'സെലിബ്രിറ്റി നായ'യെ മോഷ്ടിച്ച് കൊന്ന് തിന്നു: മാംസ വ്യാപാരത്തിനെതിരെ ചൈനയിൽ ജനരോഷം

Published : Jun 04, 2026, 07:34 PM IST
Chinese Celebrity dog Chutou

Synopsis

ചൈനയിലെ പ്രശസ്ത സെലിബ്രിറ്റി നായയായ 'ചുതൗ'വിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. ട്രാവൽ ഇൻഫ്ലുവൻസറായ ഗുവോയുടെ നായയെ വെറും 180 യുവാന് ഒരു നായയിറച്ചി റസ്റ്റോറന്‍റിൽ വിൽക്കുകയായിരുന്നു. ഈ ദാരുണ സംഭവം ചൈനയിലെ വളർത്തുമൃഗ സംരക്ഷണ നിയമങ്ങളുടെ പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്നു.

 

ക്ഷക്കണക്കിന് ആരാധകരുള്ള ‘ചുതൗ’ എന്ന സെലിബ്രിറ്റി നായയെ മോഷ്ടിച്ച് കശാപ്പ് ചെയ്ത സംഭവം ചൈനയിൽ വലിയ ജനരോഷത്തിന് കാരണമായി. ചൈനയിലെ വളർത്തു മൃഗസംരക്ഷണ നിയമങ്ങളിലെ പോരായ്മകളെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കാണ് ഈ ദാരുണ സംഭവം വീണ്ടും വഴിതുറന്നിരിക്കുന്നത്. ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള പ്രശസ്ത ട്രാവൽ ഇൻഫ്ലുവൻസറായ ഗുവോയുടെ എട്ടുവയസ്സുള്ള ‘ബോർഡർ കോളി’ ഇനത്തിൽപ്പെട്ട നായയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ 15 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ചുതൗ, മഞ്ഞുമലകളും മരുഭൂമികളും താണ്ടിയുള്ള ഗുവോയുടെ നീണ്ട യാത്രകളിലെ സ്ഥിരം പങ്കാളിയായിരുന്നു.

മോഷ്ടിച്ച് കൊണ്ട് പോയി മാംസത്തിന് വിറ്റു

കഴിഞ്ഞ മെയ് 11 -ന് ഗുവോ വിദേശയാത്രയിലായിരുന്ന സമയത്താണ് സംഭവം. മാതാപിതാക്കളുടെ കൂടെ നാട്ടിലായിരുന്ന നായയെ കൃഷിയിടത്തിൽ നിന്ന് കാണാതാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിൽ അപരിചിതരായ ഒരു സ്ത്രീയും പുരുഷനും ചേർന്ന് നായയെ ഇലക്ട്രിക് സ്കൂട്ടറിൽ കടത്തിക്കൊണ്ട് പോകുന്നത് കണ്ടെത്തി. വിവരമറിഞ്ഞ് ഗുവോ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് ചൈനയിൽ തിരിച്ചെത്തുകയും നായയെ കണ്ടെത്താൻ വലിയ തുക പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മോഷ്ടാക്കൾ ചുതൗവിനെ വെറും 180 യുവാന് (ഏകദേശം 2,200 ഇന്ത്യൻ രൂപ) ഒരു നായയിറച്ചി റസ്റ്റോറന്‍റിൽ വിൽക്കുകയും അവർ അതിനെ കൊന്നു തിന്നുകയും ചെയ്തിരുന്നു. കുറ്റം ചെയ്ത പ്രതികളാകട്ടെ യാതൊരുവിധ ഖേദവും പ്രകടിപ്പിച്ചതുമില്ല.

 

 

വിചിത്രമായ നിയമങ്ങൾ

തകർന്നുപോയ ഗുവോ പോലീസിൽ പരാതി നൽകിയെങ്കിലും ചൈനയിലെ നിയമങ്ങൾ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പര്യാപ്തമല്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ് നിയമപ്രകാരം മോഷ്ടിക്കപ്പെട്ട വസ്തുവിന് 2,000 യുവാനിൽ (ഏകദേശം 24,000 രൂപ) കൂടുതൽ വിപണി മൂല്യമുണ്ടെങ്കിൽ മാത്രമേ ക്രിമിനൽ കേസെടുക്കാൻ സാധിക്കൂ. ചുതൗവിന്‍റെ വിപണി മൂല്യം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം. എന്നാൽ, വളർത്തുമൃഗങ്ങളെ വെറും ‘സ്വത്ത്’ ആയി മാത്രം കണക്കാക്കുന്ന സിവിൽ നിയമങ്ങളാണ് ചൈനയിലുള്ളത്. ഈ സംഭവം ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായി. ചൈനയിൽ നായയിറച്ചി കഴിക്കുന്നത് രാജ്യവ്യാപകമായി നിരോധിച്ചിട്ടില്ലെങ്കിലും, പലയിടങ്ങളിലും ഇപ്പോഴും നായ ഇറച്ചി വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഷെൻഷെൻ പോലുള്ള ചില നഗരങ്ങളിൽ നായയിറച്ചി നിരോധിച്ചിട്ടുണ്ടെങ്കിലും, ചില തെക്കൻ പ്രവിശ്യകളിൽ ഇപ്പോഴും ഇത് തുടരുന്നതിനെതിരെ മൃഗസ്‌നേഹികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.

 

PREV
Read more Articles on
click me!

Recommended Stories

'2.5 ലക്ഷം ശമ്പളമെങ്കിലും ശൂന്യത മാത്രം, പഴയ 25,000 രൂപക്കാരനായിരുന്നു കൂടുതൽ സന്തോഷവാൻ'; യുവാവിന്‍റെ കുറിപ്പ് വൈറൽ
വലിയ ന​ഗരത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നതിനേക്കാൾ ലാഭം നാട്ടിലെ ചെറിയ ശമ്പളം; പോസ്റ്റുമായി യുവാവ്