
വലിയ താരങ്ങളാണെങ്കിലും പ്രശസ്തിയുടെ പരിവേഷം കൂട്ടിന് ഇല്ലാത്തവര്‍ ആണെങ്കിലും അസുഖം എപ്പോഴും ദുരിതമാണ്. പക്ഷേ സമീപനം ആ ദുരിതത്തിന്റെ പെടാപാട് കുറക്കും. പോസിറ്റീവ് മനോഭാവത്തോടെ നേരിട്ട് പൊരുതി വേണം മുന്നേറാന്‍. താരപ്പകിട്ടിന് അപ്പുറം താരങ്ങളുടെ മുന്നോട്ടു പോകല്‍ നമുക്ക് നല്‍കുന്ന പോസിറ്റീവ് സന്ദേശം അതാണ്. വര്‍ഷങ്ങള്‍ക്ക് മുന്പ് തോപ്പില്‍ ഭാസി എഴുതിയതു പോലെ രോഗം ഒരു കുറ്റമല്ല.
തെന്നിന്ത്യയിലെ ജനപ്രിയ താരമായ സാമന്ത റൂത്ത് പ്രഭു മയോസൈറ്റിസ് രോഗവുമായുള്ള പോരാട്ടത്തിലാണ് എന്ന് തുറന്നു പറഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകരും സിനിമാലോകവും. ശരീരത്തിലെ പേശികളെ ബാധിക്കുന്ന, നീര്‍ക്കെട്ട് ഉണ്ടാക്കുന്ന രോഗമാണിത്. രോഗപ്രതിരോധശേഷി വ്യവസ്ഥയിലെ തകരാറു കാരണം ഒരു ലക്ഷം പേരില്‍ നാലു മുതല്‍ 22 പേര്‍ക്ക് വരാവുന്ന രോഗമാണിത്.
സാമന്ത ചികിത്സയിലാണ്. ബോളിവുഡിലെ മസില്‍ ഖാന്‍ സല്‍മാന്‍ ഖാന് നാഡീരോഗമായ ട്രൈജെമിനല്‍ ന്യൂറെല്‍ജിയ ആണ്. മുഖത്തെ പേശികളെ ബാധിക്കുന്ന ഈ രോഗം ബാധിക്കുന്നവര്‍ക്ക് ഗുരുതരമായ വേദനയാണ് അനുഭവിക്കേണ്ടി വരിക. ശസ്ത്രക്രിയക്ക് പുറമെ മരുന്നുകള്‍ ഒപ്പം കൊണ്ടു നടന്നാണ് സല്‍മാന്‍ ഖാന്‍ അഭിനയം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഹോളിവുഡിലും രോഗബാധയില്‍ കീഴടങ്ങാത്ത താരങ്ങളുടെ നീണ്ട നിരയുണ്ട്. സെലേന ഗോമസിന് ലൂപസ് എന്ന രോഗമാണ്. സാമന്തയെ ബാധിച്ചിരിക്കുന്ന മയോസൈറ്റിസ് പോലെ ലൂപസും രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാറാണ്. സ്വന്തം രോഗപ്രതിരോധ സംവിധാനത്തെ ആണ് രോഗാണു ബാധിക്കുന്നത്. അസുഖത്തെ കുറിച്ചും അസുഖം ഒപ്പം കൊണ്ടു വരുന്ന നിരാശയും ആശങ്കകളും എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട് സെലേന. കൃത്യമായ മരുന്നില്ലാത്ത, എല്ലാല്‍ രോഗലക്ഷണങ്ങളുടെ പരിപാലനത്തിലൂടെ സ്വസ്ഥത കിട്ടുന്ന അസുഖമാണിത്. തുറന്ന മനസ്സോടെയുള്ള സമീപനമാണ് രോഗവുമായുള്ള ഏറ്റുമുട്ടലില്‍ ഏറ്റവും ശക്തി നല്‍കുകയെന്ന് സെലേന പറയുന്നു.
