
കോളേജ് വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ച സംഭവത്തിൽ മുതിർന്ന പ്രൊഫസർക്കെതിരെ ക്രിമിനൽ കേസ് ചുമത്തി യുഎസ് പോലീസ്. മിനസോട്ടയിലെ സെന്‍റ് പോളിലുള്ള പ്രശസ്തമായ മെകാലെസ്റ്റർ കോളേജിലെ ബയോളജി പ്രൊഫസർ പോൾ ഫിഷറിനെതിരെയണ് 'ഫസ്റ്റ് ഡിഗ്രി പ്രോപ്പർട്ടി ഡാമേജ്' കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് കോളേജ് അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിനിടെ ഇയാൾ ജോലിയിൽ നിന്ന് രാജിവെച്ചിരുന്നു.
2025 ഡിസംബർ 5 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജിലെ ഒലിൻ-റൈസ് സയൻസ് സെന്‍ററിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർഥിനി തന്‍റെ ബാഗും സാധനങ്ങളും അവിടെ വെച്ച് ഏകദേശം 6 മിനിറ്റോളം മാറിനിന്നിരുന്നു. തിരിച്ചെത്തിയപ്പോൾ ബാഗിൽ മൂത്രമൊഴിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസമയത്ത് താൻ നിൽക്കുന്ന ഭാഗത്ത് പ്രൊഫസർ ഫിഷർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, അതിനാൽ ഇയാളാണ് ഇതിന് പിന്നിലെന്നും വ്യക്തമാക്കിക്കൊണ്ട് വിദ്യാർഥിനി കാമ്പസ് സുരക്ഷാ വിഭാഗത്തിന് പരാതി നൽകി. ബാഗിനും അതിലുണ്ടായിരുന്ന സാധനങ്ങൾക്കും കൂടി ഏകദേശം 2,000 ഡോളറിന്‍റെ (ഏകദേശം 1.6 ലക്ഷത്തോളം രൂപ) നാശനഷ്ടം സംഭവിച്ചതായും വിദ്യാർഥിനി ആരോപിച്ചു.
Macalester College professor charged with damaging a student's backpack with urine (his own); he claims he developed an innocent habit of peeing in cups for 1-2 years, and some spilled... https://t.co/8jQGktqvmM
— Frederick Melo, Reporter/Axolotl (@FrederickMelo) October 9, 2026
സംഭവത്തിന് പിന്നാലെ ശാസ്ത്ര വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മുൻപും സമാനരീതിയിൽ ദുരൂഹ സാഹചര്യത്തിൽ മൂത്രം കണ്ടെത്തിയതായി കോളേജ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്‍റ് പോലീസിനെ അറിയിച്ചു. ചവറ്റുകുട്ടകൾ, വിദ്യാർഥികളുടെയും ജീവനക്കാരുടെയും കുടിവെള്ള ബോട്ടിലുകൾ, മറ്റ് അധ്യാപകരുടെ മുറികളിലെ അലങ്കാര വസ്തുക്കൾ എന്നിവയ്ക്കുള്ളിൽ മൂത്രം കണ്ടെന്ന ആറോളം മുൻ പരാതികളും നിലവിലുണ്ടായിരുന്നു.
പോലീസ് ചോദ്യം ചെയ്തപ്പോൾ തന്‍റെ വിചിത്രമായ ശീലത്തെക്കുറിച്ച് ഫിഷർ തുറന്നുപറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി കപ്പുകളിൽ മൂത്രമൊഴിച്ച ശേഷം അത് കാമ്പസിലെ ചവറ്റുകുട്ടകളിലോ ലാബ് സിങ്കുകളിലോ ഒഴിച്ചുകളയുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. ഓഫീസ് മുറിക്ക് പുറത്തുള്ള ചവറ്റുകുട്ടയിലേക്ക് കപ്പിലെ മൂത്രം ഒഴിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വിദ്യാർഥിനിയുടെ ബാഗിലേക്ക് വീണതാകാമെന്നാണ് ഇയാൾ പോലീസിന് നൽകിയ വിശദീകരണം.
25 വർഷത്തിലേറെയായി ഈ കോളേജിൽ സേവനമനുഷ്ഠിച്ച അധ്യാപകനാണ് പോൾ ഫിഷർ. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രൊഫസർക്ക് പരമാവധി അഞ്ച് വർഷം വരെ തടവും 10,000 ഡോളർ (ഏകദേശം 8.4 ലക്ഷത്തിലധികം രൂപ) പിഴയും ലഭിച്ചേക്കാം. നവംബർ ആദ്യവാരം ഇയാൾ കോടതിയിൽ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.