എഞ്ചിൻഎഐ നിർമ്മിച്ച 'T800' വിഭാഗത്തിൽപ്പെട്ട 'വൈറ്റ് ഈഗിൾ', 'മാറ്റഡോർ' എന്നീ രണ്ട് റോബോട്ടുകൾ തമ്മിലായിരുന്നു മത്സരം. പോരാട്ടം മുറുകുന്നതിനിടയിൽ, 'വൈറ്റ് ഈഗിൾ' തൊടുത്ത ശക്തമായ ഒരു ഹൈ-കിക്ക് എതിരാളിയായ 'മാറ്റഡോറിന്റെ' കഴുത്തിന് നേരെയാണ് പതിച്ചത്.
ലോകത്തിലെ ആദ്യത്തെ ഫുൾ-സൈസ് ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോംബാറ്റ് ടൂർണമെന്റിന് ചൈനയിലെ ഷെൻഷെനിൽ നാടകീയ തുടക്കം. റിങ്ങിൽ നേർക്കുനേർ പോരാടിയ ഒരു റോബോട്ടിന്റെ തല തെറിച്ച് നിലത്ത് വീണിട്ടും, പിന്മാറാതെ അത് പോരാട്ടം തുടർന്ന ദൃശ്യങ്ങളാണ് ലോകമെമ്പാടും ചർച്ചയാകുന്നത്. ചൈനീസ് റോബോട്ടിക്സ് കമ്പനിയായ എഞ്ചിൻഎഐ സംഘടിപ്പിച്ച 'അൾട്ടിമേറ്റ് റോബോട്ട് നോക്ക്-ഔട്ട് ലെജൻഡ്' (URKL) ടൂർണമെന്റിന്റെ ഉദ്ഘാടന വേദിയിലാണ് സാങ്കേതിക ലോകത്തെ അമ്പരപ്പിച്ച ഈ സംഭവം അരങ്ങേറിയത്.
തല വേർപെട്ടിട്ടും ഇടിയോട് ഇടി!
എഞ്ചിൻഎഐ നിർമ്മിച്ച 'T800' വിഭാഗത്തിൽപ്പെട്ട 'വൈറ്റ് ഈഗിൾ', 'മാറ്റഡോർ' എന്നീ രണ്ട് റോബോട്ടുകൾ തമ്മിലായിരുന്നു മത്സരം. പോരാട്ടം മുറുകുന്നതിനിടയിൽ, 'വൈറ്റ് ഈഗിൾ' തൊടുത്ത ശക്തമായ ഒരു ഹൈ-കിക്ക് എതിരാളിയായ 'മാറ്റഡോറിന്റെ' കഴുത്തിന് നേരെയാണ് പതിച്ചത്. ഇടിയുടെ ആഘാതത്തിൽ മാറ്റഡോറിന്റെ തല അതിന്റെ സോക്കറ്റിൽ നിന്നും ഇളകി മാറി തൂങ്ങിക്കിടക്കാൻ തുടങ്ങി. എന്നാൽ അമ്പരപ്പിക്കുന്ന കാര്യം, പ്രധാന സെൻസറുകൾ അടങ്ങുന്ന തല ഭാഗികമായി തകർന്ന് തൂങ്ങിയിട്ടിട്ടും മാറ്റഡോർ പിന്മാറിയില്ല. ബോഡിയിലെ വയറുകളിൽ തൂങ്ങിക്കിടന്ന തലയുമായി തന്നെ മാറ്റഡോർ വൈറ്റ് ഈഗിളിന് നേരെ പഞ്ചുകളും കിക്കുകളും തൊടുത്തു കൊണ്ടിരുന്നു.
നാടകീയമായ അന്ത്യം
പോരാട്ടത്തിന്റെ അവസാന നിമിഷങ്ങളിൽ മാറ്റഡോർ പെട്ടെന്ന് മുന്നോട്ട് ആഞ്ഞു വീഴുകയും, സ്വന്തം ശരീരത്തിനടിയിൽ പെട്ട് തല പൂർണ്ണമായും തകരുകയുമായിരുന്നു. വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും തല പൂർണ്ണമായി വേർപെട്ടതോടെ റോബോട്ട് തകർന്നു വീണു. മത്സരം ജയിച്ച വൈറ്റ് ഈഗിൾ റിങ്ങിനുള്ളിൽ റോബോട്ടിക് നൃത്തച്ചുവടുകളോടെയും വിജയ പോസുകളോടെയുമാണ് വിജയം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത ആശങ്കകൾക്കും വലിയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.
എന്താണ് T800 റോബോട്ട്?
പ്രശസ്ത ഹോളിവുഡ് ചിത്രം 'ടെർമിനേറ്റർ' സിനിമയിലെ റോബോട്ട് കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എഞ്ചിൻഎഐ കമ്പനി ഈ ഹ്യൂമനോയിഡ് റോബോട്ടിന് 'T800' എന്ന് പേരിട്ടിരിക്കുന്നത്. മിക്സഡ് മാർഷൽ ആർട്സ് ശൈലിയിലുള്ള അതിവേഗ പഞ്ച് കോമ്പിനേഷനുകൾ, റൗണ്ട് ഹൗസ് കിക്കുകൾ എന്നിവ ചെയ്യാൻ പ്രാപ്തിയുള്ള അത്യാധുനിക മോട്ടോറുകളും എൽഗോരിതങ്ങളുമാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
'അൾട്ടിമേറ്റ് റോബോട്ട് നോക്ക്-ഔട്ട് ലെജൻഡ്' (URKL)
ലോകത്തിലെ ആദ്യത്തെ വാണിജ്യ ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-സ്റ്റൈൽ ഫൈറ്റിംഗ് ലീഗാണ് URKL. 10 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം പ്രമുഖ സർവകലാശാലകളും കമ്പനികളും പങ്കെടുത്ത പ്രാഥമിക റൗണ്ടുകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട 32 ഫൈനലിസ്റ്റ് ടീമുകളാണ് ഇപ്പോൾ ഷെൻഷെനിൽ ഏറ്റുമുട്ടുന്നത്. എല്ലാ ടീമുകൾക്കും എഞ്ചിൻഎഐയുടെ T800 പ്ലാറ്റ്‌ഫോം തന്നെയാണ് നൽകിയിരിക്കുന്നത്. റോബോട്ടിന്റെ സോഫ്റ്റ്‌വെയർ കോഡിംഗ്, ചലന നിയന്ത്രണം, കൃത്യമായ തീരുമാനമെടുക്കൽ, കസ്റ്റം ആർമർ ഡിസൈൻ എന്നിവയിലെ പ്രാവീണ്യം അളന്നാണ് വിജയികളെ കണ്ടെത്തുന്നത്. ഈ വർഷം അവസാനം വരെ നീളുന്ന ഈ മെഗാ ടൂർണമെന്റിലെ ജേതാക്കൾക്ക് 10 മില്യൺ യുവാൻ (ഏകദേശം 12 കോടിയോളം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സുവർണ്ണ ചാമ്പ്യൻഷിപ്പ് ബെൽറ്റാണ് സമ്മാനമായി ലഭിക്കുക.