മറ്റൊരു പ്രശസ്ത ഗായികക്കും ഉണ്ട് തലവേദനയായി കൂടെ കൊണ്ടു നടക്കേണ്ട അവസ്ഥയുള്ള രോഗം. ചെറുപ്രായത്തില്‍ തന്നെ ഗ്രാമിയും ഓസ്‌കറും ഒക്കെ നേടിയ ബില്ലി ഐലിഷിനുള്ളത് Tourette syndrome എന്ന രോഗമാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമാണ് ഇത്. ഏതെങ്കിലും ഒരു ശബ്ദമോ ഒരു ആക്ഷനോ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന അവസ്ഥയാണിത്. ചിലപ്പോള്‍ കണ്ണടച്ചു കൊണ്ടേയിരിക്കും, മറ്റ് ചിലപ്പോള്‍ തോളുകള്‍ വെറുതെ വെട്ടിക്കും. അതല്ലെങ്കില്‍ വെറുതെ ചില ചില്ലറ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കും. ബില്ലി പൊതുവെ ചെയ്യാറുള്ളത് ചെവി പിടിച്ചു തിരിക്കുക, പുരികം മേലോട്ട് വലിച്ചു പിടിക്കുക. പല്ലിറുമ്മുക, വെറുതെ കയ്യും കാലും നിവര്‍ത്തുക അങ്ങനെയൊക്കെയാണ്. ചിലപ്പോള്‍ സങ്കടവും ദേഷ്യവും ഒക്കെ വരുമെങ്കിലും വിട്ടുകളഞ്ഞ് സ്വയം പ്രതിരോധം ശീലിച്ചിരിക്കുകയാണെന്ന് പറയും ബില്ലി.
Ramsay Hunt syndrome എന്ന അസുഖം കാരണം സംഗീത പര്യടന പരിപാടി തന്നെ വേണ്ടെന്നു വെക്കേണ്ടി വന്ന താരമാണ് ജസ്റ്റിന്‍ ബീബര്‍. ചെവിക്കടുത്തായി മുഖപേശിയെ ബാധിക്കുന്ന രോഗമാണിത്. വേദനയുള്ള കുരുക്കള്‍ ആദ്യം പൊന്തി വരും. ഭയങ്കരമായ ചെവി വേദനയുണ്ടാകും. മുഖം കോടാനും കേള്‍വിശക്തി പോകാനും ഒക്കെ ഇടയാക്കുന്ന രോഗാവസ്ഥ. നീണ്ടുനില്‍ക്കുന്ന ചികിത്സാദിനങ്ങളാണ് ബീബറിന് മുന്നിലുള്ളത്.
ലേഡി ഗാഗക്ക് ഉള്ളത് ഫൈബ്രോമയേള്‍ജിയ എന്ന അസുഖമാണ്. അസഹ്യമായ പേശീവേദനയാണ് അസുഖം. ഉറങ്ങാന്‍ പറ്റാതെ വരിക,. ഭയങ്കര ക്ഷീണം ഇതൊക്കെ കൂടെയുണ്ടാകും. ഇത്രയും പറഞ്ഞത് ഗായകരുടെ കാര്യം.
താരങ്ങളിലുമുണ്ട് അസുഖക്കാര്‍. അടുത്ത കാലത്ത് ഏറ്റവും ചര്‍ച്ചയായ രോഗങ്ങളിലൊന്ന് അലോപെസ്യയും (alopecia) മറ്റൊന്ന് അഫേസ്യയും (aphasia) ആണ്. മുടി വല്ലാതെ കൊഴിയുന്ന അലോപെസ്യ കാരണം മൊട്ടയടിച്ച ജേഡ സ്മിത്തിനെ കളിയാക്കിയപ്പോഴാണ് ഭര്‍ത്താവ് വില്‍ സ്മിത്ത് ഓസ്‌കര്‍ വേദിയില്‍ കയറിച്ചെന്ന് അവതാരകന്‍ ക്രിസ് റോക്കിനെ ഒരെണ്ണം പൊട്ടിച്ചത്.
ഭാഷയും ആശയവിനിമയവും കൈകാര്യം ചെയ്യുന്ന തലച്ചോറിലെ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് അഫേസ്യ. ബ്രൂസ് വില്ലിസിന് ഈ രോഗമാണെന്നും ചിത്രീകരണസമയത്തെ ബുദ്ധിമുട്ടുകള്‍ കാരണം അദ്ദേഹം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കുടുംബം അറിയിച്ചത് അടുത്ത കാലത്താണ്.
വലിയ താരങ്ങളാണെങ്കിലും പ്രശസ്തിയുടെ പരിവേഷം കൂട്ടിന് ഇല്ലാത്തവര്‍ ആണെങ്കിലും അസുഖം എപ്പോഴും ദുരിതമാണ്. പക്ഷേ സമീപനം ആ ദുരിതത്തിന്റെ പെടാപാട് കുറക്കും. പോസിറ്റീവ് മനോഭാവത്തോടെ നേരിട്ട് പൊരുതി വേണം മുന്നേറാന്‍.
താരപ്പകിട്ടിന് അപ്പുറം താരങ്ങളുടെ മുന്നോട്ടു പോകല്‍ നമുക്ക് നല്‍കുന്ന പോസിറ്റീവ് സന്ദേശം അതാണ്. വര്‍ഷങ്ങള്‍ക്ക് മുന്പ് തോപ്പില്‍ ഭാസി എഴുതിയതു പോലെ രോഗം ഒരു കുറ്റമല്ല.