്‌ടീയത്തെ ചെറുക്കാൻ കഴിയുന്ന വിശാലമായ ഐക്യമാണ് ഉണ്ടാവേണ്ടത്.

കൃത്യമായ ജനാധിപത്യ നിലപാടുള്ള കരുത്തനായൊരു ഭരണാധികാരിക്ക് മാത്രമേ അത് രൂപപ്പെടുത്താനാവൂ.

അതാരായിരിക്കും എന്ന പരീക്ഷണമാണ് കേരളാ വോട്ടർമാർ നടത്തിയിട്ടുള്ളത്.

മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള ലജ്ജാകരമായ ഈ വടംവലി വിജയത്തിളക്കത്തെ അനുനിമിഷം നശിപ്പിച്ചു കൊണ്ടിരിയ്ക്കയാണെന്ന് ഹൈക്കമാൻഡ് തിരിച്ചറിയണം. ജനമനസ്സറിയാനുള്ള കഴിവും

വിവേകവും ദീർഘവീക്ഷണവും ഉണ്ടാവട്ടെ എന്നാശംസിയ്ക്കുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

അന്ന് പച്ചക്കറി കടയിൽ, ഇന്ന് എവറസ്റ്റ് ബേസ് ക്യാംപിൽ; 16,000 രൂപയുമായി ഹിമാലയൻ സ്വപ്നം കീഴടക്കി കേശവ്
30 വർഷമായി മുടങ്ങാതെ ലോട്ടറിയെടുത്ത് ദമ്പതികൾ, ഒടുവിൽ 390 കോടിയുടെ ഭാ​ഗ്യം