
റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ സിസിടിവി ക്യാമറയിലൂടെ കണ്ടെത്തി ലൗഡ് സ്പീക്കറിൽ പരസ്യമായി മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ സെക്ടർ ബീറ്റാ-1 -ലാണ് സംഭവം. മാലിന്യം എടുത്തുമാറ്റിയില്ലെങ്കിൽ പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ ഇയാൾ തിരികെയെത്തി വലിച്ചെറിഞ്ഞ മാലിന്യം എടുത്തുകൊണ്ടുപോയി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഒക്ടോബർ 9 -ന് രാത്രി 10.15 ഓടെയാണ് സംഭവം നടന്നതെന്ന് സെക്ടർ ബീറ്റാ-1 റെസിഡന്‍റ്സ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) പറയുന്നു. കൈയിൽ ഒരു കുട്ടിയുമായി എത്തിയയാൾ റോഡരികിലെ മതിലിനോട് ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മാലിന്യം ഉപേക്ഷിച്ചശേഷം ഇയാൾ അവിടെനിന്ന് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ലൗഡ് സ്പീക്കറിലൂടെ മുന്നറിയിപ്പെത്തിയത്.
Greater Noida: बीटा-1 में सड़क पर कूड़ा फेंकते ही कैमरे में कैद हुआ शख्स।
माइक पर अनाउंसमेंट हुआ, "भाई, कूड़ा क्यों फेंका? उठाओ भाई!" 😅
अनाउंसमेंट सुनकर शख्स भौचक्का रह गया और इधर-उधर देखने लगा।
आखिरकार फेंका हुआ कूड़ा उठाया।
अब घर ले गया या सही जगह फेंका, ये पता नहीं! 😂👏 https://t.co/9CiX1DdLG1
— Greater Noida West (@GreaterNoidaW) October 10, 2026
സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് പബ്ലിക് അനൗൺസ്‌മെന്‍റ് സംവിധാനം ഉപയോഗിച്ച് ഇയാളോട് മാലിന്യം എടുത്തുമാറ്റാൻ ആവശ്യപ്പെട്ടത്. പെട്ടെന്ന് കേട്ട ശബ്ദത്തിൽ അമ്പരന്ന ഇയാൾ ചുറ്റും നോക്കി ശബ്ദം എവിടെനിന്നാണ് വരുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. പിന്നാലെ മറ്റൊരു മുന്നറിയിപ്പ് കൂടി വന്നു. മാലിന്യം നീക്കിയില്ലെങ്കിൽ പിറ്റേന്ന് രാവിലെ പിഴ ചുമത്തുമെന്നായിരു അത്. ഇതോടെ ഇയാൾ തിരികെയെത്തി താൻ വലിച്ചെറിഞ്ഞ മാലിന്യം എടുത്ത് അവിടെ നിന്നും പോയി. എന്നാൽ, കൊണ്ട് പോയു മാലിന്യം എവിടെ നിക്ഷേപിച്ചുവെന്ന കാര്യം വ്യക്തമല്ല.
പ്രദേശത്തെ പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ആർഡബ്ല്യുഎ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിലും മതിലുകൾക്ക് സമീപവും മാലിന്യം നിക്ഷേപിക്കുന്നവരെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. സിസിടിവി ക്യാമറകൾക്കൊപ്പം പബ്ലിക് അനൗൺസ്‌മെന്‍റ് സംവിധാനവും ഉപയോഗിക്കുന്നത് നിയമലംഘനം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇടപെടാൻ സഹായിക്കുന്നു. വീഡിയോ വൈറലായതോടെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു. അതേസമയം സമ്പന്നരുടെ വാസസ്ഥലങ്ങളിൽ മാത്രമല്ല, എല്ലായിടത്തും ഇത്തരം നിരീക്ഷണം ശക്തമാക്കണമെന്ന നിർദ്ദേശവുമെത്തി.