സ്ഥലത്തെ മുഴുവന്‍ സിസിടിവി ക്യാമറകളും കവര്‍ന്ന് മോഷ്ടാക്കള്‍, വടി പിടിച്ച് പൊലീസ്!

By Web TeamFirst Published Aug 20, 2022, 2:04 PM IST
Highlights

 ഇവിടത്തെ ചോക്ലേറ്റ് ഗോഡൗണില്‍ നടന്ന മോഷണത്തില്‍ കള്ളന്മാര്‍ പോലീസിനും നല്ല എട്ടിന്റെ പണി കൊടുത്തിട്ടാണ് കടന്നുകളഞ്ഞത്. 

'മോഷ്ടിച്ചോ, പക്ഷേ മോഷ്ടിക്കുമ്പോള്‍ ഒരു മയത്തിലൊക്കെ വേണ്ടേ' എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ലക്‌നൗവിലെ പോലീസ്. ഇവിടത്തെ ചോക്ലേറ്റ് ഗോഡൗണില്‍ നടന്ന മോഷണത്തില്‍ കള്ളന്മാര്‍ പോലീസിനും നല്ല എട്ടിന്റെ പണി കൊടുത്തിട്ടാണ് കടന്നുകളഞ്ഞത്. 

സംഭവം ഇങ്ങനെയാണ്: 

ലക്‌നൗവിലെ ചിന്‍ഹട്ട് ഏരിയയില്‍ കഴിഞ്ഞ ദിവസം ഒരു മോഷണം നടന്നു. മോഷണം എന്നു പറയുമ്പോള്‍ സ്വര്‍ണ്ണവും പണവും ഒന്നുമല്ല കള്ളന്മാര്‍ എടുത്തുകൊണ്ടു പോയത്. പിന്നെ എന്താണെന്നല്ലേ? നല്ല ഒന്നാന്തരം ചോക്ലേറ്റ് ആണ് അവര്‍ അടിച്ചുമാറ്റിയത്. അതും കുറച്ചൊന്നുമല്ല, അടപടലം അടിച്ചുമാറ്റി എന്നു വേണം  പറയാന്‍. 

കാഡ്ബറീസ് ചോക്ലേറ്റിന്റെ ലക്‌നൗവിലെ വിതരണക്കാരനാണ് രാജേന്ദ്ര സിംഗ്. ചീന്‍ഹട്ട് ഏരിയയിലെ ഗോമതി നഗറിലെ ഒരു പഴയ വീടാണ് രാജേന്ദ്ര സിംഗ് തന്റെ ഗോഡൗണ്‍ ആയി ഉപയോഗിച്ചിരുന്നത്. പുതിയ വീട് പണിത് താമസം അങ്ങോട്ട് മാറ്റിയപ്പോള്‍ തന്റെ പഴയ വീട് അദ്ദേഹം ഗോഡൗണ്‍ ആക്കി മാറ്റുകയായിരുന്നു. അന്ന് പുതിയ സ്റ്റോക്ക് വന്നിട്ട് അധിക ദിവസം ആയിരുന്നില്ല. ലക്‌നൗവിലെ ചില്ലറ വ്യാപാരികള്‍ക്ക് വിതരണം ചെയ്യാനുള്ള ചോക്ലേറ്റ് ആയിരുന്നു അത്.  17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ആയിരുന്നു ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. പതിവുപോലെ അന്നും സ്റ്റോക്ക് ചെക്ക്  ചെയ്ത് ഗോഡൗണ്‍ പൂട്ടി താക്കോലുമായി രാജേന്ദ്ര സിംഗ് വീട്ടിലേക്ക് മടങ്ങി.

പിറ്റേന്ന് പുലര്‍ച്ചെ ഗോഡൗണിന് സമീപത്തെ താമസക്കാരുടെ ഫോണ്‍ കോള്‍ കേട്ടാണ് രാജേന്ദ്ര സിംഗ് ഉണര്‍ന്നത്. ''ഗോഡൗണിന്റെ വാതില്‍ ആരോ തകര്‍ത്തിട്ടിരിക്കുന്നു. അകത്തു കയറി നോക്കിയപ്പോള്‍ ഒന്നും കാണുന്നില്ല''- ഇങ്ങനെയായിരുന്നു ഫോണ്‍ സന്ദേശം. 

രാജേന്ദ്ര സിംഗ് ഗോഡൗണിലേക്ക് കുതിച്ചു. ഗോഡൗണിനുള്ളില്‍ കയറി നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി. അവിടെ ഒരു ചോക്ലേറ്റ് ബാറുപോലും അവശേഷിച്ചിരുന്നില്ല.മാത്രമല്ല സിസിടിവി ക്യാമറകളും കമ്പ്യൂട്ടറുകളും അടക്കം കള്ളന്മാര്‍ എടുത്തു കൊണ്ടു പോയി. തലേന്ന് രാത്രി ഗോഡൗണിലേക്ക് വാഹനങ്ങള്‍ വരുന്നതിന്റെ ശബ്ദം അയല്‍വാസികള്‍ കേട്ടിരുന്നു. പക്ഷെ ഗോഡൗണില്‍ ലോഡ് ഇറക്കാന്‍ വന്നതായിരിക്കും എന്ന് കരുതി അവര്‍ ശ്രദ്ധിച്ചില്ല. ട്രക്കുകളിലാണ് കള്ളന്മാര്‍ ചോക്ലേറ്റ് കടത്തിക്കൊണ്ടു പോയത്.  

ഏതായാലും കള്ളന്മാര്‍ അത്ര നിസ്സാരക്കാരല്ല. ഗോഡൗണിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന മുഴുവന്‍ സിസിടിവി ക്യാമറകളും ഉള്ളിലെ കമ്പ്യൂട്ടറുകളുമടക്കം എടുത്തുകൊണ്ടാണ് പോയിരിക്കുന്നത്.
രാജേന്ദ്ര സിംഗ് പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ പോലീസിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഇനി കള്ളന്മാരെ പിടികൂടാന്‍ അവശേഷിക്കുന്ന ഏകമാര്‍ഗ്ഗം ഫാക്ടറിയിലേക്കുള്ള റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയാണ്. ആ ക്യാമറ പരിശോധിച്ചു കള്ളന്മാരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

പാവം രാജേന്ദ്ര സിംഗ് റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും ഒരു സിസിടിവി ക്യാമറയിലെങ്കിലും തന്റെ ചോക്ലേറ്റ് ഫാക്ടറി കാലിയാക്കിയ കള്ളന്മാരുടെ മുഖം  പതിഞ്ഞിട്ടുണ്ടാകണേ എന്ന പ്രാര്‍ത്ഥനയില്‍ ആണ് ഇപ്പോള്‍ .

click me!