പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് സാമന്തയ്ക്ക് സൗഖ്യമാശംസിച്ച് രംഗത്തെത്തിയത്. ശ്രീയ സരണ്‍, ചിരഞ്ജീവി, അഖില്‍ അക്കിനേനി തുടങ്ങി ധാരാളം പേര്‍ സാമന്തയുടെ അസുഖവിവരം അറിഞ്ഞ് ഇവര്‍ക്ക് ധൈര്യം പകര്‍ന്നിരുന്നു. 

ഇക്കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ സിനിമാതാരം സാമന്ത റൂത്ത് പ്രഭു തന്‍റെ രോഗവിവരത്തെ കുറിച്ച് പരസ്യമായി പങ്കുവച്ചത്. ഇൻസ്റ്റഗ്രാം പേജിലൂടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 'മയോസൈറ്റിസ്' എന്ന രോഗം തന്നെ ബാധിച്ചിരിക്കുന്നുവെന്നും പ്രതീക്ഷിച്ചതിനെക്കാള്‍ സമയമെടുത്താണ് രോഗം ഭേദമാകുന്നതെന്നുമെല്ലാം സാമന്ത ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

ഇതിന് പിന്നാലെ പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് സാമന്തയ്ക്ക് സൗഖ്യമാശംസിച്ച് രംഗത്തെത്തിയത്. ശ്രീയ സരണ്‍, ചിരഞ്ജീവി, അഖില്‍ അക്കിനേനി തുടങ്ങി ധാരാളം പേര്‍ സാമന്തയുടെ അസുഖവിവരം അറിഞ്ഞ് ഇവര്‍ക്ക് ധൈര്യം പകര്‍ന്നിരുന്നു. 

View post on Instagram

പലരും 'മയോസൈറ്റിസ്' എന്ന രോഗത്തെ കുറിച്ച് കേട്ടിട്ടില്ല എന്നതുകൊണ്ട് തന്നെ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധാരാളം പേരാണ് അന്വേഷിക്കുന്നത്.

എന്താണ് 'മയോസൈറ്റിസ്'?

നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില പ്രശ്നങ്ങളെ തുടര്‍ന്ന് പേശികളെ ബാധിക്കുന്നൊരു രോഗമാണ് 'മയോസൈറ്റിസ്'. ഇത് പല വിധത്തിലുണ്ട്. ഏത് പ്രായക്കാരിലും ലിംഗ-ഭേദമെന്യേ ബാധിക്കാവുന്നൊരു രോഗമാണിത്. എന്നാല്‍ വളരെ സാധാരമായി കാണുന്ന ഒന്നെന്ന് പറയാനും സാധിക്കുകയില്ല. 

പേശികള്‍ ബാധിക്കപ്പെടുന്നു എന്ന് പറയുമ്പോള്‍ പ്രധാനമായും പേശികള്‍ക്ക് ബലക്കുറവ് നേരിടുകയാണ് ചെയ്യുന്നത്. നടക്കുമ്പോഴോ, കായികമായ കാര്യങ്ങളോ ചെയ്യുമ്പോഴോ ബുദ്ധിമുട്ട് നേരിടുക, ക്ഷീണം അനുഭവപ്പെടുക, ക്രമേണ ശരീരചലനങ്ങളെയും പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കുമെന്നതിനാല്‍ തന്നെ സമയബന്ധിതമായി ഇതിന് ചികിത്സ തേടേണ്ടതുണ്ട്.

'മയോസൈറ്റിസ്' ലക്ഷണങ്ങള്‍...

മുകളില്‍ സൂചിപ്പിച്ചത് പോലെ തന്നെ നിത്യജീവിതത്തില്‍ നാം നിസാരമായി ചെയ്തുപോരുന്ന പല കാര്യങ്ങളിലും പ്രയാസം അനുഭവപ്പെടാം. ഉദാഹരണ്തതിന് അല്‍പദൂരം നടക്കുക, നില്‍ക്കുക, കായികമായ കാര്യങ്ങള്‍ ചെയ്യുക. എന്നിവയിലെല്ലാം. തളര്‍ച്ച കൊണ്ട് ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയാതെ പോവുകയാണ് ചെയ്യുക. ഇതിനൊപ്പം തന്നെ പേശീവേദനയും അനുഭവപ്പെടാം. 

ചിലരില്‍ ചര്‍മ്മത്തിലും രോഗലക്ഷണങ്ങള്‍ കാണാം. തൊലിപ്പുറത്ത് ചുവന്ന നിറത്തില്‍ പാടുകള്‍, ഇതിന്മേല്‍ ചൊറിച്ചില്‍- വേദന എന്നിവയും അനുഭവപ്പെടാം. എല്ലാ ലക്ഷണങ്ങളിലും എല്ലാവരിലും ഒരുപോലെ പ്രകടമാകണമെന്നില്ല. എന്തായാലും ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. 

എത്രമാത്രം ഗൗരവമുള്ളതാണ് 'മയോസൈറ്റിസ്'?

സാമാന്യം ഗൗരവമുള്ളൊരു രോഗം തന്നെയാണിത്. കാരണം സമയബന്ധിതമായി ചികിത്സയെടുത്തില്ലെങ്കില്‍ രോഗി കിടപ്പിലാകാനോ മരണം വരെ സംഭവിക്കാനോ വരെ സാധ്യതയുള്ളൊരു രോഗം. പരിപൂര്‍ണമായി 'മയോസൈറ്റിസ്'ഭേദപ്പെടുത്തുക സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫലപ്രദമായി ഇതിനെ ചികിത്സിക്കാൻ സാധിക്കും. ആത്മവിശ്വാസത്തോടെ ചികിത്സയുമായി മുന്നോട്ട് പോയാല്‍ രോഗിക്ക് ഇതിനോട് പോരാടിക്കൊണ്ട് തന്നെ സാധാരണജീവിതം നയിക്കാൻ സാധിക്കും.

Also Read:- 'രോഗത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ കരഞ്ഞു'; അതിജീവന അനുഭവം പങ്കിട്ട് നടി മഹിമ