ബെൽജിയത്തിലിരുന്ന് കാതറിൻ ചോദിക്കുന്നു, എന്റെ കുടുംബത്തെ കണ്ടെത്താൻ സഹായിക്കാമോ?

Published : Jun 03, 2022, 03:26 PM IST
ബെൽജിയത്തിലിരുന്ന് കാതറിൻ ചോദിക്കുന്നു, എന്റെ കുടുംബത്തെ കണ്ടെത്താൻ സഹായിക്കാമോ?

Synopsis

കാതറിൻ തന്റെ കുടുംബത്തെ എങ്ങനെയെങ്കിലും കണ്ടെത്താൻ കാത്തിരിക്കുകയാണ്. ആർക്കെങ്കിലും സഹായിക്കാൻ കഴിഞ്ഞാൽ അത് വളരെവളരെ അധികം സന്തോഷം തരുമെന്ന് സിൻഡി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

1980 -ൽ തിരുവനന്തപുരത്ത് ജനിച്ച ഒരു കുഞ്ഞ്. അവളിന്ന് നാൽപത്തിരണ്ടുകാരിയായി കേരളത്തിൽ നിന്നും വളരെ വളരെ അകലെയാണ്. അവളെ ദത്തെടുത്തത് ബെൽജിയത്തിലെ ഒരു കുടുംബം. ഇന്ന്, ബെൽജിയത്തിലെ ആന്റ്‌വെർപ് ന​ഗരത്തിലിരുന്ന് കാതറിൻ കേരളത്തിലുള്ള തന്റെ വേര് കണ്ടെത്താനുള്ള ശ്രമത്തിലാണ്. കാതറിന് വേണ്ടി സുഹൃത്ത് സിൻഡി കലൂവേയാണ് 'ട്രിവാൻഡ്രം ഹാപ്പനിങ്' എന്ന ഫേസ്ബുക്ക് ​ഗ്രൂപ്പിൽ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഒരു വയസുള്ള കാതറിന്റെ ചിത്രവും അവളെ നോക്കിയിരുന്നവരുടെ ചിത്രങ്ങളും കാതറിൻ നൽകിയിട്ടുണ്ട്. 

സിൻഡി എഴുതിയിരിക്കുന്നത് ഇങ്ങനെ: ഇത് ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കാം. എങ്കിലും നാം ശ്രമിക്കാതിരിക്കരുതല്ലോ. കാതറിൻ ജനിച്ചത് 1980 -ൽ കേരളത്തിലെ തിരുവനന്തപുരത്താണ്. ഒരു വയസുള്ളപ്പോൾ അവളെ ദത്തെടുക്കുകയും അവൾ ബെൽജിയത്തിലെത്തുകയും ചെയ്‍തു. അവളുടെ പേപ്പറുകളിൽ ആകെയുള്ള കുടുംബത്തെ കുറിച്ചുള്ള വിവരം അവളുടെ അമ്മയുടെ പേര് സരള എന്നാണ് എന്നുമാത്രമാണ്. ആരാണ് അവളുടെ അച്ഛനെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും അതിലില്ല. അവളുടെ കുടുംബത്തെ കുറിച്ചുള്ള എന്തെങ്കിലും വിവരം ആർക്കെങ്കിലും തന്ന് നമ്മെ സഹായിക്കാനാകുമോ? കാതറിൻ ഒരു ഡിഎൻഎ ടെസ്റ്റും നടത്തിയിട്ടുണ്ട്. അതിൽ വളരെ വളരെ അകന്ന ഒരു ബന്ധത്തിൽ ഒരു ഉണ്ണികൃഷ്ണൻ ഉണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. കാതറിന്റെ കുടുംബത്തെ സഹായിക്കാൻ ആരെങ്കിലും സഹായിക്കുമോ? കാതറിന്റെയും അവളുണ്ടായിരുന്ന അനാഥാലയത്തിന്റെയും നാനിയുടെയും ചിത്രവും കൂടി ഇതോടൊപ്പം വയ്ക്കുന്നു.  

കാതറിന്‍

കാതറിൻ തന്റെ കുടുംബത്തെ എങ്ങനെയെങ്കിലും കണ്ടെത്താൻ കാത്തിരിക്കുകയാണ്. ആർക്കെങ്കിലും സഹായിക്കാൻ കഴിഞ്ഞാൽ അത് വളരെവളരെ അധികം സന്തോഷം തരുമെന്ന് സിൻഡി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മാമോദീസയുടെ പേപ്പറുകളിൽ പറയുന്നത്, ഹോളി ഏഞ്ചൽസ് കോൺവെന്റിന്റെ പേരാണ്. മരുതങ്കുഴി എന്നും സ്ഥലം പറയുന്നുണ്ട്. അമ്മയുടെ പേര് സരള എന്നാണ് എന്നും ​ഗോഡ്‍ഫാദറിന്റെ പേര് മാത്യു എന്നും ​ഗോഡ്‍മദറിന്റെ പേര് മേരി എന്നും നൽകിയിട്ടുണ്ട്. ഫാദർ അലോഷ്യസ് ആണ് മാമോദീസ ചടങ്ങിന് നേതൃത്വം നൽകിയിരിക്കുന്നത്. കാതറിന് ഇപ്പോൾ 42 വയസായി എന്നും തങ്ങൾ ഒരു ശുഭവാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും സിൻഡി പറയുന്നു. 

 

PREV
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും